പതിനെട്ടാംപടിയില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം പതിനെട്ടാംപടിയില്‍ അതിഥിതാരമായി പൃഥ്വിരാജും. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിലെ രണ്ട് ദിവസങ്ങളിലാണ് പൃഥ്വിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. മമ്മൂട്ടിയും അതിഥിതാരമാണ് ചിത്രത്തില്‍. പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്‌.

15 തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കളുണ്ട് പതിനെട്ടാം പടിയില്‍. അപേക്ഷ അയച്ച 18,000 പേരില്‍ നിന്ന് ഓഡിഷന്‍ വഴിയാണ് 65 പേരെ തെരഞ്ഞെടുത്തത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വതി എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.

തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം. എ.ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കെച്ച കെംപക്‌ഡെ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. ജൂണ്‍ അവസാനം ചിത്രം തിയേറ്ററുകളിലെത്തിയേക്കും.