YOUTH ICON ഗണപതി

https://youtu.be/8t69Dmlw3wA

ഗണപതിയെന്ന കലാകാരനെക്കുറിച്ച് പറയുമ്പോള്‍ എല്ലാ മലയാളികളുടെയും മനസ്സില്‍ ഓടിയെത്തുന്ന ഒരു രംഗമുണ്ട്. വിനോദയാത്രയില്‍ ”പാലും പഴവും കൈകളിലേന്തി…” എന്ന ഗാനം വിടാതെ ആലപിച്ച് പ്രേക്ഷകരെ ചിരിപ്പിച്ച ആ രംഗം. ആ കൊച്ചുപയ്യന്‍ ഇന്ന് മലയാളത്തിലെ യുവനിരയ്‌ക്കൊപ്പം ഒരു നിറസാന്നിധ്യമായി മാറിയിരിക്കുകയാണ്. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആദ്യ ചിത്രത്തില്‍ ബാലതാരമായെത്തിയ ഗണപതിക്ക് അന്ന് പ്രേക്ഷകരുടെ ശ്രദ്ധ നേടാനായില്ലെങ്കിലും പിന്നീട് മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം പ്രാഞ്ചിയേട്ടന്റെ പോളിയായെത്തി ഗണപതി തനിക്ക് അര്‍ഹമായ സാന്നിധ്യം നേടിയെടുത്തു. പിന്നീടങ്ങോട്ട് ലോലിപോപ്, ചങ്ക്‌സ്, ഹണീ ബീ 2, മല്ലു സിങ്ങ്, കമ്മട്ടിപ്പാടം തുടങ്ങി മലയാളത്തിലെ എല്ലാ യുവനായകന്മാരുടെയും ചിത്രങ്ങളിലും ഏറ്റവും ഒടുവില്‍ കാളിദാസ് ജയറാമിനൊപ്പവും ഈ പ്രതിഭ വെള്ളിത്തിരയുടെ ഭാഗമായി. സംവിധായകന്‍ ടി.വി. ചന്ദ്രന്റെ അസോസിയേറ്റ് ആയിരുന്ന സതീഷ് പൊതുവാളിന്റെ മകനാണ് ഗണപതി. ചേട്ടന്‍ ചിദംബരം രാജീവ് രവിയുടെ ക്യാമറ അസിസ്റ്റന്റും അസിസ്റ്റന്റ് ഡയറക്ടറുമാണ്. വലുതും ചെറുതുമായ തന്റെ പതിനൊന്ന് വര്‍ഷത്തെ സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും യുവനടന്‍ ഗണപതി സെല്ലുലോയ്ഡിനോട് സംസാരിക്കുന്നു.

. മിസ്റ്റര്‍ ആന്റ് മിസ്സ് റൗഡി?

.കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ഞാന്‍, വിഷ്ണു ഗോവിന്ദന്‍, ഷിബിന്‍ ബെന്‍സണ്‍, ശരത് സബ.. അങ്ങനെ ഒരു പറ്റം യൂത്ത്. ജിത്തു സാറിന്റെ മൂവി, ടോട്ടല്‍ ഫണ്‍. ഔട്ട് ആന്‍ഡ് ഔട്ട് എന്റര്‍ടെയ്‌നര്‍. ആളുകള്‍ക്ക് ഇഷ്ടമായി. അതിന്റെ ഷൂട്ട് കഴിഞ്ഞ ഒക്ടോബറിലാണ് കഴിഞ്ഞത്. വളരെ രസകരമായ ഒരു ഷൂട്ടായിരുന്നു. അതിലെ ആസിഫ് അബൂബക്കര്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ ചെയ്തത്. ത്രൂ ഔട്ട് ഒരഞ്ചംഗ ക്വട്ടേന്‍ സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അങ്ങനെ അഞ്ച് പാവപ്പെട്ട ചെറുപ്പക്കാരുടെ വീട്ടിലെ ഗതികേട്. പല പല പണികളൊക്ക ചെയ്യുന്നവര്‍. അതൊക്കെ ഒരു ഹ്യൂമര്‍ ട്രാക്കിലൂടെ പറഞ്ഞ് പോകുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി.

. ഈയൊരു കൂട്ടായ്മയുടെ എക്‌സ്പ്പീരിയന്‍സ്?

