
ദുബായ് മാളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം നടൻ കൈലാഷ് ചുറ്റിക്കറങ്ങിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നിർമാതാവ് ജോളി ജോസഫ് രംഗത്ത്. എം.എൽ.എ ആയ രമേഷ് പിഷാരടിക്ക് തിരക്കായതിനാൽ മമ്മൂട്ടിയുടെ കൂടെ പകരം കൈലാഷ് എത്തിയതാണെന്ന തരത്തിലുള്ള ട്രോളുകൾക്കും കമന്റുകൾക്കും പിന്നിൽ യാതൊരു സത്യവുമില്ലെന്ന് ജോളി ജോസഫ് വ്യക്തമാക്കി. വർഷങ്ങളായുള്ള സൗഹൃദത്തിന്റെ പുറത്താണ് കൈലാഷ് മമ്മൂട്ടിക്കൊപ്പം എത്തിയതെന്നും, ആർക്കും പകരം പുതിയ ഒരാൾക്ക് ആ ടീമിൽ പെട്ടെന്ന് ഇടംനേടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായിൽ വെച്ച് മമ്മൂട്ടി വിളിച്ചറിഞ്ഞതിനെത്തുടർന്നാണ് കൈലാഷ് കാണാൻ എത്തിയതെന്നും ഇരുവരും തമ്മിലുള്ള സൗഹൃദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ജോളി ജോസഫ് ഓർമ്മിപ്പിച്ചു. ഏഴോ എട്ടോ സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആന്ധ്രയിലെ രാജമുന്ദ്രിയിലെ ലൊക്കേഷനിൽ അടക്കം കൈലാഷ്
മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്ന അനുഭവം അദ്ദേഹം പങ്കുവെച്ചു. ഒപ്പം, പ്രശസ്ത ട്രാവൽസ് ഉടമ ജാഫർ ഷെരീഫും ഇവരുടെ സംഘത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടി തന്റെ കൂടെയുള്ളവരെ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കാറുണ്ടെന്നും ജോളി ജോസഫ് വ്യക്തമാക്കി. ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി തുടങ്ങിയവരാണ് മമ്മൂട്ടിയുടെ കോർ ടീമിലുള്ളത്. സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും മിനിമം കോമൺസെൻസും ഉള്ളവരെയാണ് മമ്മൂട്ടിക്ക് ഒപ്പം കൂട്ടാൻ താൽപ്പര്യമെന്നും, അതോടൊപ്പം ആ വ്യക്തിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോളി ജോസഫിന്റെ വാക്കുകൾ:
പിഷു പോയപ്പോൾ കിഷു വന്നു?’ ഒന്ന് നിർത്തിക്കേ എന്റെ മക്കളേ…! ഇന്നലെ ദുബായിലെ ഒരു മാളിൽ മമ്മൂക്കയുടെ കൂടെ കൈലാഷ് നടന്നു. അവര്‍ ഷോപ്പിങ്ങിന് പോയതാണ് അത്രേയുള്ളൂ സംഭവം. അതിനാണോ ഈ ബഹളമെല്ലാം? ചെറുതും വലുതുമായ ഒരുപാട് ദൃശ്യമാധ്യമങ്ങൾ സംഗതി എടുത്ത് വൈറലാക്കിയിട്ടുണ്ട്. കമന്റ് ബോക്സിൽ പൂശിയിട്ടുണ്ട്. എന്റെ ഓർമയിൽ ഏഴോ എട്ടോ സിനിമകളിൽ അവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ബെന്നിച്ചേട്ടന്റെ (ബെന്നി പി. നായരമ്പലം) ഒരു പടത്തിൽ അവന്റെ കഥാപാത്രം മമ്മൂക്കയുടെ കഥാപാത്രത്തെ കൊല്ലുന്നു പോലുമുണ്ട് ! കൈലാഷ് ദുബായിലുണ്ടെന്നറിഞ്ഞ മമ്മൂക്ക ഒന്ന് വിളിച്ചുകാണും,അല്ലെങ്കിൽ മറിച്ച് ‘നിനക്കെന്താടാ ഇവിടെ പണി ? ടാ , വാടാ.’ കേട്ടപാതി കേൾക്കാത്തപാതി, കയ്യിലുള്ളതെല്ലാം ഇട്ടെറിഞ്ഞ് ചെക്കൻ ഓടിയെത്തി കൂടെ നടന്നു. ഇതായിരിക്കും നടന്നിട്ടുണ്ടാവുക. പിന്നെ കൂടെ നടക്കുന്ന മൂന്നാമനെ ശ്രദ്ധിച്ചോ? അവൻ ഞങ്ങളുടെ ചങ്കാണ്. ജാഫു എന്ന് ഞങ്ങൾ വിളിക്കുന്ന, ഒയാസിസ് ട്രാവൽസിന്റെ ഒറിജിനൽ മൊയ്‌ലാളി ജാഫർ ഷെരീഫ്. മമ്മൂക്കയെപ്പോലുള്ള സെലിബ്രിറ്റികളുടെ അവരുടെ കുടുംബാംഗങ്ങളുടെ, പിന്നെ എന്നെപ്പോലുള്ള സാധാരണക്കാരുടെയും യാത്രകൾ ഒരുപോലെ ഒരുക്കി കൊടുക്കുന്നവൻ ..!
