‘ഈ ഫോട്ടോയൊക്കെ കാണുമ്പോഴാണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ കിണറ്റിലിടാന്‍ തോന്നുന്നത്’ കമന്റിന് ഉഗ്രന്‍ മറുപടിയുമായി പൃഥ്വിരാജ്

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടന്‍ പൃഥ്വിരാജ്. ആരാധകര്‍ ഇടുന്ന ചില കമന്റുകള്‍ക്ക് താരം മറുപടിയും നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജ് ട്വിറ്ററില്‍ എഴുതിയ വാക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജ് തന്റെ പുതിയ ഫോട്ടോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അതിന് ഒരു മമ്മൂട്ടി ആരാധകന്‍ ഇട്ട കമന്റാണ് പുതിയ പോസ്റ്റായി പൃഥ്വി വീണ്ടും പങ്കുവച്ചത്.

‘രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോള്‍ ആണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നത്.’ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവച്ച് ആരാധകന്‍ കുറിച്ച വാക്കുകളാണ്. ഇതേതുടര്‍ന്ന് പൃഥ്വി ആ കമന്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ‘സത്യം’ എന്ന് കുറിച്ചു. പൃഥ്വിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.