പ്രിയപ്പെട്ട ശ്രീനിവാസന്‍, അബദ്ധധാരണകള്‍ക്ക് കുട പിടിക്കരുത്: ഡോക്ടറുടെ കുറിപ്പ്

കോവിഡിന് വിറ്റാമിന്‍ സി പ്രതിവിധിയാണെന്ന ഒരു ഡോക്ടറുടെ നിരീക്ഷണം ശ്രീനിവാസന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ നിജസ്ഥിതി അറിയില്ല എന്ന് അേേദ്ദഹം പറഞ്ഞെങ്കിലും ഇത്തരം അബദ്ധധാരണകള്‍ക്ക് ശ്രീനിവാസന്‍ കുട പിടിക്കരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഡോക്ടര്‍ ജിനേഷ് പി.എസ്. വക്കീലിന്മാരോട് ആരോഗ്യ വിഷയങ്ങള്‍ ചോദിക്കുന്നതും, നടനോട് ലോകകാര്യങ്ങള്‍ ചോദിക്കുന്നതും, ഡോക്ടറോട് മൂച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റിനെപ്പറ്റി ചോദിക്കുന്നതും പോലുള്ള പരിപാടികള്‍ നിയന്ത്രിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണമമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ..

പ്രിയപ്പെട്ട ശ്രീനിവാസന്‍ മനസ്സിലാക്കാന്‍ വേണ്ടി ഒരിക്കല്‍ കൂടി,

നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമത്തില്‍ വായിച്ചു. മരുന്നുകള്‍ കടലില്‍ എറിയണമെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്നും നിസ്സാര രോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ ചെറിയ പ്രയോജനം ചെയ്യുന്നു എന്ന് മാത്രമേ ഉള്ളൂ എന്നും നിങ്ങള്‍ പറഞ്ഞതായി വായിച്ചു.

എങ്കിലും ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി വലിയ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും ഇനിയും പോകുമെന്നും നിങ്ങള്‍ പറഞ്ഞതും വായിച്ചു. അത്രയെങ്കിലും സത്യസന്ധത കാണിച്ചതില്‍ സന്തോഷമുണ്ട്.

നിങ്ങളെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ ഒരു വര്‍ഷം മുന്‍പ് വന്നിരുന്നു. ഐസിയുവില്‍ വെച്ച് നിങ്ങള്‍ സിനിമയെക്കുറിച്ച് സംസാരിച്ചു എന്ന് വിനീത് പറയുന്ന വാര്‍ത്തപോലും വന്നിരുന്നു. നിസ്സാര രോഗത്തിന് നിങ്ങളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു, എന്നാണോ പറയുന്നത് ? ഒരു വ്യക്തിയുടെ രോഗാവസ്ഥ എന്തെന്ന് ചോദിക്കുന്നില്ല. അത് നിങ്ങളുടെ സ്വകാര്യമായ വിഷയം മാത്രമാണ്. നിങ്ങളുടെ സ്വകാര്യതയില്‍ കൈകടത്താന്‍ ഞാനാളല്ല. പക്ഷേ ആധുനിക വൈദ്യശാസ്ത്രം നിസ്സാര രോഗങ്ങള്‍ക്ക് മാത്രമേ ചികിത്സ തരുന്നുള്ളൂ എന്നൊക്കെ പറയുമ്പോള്‍ ഒന്ന് ഓര്‍മിപ്പിച്ചു എന്ന് മാത്രം.

ഏഷ്യാവില്‍ ന്യൂസില്‍ നിങ്ങള്‍ പറഞ്ഞതായി വന്ന വാര്‍ത്ത വായിച്ചു. ‘കോവിഡിന് വിറ്റാമിന്‍ സി പ്രതിവിധിയാണെന്ന ഒരു ഡോക്ടറുടെ നിരീക്ഷണം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അതിന്റെ നിജസ്ഥിതി അറിയില്ല.’ എന്ന് നിങ്ങള്‍ പറഞ്ഞതായാണ് വാര്‍ത്ത. ഇത് ശരിയാണെങ്കില്‍ നിജസ്ഥിതി അറിയില്ല എന്ന് പറയാന്‍ സത്യസന്ധത കാട്ടിയതിനെയും അഭിനന്ദിക്കുന്നു.

പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം വിദഗ്ധന്‍ എസ് എം അഷ്‌റഫിന്റെ പേരില്‍ പ്രചരിച്ച വ്യാജവാര്‍ത്തക്കെതിരെ അദ്ദേഹം തന്നെ കേസ് കൊടുത്തിരുന്നു എന്ന വാര്‍ത്ത വന്നിരുന്നു. അത് താങ്കള്‍ മനസ്സിലാക്കിയെങ്കില്‍ നല്ലത്.

പക്ഷേ നിങ്ങളെപ്പോലുള്ളവര്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന അബദ്ധങ്ങളുടെ ആഴം വളരെ വലുതാണ്. അതു കൊണ്ടുണ്ടാകുന്ന നഷ്ടങ്ങളും വളരെ വലുതായിരിക്കും. നിങ്ങള്‍ പറയുന്നത് വിശ്വസിച്ച് ജനങ്ങള്‍ നിയന്ത്രണങ്ങളും ശുചിത്വവും പാലിക്കാതിരുന്നാല്‍ വലിയ അപകടം ഉണ്ടാകും. അതുകൊണ്ട് ദയവു ചെയ്ത് അബദ്ധങ്ങള്‍ പറഞ്ഞ് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുത്.

