ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു…? സസ്‌പെന്‍സ് ഒളിപ്പിച്ച് പൃഥ്വി

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു…പൃഥ്വിരാജ് ഫേസ്ബുക്കിലിട്ട പോസ്റ്റര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. കയ്യില്‍ എരിയുന്ന ചുരുട്ട്, കുരിശ് അങ്ങനെ അധോലോകത്തിന്റെ പശ്ചാതലമുള്ള പോസ്റ്ററാണ് പൃഥ്വി പങ്കുവെച്ചത്. ഇത് കണ്ട് ആരാധകരെല്ലാം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നത് ഇന്ദുചൂഢന്‍ ആണോ എന്ന സംശയം കമന്റിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. മുംബൈ പോലീസ്, മെമ്മറീസ് തുടങ്ങീ നിരവധി ചിത്രങ്ങളുടെ സെക്കന്റ് പാര്‍ട്ട് ആണോ എന്ന് ചോദിക്കുന്നവരുമുണ്ട്. ഷാജി കൈലാസും അതേ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സിംഹാസനമാണ് ഷാജി കൈലാസ് അവസാനമായി ചെയ്ത പൃഥ്വി ചിത്രം. അതേ സമയം ആറ് വര്‍ഷം ഇടവേളയുള്ളതിനാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയാകില്ലെന്ന കണക്ക് കൂട്ടലിലാണ് ആരാധകര്‍. ആകാംക്ഷയ്ക്ക് നാളെ രാവിലെ പത്ത് മണിയോടെ വിരാമമാകും. ചിത്രത്തിന്റെ പ്രഖ്യാപനം പൃഥ്വിയുടെ പിറന്നാള്‍ ദിനമായ നാളെ നടക്കും.