.ആദ്യം ജീത്തു സാര്‍ വിളിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു ത്രില്ലര്‍ സ്വഭാവമുള്ള ഒരു മൂവിയില്‍ എന്തെങ്കിലും ഒരു ക്യാരക്ടര്‍ അവതരിപ്പിക്കാനായിരിക്കും എന്നാണ്. അവിടെ ചെന്ന് സ്‌ക്രിപ്റ്റ് കേട്ടതിന് ശേഷമാണ് ത്രൂ ഔട്ട് ഒരു ഫാമിലി പാക്ക്ഡ് ആയ ചിത്രമാണെന്ന് മനസ്സിലായത്. പിന്നെ ക്യാമറമാന്‍ സതീഷ് കുറുപ്പേട്ടന്‍.., സതീഷേട്ടനോടൊപ്പം ഞാന്‍ പടയോട്ടം ചെയ്ത് കഴിഞ്ഞ് കുറച്ച് കഴിയുമ്പോള്‍ തന്നെയാണ് ഈ കോള്‍ വരുന്നത്. അത് കൊണ്ട് തന്നെ മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും നമ്മള്‍ ഭയങ്കര ജെല്ലായി. പിന്നെ സാറായാലും ലാലേട്ടനേയും രാജുവേട്ടനെയും പോലുള്ളവരോടൊപ്പം വലിയ ഹിറ്റുകളൊക്കെ കഴിഞ്ഞ് നമ്മളോടൊപ്പം വരുകയായിരുന്നു. അപ്പോള്‍ എന്തായിരിക്കും നമ്മുടെ കെമിസ്ട്രി എന്നുള്ള ഒരു വലിയ ആശങ്കയുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞപ്പോഴേക്കും സാര്‍ വളരെ ഫ്രീയായിരുന്നു. ആ ഒരു ഫ്രീഡം ഞങ്ങളുടെ ക്യാരക്ടേഴ്‌സിനെ ഒരു പരിധിവരെ കൊണ്ടുപോകാനും എക്‌സ്‌പ്ലോര്‍ ചെയ്യാനും സാധ്യതകള്‍ ഉണ്ടാക്കാനും സഹായിച്ചിട്ടുണ്ട്. ആ ഒരു കെമിസ്ട്രി ഉള്ളില്‍ പെട്ടെന്ന് വര്‍ക്കൗട്ടായി. 40 ഡേയ്‌സ് ഒരുമിച്ച് ഒരു ഹോസ്റ്റലില്‍ കഴിയുന്നതുപോലെ.. ഹോസ്റ്റലിലെ വാര്‍ഡനായി സാറും നല്ല രസമുള്ള ഒരു എക്‌സ്പ്പീരിയന്‍സായിരുന്നു.

. ചൈല്‍ഡ് ആക്ടറില്‍ നിന്നും മുതിര്‍ന്ന താരമായപ്പോള്‍ സ്വയം പുതുക്കി പണിയേണ്ടി വന്നിട്ടുണ്ടോ..?

.ഇല്ല, ബേസിക്കലി ഈ ചൈല്‍ഡ് ആക്ടറില്‍ നിന്ന് ഒരാര്‍ട്ടിസ്റ്റായി ആള്‍ക്കാര്‍ അംഗീകരിക്കുന്ന ഒരു പിരീഡ് ഉണ്ട്. അത് ഓവര്‍കം ചെയ്യാന്‍ പറ്റുക എന്നുള്ളത് നല്ലൊരു കാര്യമാണ്. ദൈവം സഹായിച്ച് എന്റെ പെര്‍ഫോമന്‍സ് ആള്‍ക്കാര്‍ ഇഷ്ടപ്പെട്ടതുകൊണ്ടും അങ്ങനെയുള്ള നല്ല ആള്‍ക്കാര്‍ എനിക്ക് അവസരം തന്നതുകൊണ്ടുമാണ്. കാരണം കുറേ കൊല്ലം കഷ്ടപ്പെട്ടാണ് മാസ്റ്റര്‍ ഗണപതി എന്നുള്ള പേരില്‍ നിന്നും മാസ്റ്റര്‍ പോയത്. ഇപ്പോഴും കുഴപ്പമില്ലാത്ത പ്രൊജ്ക്ട്‌സ് ആള്‍ക്കാര്‍ വിളിച്ച് തരുന്നത് വലിയ കാര്യമാണ്. പിന്നെ ഓരോ സിനിമയും ഓരോ എക്‌സ്പ്പീരിയന്‍സാണ്. പിന്നെ ആള്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് അഭിപ്രായങ്ങള്‍ മാറുന്നു. എല്ലാം ഓരോ ലേര്‍ണിങ്ങ് പ്രോസസ് ആണെന്നാണ് ഞാന്‍ കരുതുന്നത്. അത് നമ്മളെങ്ങനെ ഉള്‍ക്കൊള്ളും അല്ലെങ്കില്‍ നമ്മുടെ ഔട്ടെങ്ങനെ എന്നതിന് അനുസരിച്ചിരിക്കും. അത്രേയുള്ളു.