ലോകത്ത് ആകെ പതിനാല് ലക്ഷത്തിലധികം പേരെ ബാധിച്ച് എണ്‍പതിനായിരത്തില്‍ കൂടുതല്‍ മരണങ്ങള്‍ ഇതുവരെ സൃഷ്ടിച്ച അസുഖമാണ് കോവിഡ്. നിങ്ങള്‍ വിമര്‍ശിക്കുന്ന പലരാജ്യങ്ങളിലെയും ഭരണാധിപന്മാരെയും ജനപ്രതിനിധികളെയും ഉന്നത ഉദ്യോഗസ്ഥന്‍മാരെയും അടക്കം ബാധിച്ച അസുഖമാണ്. ചിലര്‍ ഐസിയുവിലാണ്. ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന അയ്യായിരത്തിലധികം ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും അസുഖം ബാധിച്ചവരുടെ പട്ടികയില്‍പ്പെടുന്നു. ഇതില്‍ അമ്പതിലധികം പേര്‍ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. രോഗത്തെക്കുറിച്ച് സമൂഹത്തിന് ആദ്യമായി മുന്നറിയിപ്പ് നല്‍കിയ ഡോ ലീ വെന്‍ലയാങില്‍ തുടങ്ങുന്നു ആ പട്ടിക.

വാക്‌സിനും ആന്റിവൈറല്‍ മരുന്നിനുമായി ലോക രാജ്യങ്ങള്‍ എല്ലാം ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ലോകരാജ്യങ്ങളുടെ എല്ലാം സാമ്പത്തിക സന്തുലിതാവസ്ഥ തകര്‍ന്നു കൊണ്ടിരിക്കുന്നു.

ഇത്രയും മരണങ്ങള്‍ സൃഷ്ടിച്ച, കെടുതികള്‍ സൃഷ്ടിച്ച ഒരു അസുഖത്തെ തോല്‍പ്പിക്കാന്‍ വൈറ്റമിന്‍ സി മതിയെങ്കില്‍ ആരും അതിന് ശ്രമിക്കില്ല എന്നാണോ താങ്കള്‍ കരുതുന്നത് ?

നിങ്ങളുടെ തന്നെ ഒരു സിനിമയുണ്ട്, തലയണമന്ത്രം. സുകുമാരനും (ശ്രീനിവാസന്‍) കുഞ്ഞനന്തന്‍ മേസ്തിരിയും (മാമുക്കോയ) കാര്‍ ആക്‌സിഡന്റ് ആയി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ടി ജി ഡാനിയേല്‍ (ഇന്നസെന്റ്) ആശുപത്രി സന്ദര്‍ശിക്കുന്ന ഒരു രംഗമുണ്ട്. ആശുപത്രിയില്‍വെച്ച് ഡാനിയേലിനോടുള്ള കുഞ്ഞനന്തന്‍ മേസ്തിരിയുടെ പ്രതികരണം ഓര്‍മ്മയുണ്ടോ ? പ്രിയ ശ്രീനിവാസന്‍, ഞങ്ങള്‍ നിങ്ങളോട് അങ്ങനെ പ്രതികരിക്കില്ല.

ഇന്നലെ പറഞ്ഞത് തന്നെ. നിങ്ങള്‍ അഭ്രപാളികളില്‍ കോറിയിട്ട പല കഥാപാത്രങ്ങളിലും, കുറവുകള്‍ ഉള്ള പല കഥാപാത്രങ്ങളിലും എന്നെ തന്നെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സൂപ്പര്‍ താരങ്ങള്‍ അവതരിപ്പിച്ച അഭ്രപാളികളിലെ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളൊന്നും മനുഷ്യ ജീവിതത്തോട് അടുത്ത് നില്‍ക്കുന്നില്ല. പക്ഷേ, ഭയവും സങ്കടവും അപകര്‍ഷതാബോധവും സ്റ്റേജ് ഫൈറ്റും നിരാശയും അബദ്ധങ്ങളും നിറഞ്ഞ സാധാരണ മനുഷ്യ ജീവിതം വരച്ചുകാട്ടിയത് നിങ്ങളാണ്. അതുകൊണ്ടുതന്നെ മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ താങ്കള്‍ തന്നെ. നിങ്ങളെ പോലെ ഒരാള്‍ ദയവുചെയ്ത് അബദ്ധധാരണകള്‍ക്ക് കുട പിടിക്കരുത്.

അതുപോലെ മാധ്യമങ്ങളോട് ഒരഭ്യര്‍ത്ഥന കൂടി,

വക്കീലിന്മാരോട് ആരോഗ്യ വിഷയങ്ങള്‍ ചോദിക്കുന്നതും നടനോട് ലോകകാര്യങ്ങള്‍ ചോദിക്കുന്നതും ഡോക്ടറോട് മൂച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റിനെപ്പറ്റി ചോദിക്കുന്നതും പോലുള്ള പരിപാടികള്‍ നിയന്ത്രിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം.

ജനങ്ങളോട് ഒരു വാക്ക് കൂടി,

ശ്രീനിവാസന്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഉള്ള വ്യത്യാസം മനസ്സിലാക്കണം, ഇരട്ടത്താപ്പ് മനസ്സിലാക്കണം. ദയവുചെയ്ത് നിയന്ത്രണങ്ങള്‍ പാലിക്കണം. വ്യക്തിഗത ശുചിത്വം എപ്പോഴും ഓര്‍മ്മ ഉണ്ടാവണം.