സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി ബിഗില്‍.. ആരാധകര്‍ക്കെത്തുന്നത് 3 മണിക്കൂര്‍ നീണ്ട ആറ്റ്‌ലി ഷോ..!

ആറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ബിഗിലിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ദീപാവലി ദിനത്തില്‍ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. 2 മണിക്കൂര്‍ 58 മിനുറ്റ് ദൈര്‍ഘ്യമാണ് സെന്‍സര്‍ കോപ്പിക്ക് ഉള്ളത്. ശനിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര്‍ ആഗോള ട്രെന്‍ഡിംഗായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. 2.5 കോടിക്ക് മുകളില്‍ ആളുകള്‍ ട്രെയ്ലര്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും അധികം ലൈക്ക് ചെയ്യപ്പെടുന്ന ട്രെയ്ലറായും ബിഗില്‍ മാറിയിട്ടുണ്ട്. 20 ലക്ഷത്തോളം പേരാണ് ട്രെയ്ലറിന് ലൈക്കടിച്ചിട്ടുള്ളത്.

വിജയ് അഭിനയിക്കുന്ന ആദ്യ സ്പോര്‍ട്സ് ഡ്രാമ എന്ന നിലയില്‍ ഇതിനകം ശ്രദ്ധേയമായ ചിത്രത്തില്‍ മൈക്കിള്‍ എന്ന ഫുട്ബോള്‍ കോച്ചിന്റെ വേഷത്തിലും അച്ഛന്‍ വേഷത്തിലും വിജയ് എത്തുന്നു. ബോളിവുഡ് താരം ഷാറൂഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ കതിര്‍ ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. ജാക്കി ഷ്റോഫ്, വിവേക്, മലയാളി താരം റീബ മോണിക്ക, ഐഎം വിജയന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.