. ഇനിയുള്ള ചിത്രങ്ങള്‍…?

.ഗോകുല്‍ സുരേഷിനൊപ്പം ഒരു ചിത്രം ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞിട്ടൊരു ഓണ്‍ പ്രൊജക്ട് അതായത് എന്റെ ബ്രദറുമായിട്ടുള്ള ഒരു പ്രൊജക്ട് ഇങ്ങനെ ഡിസ്‌കഷന്‍ നടക്കുകയാണ്..

. കുടുംബവും സിനിമയുമായുള്ള ബന്ധത്തെ കുറിച്ച്?

.ഫാദര്‍ ടി വി ചന്ദ്രന്‍ സാറിന്റെ അസോസിയേറ്റായിരുന്നു. ജയചന്ദ്രന്‍ സാറിന്റെ കൂടെയുണ്ടായിരുന്നു. കോ ഡയറക്ടറായിരുന്നു. പിന്നെ മലബാര്‍ മാന്വല്‍ ഡോക്യുമെന്ററീസൊക്കെ പുള്ളിയാണ് ചെയ്തിട്ടുള്ളത്. ബ്രദര്‍ രാജീവേട്ടന്റെ കൂടെ എഡി ആയിരുന്നു, ക്യാമറ അസിസ്റ്റന്റുമായിരുന്നു. ജയരാജ് സാറിന്റെയും കെ ഉമ്മര്‍ സാറിന്റെയും കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്.

. സഹോദരന്‍ ഇന്‍ഡിപ്പെന്റന്റായി ഒരു ഡയറക്ടറാവുകയാണോ?

.അതെ അങ്ങനെ ഒരു ശ്രമം നടക്കുന്നുണ്ട് (ചിരിക്കുന്നു). അതിനെക്കുറിച്ച് നമ്മളിപ്പോള്‍ റിവീല്‍ ചെയ്യുന്നില്ല എന്ന് വിചാരിക്കുന്നു. ആ പ്രൊജക്ട് ഇക്കൊല്ലം തന്നെ ഷൂട്ടിങ്ങ് തുടങ്ങാന്‍ ആലോചിക്കുകയാണ്.

. അടുത്തിടെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും സംതൃപ്തി തോന്നിയ വേഷം?

.എല്ലാ കഥാപാത്രങ്ങളും ഞാന്‍ എന്‍ജോയ് ചെയ്യാറുണ്ട്. ഈ അടുത്ത് ചെയ്ത വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന കഥാപാത്രത്തിന് എനിക്ക് കുറച്ച് നല്ല റിവ്യൂസ് ലഭിച്ചിരുന്നു. കുറച്ച് പക്വതയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പൊട്ടെന്‍ഷ്യലുണ്ടെന്ന പറഞ്ഞ് മാതൃഭൂമിയിലൊക്കെ വന്നിരുന്നു. പിന്നെ പല കോളുകളും ലഭിച്ചു. പെര്‍ഫോമന്‍സ് നന്നായിരുന്നു എന്നൊക്കെ പറഞ്ഞ്. അതൊക്കെ ഒരു കോണ്‍ഫിഡന്‍സാണ് (പുഞ്ചിരിക്കുന്നു)

. പുതിയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കുറച്ച് കൂടി സെലക്ടീവാകാം എന്നുള്ള ആലോചനകളുണ്ടോ?

.ഇല്ല. എനിക്കങ്ങനെയുള്ള ആലോചനകളില്ല. നമ്മള്‍ ചെയ്യാത്ത കഥാപാത്രങ്ങളെല്ലാം തന്നെ ഒരു ചലഞ്ചോ അല്ലെങ്കില്‍ ഒരു ഡ്രീമോ ആണ്. കാരണം ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ലഭിക്കുമ്പോള്‍ അത് അവതരിപ്പിക്കാനുള്ള ഒരു താല്‍പ്പര്യവും മനസ്സും എനിക്കുണ്ട്. അതിപ്പോള്‍ ഇന്ന ക്യാരക്ടര്‍ വേണം എന്നെനിക്ക് നിര്‍ബന്ധമില്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ച എന്റെ ഫ്യൂച്ചര്‍ പ്രൊജക്ടില്‍ ഞാനിതുവരെ എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മുമ്പ് ഞാന്‍ അവതരിപ്പിക്കാത്ത ഏതൊരു കഥാപാത്രത്തെയും നല്ല ഒരു വേഷമാണെങ്കില്‍ ഞാന്‍ അവതരിപ്പിക്കും. അത് നായകന്‍, വില്ലന്‍ അങ്ങനെയൊന്നുമില്ല.

