“നിങ്ങളുടെ സുഹൃത്ത് അല്ലേ മുഖ്യമന്ത്രിയായത്, പോയി അവരോട് ചോദിക്കു”: തലയ്‌ക്കെതിരെ ആരാധകർ

','

' ); } ?>

സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് കാർ റേസിങ് ട്രാക്കുകളിൽ സജീവമായ നടൻ അജിത് കുമാറിന് സോഷ്യൽ മീഡിയയിൽ ആരാധകരുടെ കടുത്ത വിമർശനം. പോർച്ചുഗലിൽ നടക്കുന്ന ‘മിച്ചലിൻ ലെ മാൻസ് കപ്പ്’ റേസിങ്ങിന് മുന്നോടിയായി ആരാധകരുടെ പിന്തുണ തേടി താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഒക്ടോബർ 9, 10 തീയതികളിലാണ് മത്സരം നടക്കുന്നത്.

താരത്തോടുള്ള അന്ധമായ ആരാധന അവസാനിപ്പിച്ച് സ്വന്തം കുടുംബത്തിനും ജോലിക്കും പ്രാധാന്യം നൽകാൻ അജിത് മുമ്പ് ആരാധകരെ ഉപദേശിച്ചിരുന്നു. ഈ നിലപാടാണ് ഇപ്പോൾ താരത്തിന് തന്നെ തിരിച്ചടിയായി മാറിയിരിക്കുന്നത്. തന്റെ റേസിങ് ടീമിന് പിന്തുണ ആവശ്യപ്പെട്ട് അജിത് എത്തിയപ്പോൾ, തങ്ങൾക്ക് കുടുംബവും ജോലിയും നോക്കാനുണ്ടെന്നും റേസിങ്ങിന് സമയമില്ലെന്നും പറഞ്ഞാണ് ആരാധകർ മറുപടി നൽകിയിരിക്കുന്നത്.

നിങ്ങളുടെ അഭിമാനത്തിന് വേണ്ടിയാണ് നിങ്ങൾ കാർ റേസ് ഓടിക്കുന്നതെന്നും അതിനാൽ ആരാധകരുടെ പിന്തുണ ആവശ്യമില്ലെന്നും ചിലർ തുറന്നടിക്കുന്നു. ആത്മാഭിമാനമുള്ള ആരാധകരെ ഒഴിവാക്കിയ ശേഷം പിന്തുണ ചോദിക്കുന്നതിൽ അർത്ഥമില്ലെന്നും, ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്.

‘ഹേയ്… നിങ്ങൾക്ക് ഞങ്ങളുടെ പിന്തുണ ആവശ്യമുണ്ടോ ? ക്ഷമിക്കണം… ആദ്യം ഞങ്ങൾ ഞങ്ങളുടെ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കട്ടെ. നിങ്ങൾ ഞങ്ങളുടെ നാട്ടിൽ വന്ന് കാർ റേസിൽ പങ്കെടുക്കൂ; ഞങ്ങൾ വന്ന് അത് കാണാം’.- എന്നാണ് അജിത്തിന്റെ വിഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്.

‘സോറി തലേ, സമയമില്ല.. ‍ഞങ്ങൾക്ക് കുടുംബം നോക്കണം’, ‘സോറി തലേ, സമയമില്ല… വേറെ പണിയുണ്ട്’, ‘അജിത് സാർ, എന്നോട് ക്ഷമിക്കണം; എനിക്ക് എന്റെ മാതാപിതാക്കളെയും കുടുംബത്തെയും നോക്കേണ്ടതുണ്ട്, ഒപ്പം ജോലിയും ശ്രദ്ധിക്കേണ്ടതുണ്ട്’, ‘ഇല്ല സാറേ, ഞങ്ങൾ ഞങ്ങളുടെ ജോലി നോക്കിക്കോളാം. നിങ്ങളുടെ അഭിമാനത്തിന് വേണ്ടി മാത്രമാണ് നിങ്ങൾ കാർ റേസ് ഓടിക്കുന്നത്. ഞങ്ങൾ മാറി. നിങ്ങൾ നിങ്ങളുടെ ജോലി നോക്കൂ’,

‘നിങ്ങളെ വിശ്വസിച്ച് എത്ര വർഷമായി ഞങ്ങൾ വഴി തെറ്റി ? മതി. ഇനി ഞങ്ങൾ ഞങ്ങളുടെ വഴിക്ക് പോകും. ഞങ്ങളെ ശല്യപ്പെടുത്തരുത്. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ’, ‘നോ ചാൻസ് തലേ… ഞങ്ങൾക്ക് ജോലിയുണ്ട് കുടുംബമുണ്ട്. നിങ്ങളുടെ സുഹൃത്ത് അല്ലേ മുഖ്യമന്ത്രിയായത്, പോയി അവരോട് ചോദിക്കു’,

‘ആരാധകരെ ഒഴിവാക്കുകയാണെങ്കിൽ പിന്നെ എന്തിനാണ് അവരുടെ പിന്തുണ ?’, ‘നിങ്ങൾ കാർ ഓടിക്കുകയോ റോക്കറ്റ് വിടുകയോ എന്ത് വേണമെങ്കിലും ചെയ്യ്… ഞങ്ങൾ സപ്പോർട്ട് ചെയ്യില്ല’, ‘ആത്മാഭിമാനം എന്നൊന്നുണ്ട് തലേ… അത് നിങ്ങളുടെ ആരാധകർക്കുമുണ്ട്..അത് മറക്കരുത്’. – എന്നൊക്കെയാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.