ഈ ആരോഗ്യ മന്ത്രി കേരളത്തിന്റെ വിളക്കേന്തിയ ഫ്ളോറന്‍സ് നൈറ്റിന്‍ഗേല്‍; പ്രിയദര്‍ശന്‍

ആരോഗ്യമന്ത്രി കെകെ ശൈലജയെ കേരളത്തിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേലെന്ന് വിശേഷിപ്പിച്ച് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍. ഫെയ്സ്ബുക്കില്‍ മന്ത്രിയുടെ ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധേയമായ നേതൃത്വം നല്‍കുന്ന പശ്ചാത്തലത്തിലാണ് പ്രിയദര്‍ശന്‍ മന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവാണ് ഫ്ളോറന്‍സ് നൈറ്റിന്‍ഗേല്‍. ബ്രിട്ടീഷ് സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്ഥിതിവിവര വിദഗ്ധയുമായാണ് ഇവര്‍ അറിയപ്പെടുന്നത്. ക്രിമിയന്‍ യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ പട്ടാളക്കാരെ പരിചരിച്ചും നഴ്സുമാര്‍ക്ക് പരിശീലനം നല്‍കിയുമാണ് ഫ്ളോറന്‍സ് നൈറ്റിന്‍ഗേല്‍ ശ്രദ്ധയാകര്‍ഷിച്ചത്. ദ ലേഡി വിത്ത് ദ ലാംപ് എന്ന വിശേഷണവും ഇവര്‍ക്കുണ്ട്. 1820 മെയ് 12 ജനിച്ച ഫ്ളോറന്‍സ് നൈറ്റിന്‍ഗേല്‍ 1910 ഓഗസ്റ്റ് 13 നാണ് ലോകത്തോട് വിടപറഞ്ഞത്.

പ്രിയദര്‍ശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്

ശ്രീമതി കെകെ ശൈലജ ടീച്ചര്‍, കേരളത്തിന്റെ ഫ്ളോറന്‍സ് നൈറ്റിന്‍ഗേല്‍. നിങ്ങളുടെ പ്രവര്‍ത്തനം നിരവധി പേര്‍ക്ക് പ്രചോദനമാണ് . നമ്മുടെ പൗരന്‍മാരെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള നിങ്ങളുടെ ശ്രമങ്ങള്‍ തീര്‍ത്തും അഭിനന്ദനാര്‍മാണ്.