. ഓരോ സിനിമയും ഓരോ സ്‌കൂള്‍ ആണെന്നാണ് പറയാറ്. എങ്ങനെയുണ്ടായിരുന്നു ജിത്തു സാറിന്റെ സ്‌കൂള്‍?

.ഞാന്‍ കുറച്ച് കാലത്തിന് ശേഷം എനിക്ക് വളരെ ഫ്രീയായി ഷൂട്ട് ചെയ്‌തൊരു ലൊക്കേഷനായിരുന്നു. കാരണം ഞാന്‍ നേരത്തെ പറഞ്ഞത്‌പോലെ വളരെ പേടിയൊക്കെയായാണ് അങ്ങോട്ട് പോയത്. പക്ഷെ അവിടെച്ചെന്നപ്പോഴേക്കും സാറൊക്കെ വളരെ കമ്പനിയോടെ ” എന്നാടാ ഉവ്വേ..?”എന്നൊക്കെ ചോദിച്ചുകൊണ്ട് എന്നോട് വളരെ ഫ്രീയായി സംസാരിക്കുകയായിരുന്നു. നമ്മളെല്ലാവരും റൗഡികളും ഹോസ്റ്റല്‍ വാര്‍ഡനായ സാറുമെല്ലാം ഒരേ ഹോട്ടലില്‍ തന്നെയായിരുന്നു. ചില ദിവസങ്ങളില്‍ ഒക്കെ ഞങ്ങള്‍ ഒരുമിച്ച് കൂടുമായിരുന്നു. സാര്‍ വളരെ ഫ്രീയായാണ് ഞങ്ങളില്‍ ഒരുവന്‍ എന്ന രീതിയിലായിരുന്നു സാറിന്റെ സംഭാഷണവും അപ്‌റോച്ചുമെല്ലാം. അതുപോലെ സതീഷ് കുറുപ്പ്, ചേട്ടന്‍ എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു വ്യക്തിയാണ്. വളരെ ഇന്നസെന്റായ ഒരാളാണ്. സതീഷേട്ടനൊപ്പം എനിക്ക് വര്‍ക്ക് ചെയ്ത് പരിചയമുണ്ട്. അപ്പോള്‍ ഞാന്‍ വളരെ കൂളായിരുന്നു സെറ്റിലൊക്കെ. നമുക്കാവശ്യമായ ഒരു ഫ്രീഡം സെറ്റിലെപ്പോഴുമുണ്ടായിരുന്നു. പല സീനുകൡലും അതിന്റെ ഒരു പ്രത്യേകത ചിത്രത്തില്‍ കാണാന്‍ പറ്റും.

. എന്താണ് ജിത്തു സാര്‍ എന്ന സംവിധായകന്റെ മാജിക് ആയി തോന്നിയത്?

.ജിത്തു സാര്‍ എന്ന സംവിധായകന് എല്ലാ പ്രായക്കാരുടെ കൂടെ ഇടപഴകാനും അവരില്‍ നിന്ന് അവരുടെ ക്വാളിറ്റീസ് പഠിച്ചെടുക്കാനും അത് സ്വന്തം വര്‍ക്കിലേക്ക് കൊണ്ടു വരാനുമുള്ള ഒരു ഭയങ്കരമായ ബുദ്ധിയുണ്ട്. അതെനിക്ക് ഭയങ്കരമായി ഫീല്‍ ചെയ്തിട്ടുണ്ട്. നമ്മള്‍ ഷൂട്ടിങ്ങ് ചെയ്യുന്ന സമയത്തൊക്കെ പുള്ളി പറയാറുണ്ട്. ”എനിക്ക് ഈ പുതിയ പിള്ളേരുടെ പരിപാടിയൊന്നും അറിയില്ല അതൊക്കെ എനിക്കൊന്ന് പഠിക്കണം”
എന്ന്. ആ കെമിസ്ട്രിയൊക്കെ അദ്ദേഹത്തിന് അത് നമ്മുടെ കയ്യില്‍ നിന്നും യൂട്ടിലൈസ് ചെയ്യണം എന്നുണ്ട്. അത് അദ്ദേഹം തന്റെ സിനിമയില്‍ നല്ലതുപോലെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോഴാണ് അതിന്റെ വിജയം. ആ ഒരു പ്രത്യേക ചാം സാറിനുണ്ട്.

