”പടച്ചോന്‍ ഉണ്ട് ട്ടാ”.. സ്വന്തം കമ്പനിയുടെ ബാനറില്‍ ആദ്യ ചിത്രവുമായി ഷെയ്ന്‍..

വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ആദ്യ സ്റ്റേജ് അരങ്ങേറ്റത്തിന്റെ വീഡിയോയുമായി ഷെയ്ന്‍ നിഗം ആരാധകര്‍ക്കിടയില്‍ തരംഗമാവുമ്പോള്‍ തന്റെ ആദ്യ നിര്‍മ്മാണ സംരംഭവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. പെട്രിക്കോര്‍ ഫിലിംസ് എന്ന് പേരിട്ട തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ താന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റും താരം ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയിരിക്കുകയാണ്. കൊയിലാണ്ടി ബ്ലൂസ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ രചനസഹായി കൂടിയായ സിദ്ധാര്‍ത്ഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം വേനല്‍ അവധിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നും ഷെയ്ന്‍ അറിയിച്ചിട്ടുണ്ട്. ഷെയ്ന്‍ ഹബീബാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ഉല്ലാസത്തിന്റെ തിരക്കുകളിലാണ് ഷെയ്ന്‍. കഴിഞ്ഞ ദിവസം സലാലയില്‍ വെച്ച് ഷെയ്ന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ താരം നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഷെയ്ന്‍ പണ്ട് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോള്‍ പാടിയ അതേ പാട്ട് തന്നെയാണ് പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ താരത്തിന് ഡാന്‍സ് ചെയ്യാനായി നല്‍കിയത്. എന്നാല്‍ പണി കൊടുത്തവര്‍ക്ക് തന്നെ ഒരു കിടിലന്‍ നൃത്തം സമ്മാനിച്ച് ഷെയ്ന്‍ സ്റ്റാറാവുകയായിരുന്നു.