മമ്മൂക്ക / കൈലാഷ് അന്തർധാര ഇന്നലെ തുടങ്ങിയതല്ല. വർഷങ്ങളായി അത് സജീവമാണ്. ആന്ധ്രയിലെ രാജമുന്ദ്രിയിൽ, ഒരു രഹസ്യ സങ്കേതത്തിൽ നടന്ന മമ്മൂക്ക/ധനുഷ് പടത്തിന്റെ ലൊക്കേഷനിലും ലവൻ ഹാജരുണ്ടായിരുന്നു. ഞാൻ സാക്ഷി…! അവർ രണ്ടുപേരുടെയും സംസാരം കേട്ടിരിക്കുന്നത് ഒരു ബാഡ്മിന്റൺ ഷട്ടിൽ മത്സരം കാണുന്നതുപോലെയാണ്. കൊണ്ടും കൊടുത്തും ചിരിച്ചും രസിച്ചും അങ്ങോട്ടും ഇങ്ങോട്ടുമടിച്ചും റാലി അങ്ങനെ നീളും. ഒടുവിൽ, അറിവുകളുടെ എവറസ്റ്റായ മമ്മൂക്കയുടെ ഒരൊറ്റ സ്മാഷ്. ലവൻ നിലംപരിശ് ! എന്നിട്ടും ചിരിച്ചുകൊണ്ട് പിന്നെയും മമ്മൂക്കയെ ‘മാന്താൻ’ നോക്കും, മമ്മൂക്ക അറിഞ്ഞുകൊണ്ട് സമ്മതിക്കും…! ഭയഭക്തിബഹുമാനങ്ങളോടെ പിന്നിൽ മാറിനിൽക്കുന്ന എന്നെപ്പോലുള്ളവർക്ക് ഇതിലും നല്ലൊരു ലൈവ് ഷോ വേറെയില്ല.
ഇനി ആ തലക്കെട്ടിലേക്ക്. മക്കളേ, ആ വെള്ളം അങ്ങ് മാറ്റി വയ്ക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് മമ്മൂക്കയെക്കുറിച്ച് ഒന്നുമറിയില്ല എന്നേ ഞാൻ പറയൂ . ജോർജ്, ആന്റോ ജോസഫ്, പിഷാരടി, പിന്നെ ആ ടീമിലെ മറ്റു പലരും കഴിഞ്ഞേ പുതിയൊരു മൊട്ടുസൂചിക്ക് പോലും അവിടെ ഇടമുള്ളൂ. മമ്മൂക്ക ഒരാളെ കൂടെ കൂട്ടണമെങ്കിൽ മൂന്ന് കാര്യങ്ങൾക്ക് നിർബന്ധം പിടിക്കും ‘സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം…അതൊന്നുമില്ലെങ്കിൽ മിനിമം ഒരു കോമൺസെൻസെങ്കിലും’. ഷാജി കൈലാഷ് / രഞ്ജി പണിക്കർ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് സിനിമയായ ‘ദി കിങി’ലെ ജോസഫ് അലക്സ് ഐഎഎസ്സിന്റെ, കാലത്തിനു മുൻപേ സഞ്ചരിച്ച ആ ഡയലോഗിന് കടപ്പാട് ! പിന്നെ, നിർബന്ധമില്ലാത്ത ചെറ്യേരു കാര്യം കൂടിയുണ്ട്, മമ്മൂക്കയ്ക്ക് കൂടേണ്ട ആളോട് ഒരൽപ്പം ഇഷ്ടം തോന്നണം…!