. സിനിമാ ജീവിതത്തിലെ കുടുംബത്തിന്റെ സപ്പോര്‍ട്ട്?

.ഫാമിലിയെന്നും സപ്പോര്‍ട്ടിങ്ങാണ്. കാരണം എല്ലാവരും സിനിമ കണ്ട് വളര്‍ന്ന അല്ലെങ്കില്‍ സിനിമ അറിയുന്ന വീട്ടിലാണ്. അതുകൊണ്ട് തന്നെയാണ് എനിക്ക് ഈ പതിനഞ്ച് വര്‍ഷം സിനിമയില്‍ നില്‍ക്കാനുള്ള അവസരം തന്നതും, എനിക്കത് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിക്കുന്നതും. തുടങ്ങിയിട്ടേ ഉള്ളൂ ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യുക തന്നെ.

. ഇപ്പോള്‍ സിനിമാ മേഖലയിലേക്ക് ഒരുപാടുപേര്‍ വരുന്നുണ്ട്. എന്താണ് അവര്‍ക്ക് നല്‍കാനുള്ള ഉപദേശം?

.അയ്യോ ഞാനങ്ങനെ ഉപദേശിക്കാന്‍ ഒന്നും ആളായിട്ടില്ല ( ചിരിക്കുന്നു). നമ്മള്‍ ചെയ്യുന്ന പരിപാടി എന്തായാലും അതില്‍ ഹാപ്പിയായിരിക്കുക.. കാരണം നമ്മള്‍ എപ്പോഴും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോഴേ നമുക്ക് നമ്മുടെ മേഖലയില്‍ ഒരു അറ്റെന്‍ഷന്‍ കിട്ടുകയുള്ളൂ. അതില്‍ ഒരു സുഖം കണ്ടെത്തി കഴിഞ്ഞാലേ അതില്‍ വര്‍ക്ക് ചെയ്യാനും സാധിക്കുകയുള്ളൂ. അല്ലാതെ മറ്റ് ഭയങ്കരമായ ടിപ്‌സൊന്നും എന്റെ കയ്യിലില്ല.

. സിനിമയല്ലാതെ മറ്റെന്തെങ്കിലും ഹോബികളുണ്ടോ?

.ഫ്രണ്ട്‌സ് തന്നെയാണ് എന്റെ ഏറ്റവും വലിയ ഹോബി. പിന്നെ ഫുട്‌ബോള്‍ നല്ല രീതിയില്‍ ഫോളോ ചെയ്യും. പ്ലെയറല്ല പക്ഷെ ഇടക്ക് കളിക്കാന്‍ പോകാറുണ്ട്. പിന്നെ ഇതൊക്കെ തന്നെ. നെറ്റ് ഫഌക്‌സ്, പടങ്ങള്‍ കാണുക, ട്രാവല്‍ ചെയ്യുക, അങ്ങനെയൊക്കെ.

. പുതിയ ചിത്രീകരണ രീതികള്‍…സിങ്ക് സൗണ്ട്?

.ഞാന്‍ ചെയ്ത ആദ്യ പടം സിങ്ക് സൗണ്ടാണ്. ബിഫോര്‍ ദ റെയ്ന്‍സ് എന്നാണ് പടത്തിന്റെ പേര്.. അത് ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ്. സന്തോഷ് ശിവന്‍ സാറാണ് ചിത്രം ഒരുക്കിയത്. ഒരു ഹോളിവുഡ് പ്രൊഡക്ഷനായിരുന്നു അത്. അതിന് ശേഷമാണ് ശരിക്കും ഞാന്‍ വിനോദയാത്ര ചെയ്തത്.

. ഡയറക്ഷന്‍, എഴുത്ത് അങ്ങനെയെന്തെങ്കിലുമൊക്കെ?

.ഏയ് അങ്ങനെയൊന്നുമില്ല. പിന്നെ ബ്രദറിന്റെ ഒപ്പം ഒരു ഫീച്ചര്‍ ഫിലിമിന് അസിസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് വേണ്ടി സിക്കിമിലൊക്കെ പോയി. ഭാഷയൊക്കെ പഠിച്ചു. അത് ചെയ്തത് ഒരു അസിസ്റ്റന്റ് ക്യാമറാമാന്റെ പൊസിഷനില്‍ നിന്ന് കൊണ്ട് കുറേ കാര്യങ്ങള്‍ പഠിക്കാനാണ്.