വിജയ് ചിത്രത്തില്‍ ജയലളിതയാവാന്‍ കങ്കണ റാവത്ത്..

തമിഴ് നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ വേഷത്തിലെത്താനൊരുങ്ങി ബോളിവുഡ് താരം കങ്കണ റാവത്ത്. ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി എസ് എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കങ്കണ ലേഡി സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം പുറത്തിറങ്ങുക. ബാഹുബലി മണികര്‍ണിക എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച കെ വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത്. കങ്കണയുടെ ജന്മദിനമായ ഇന്ന് ചിത്രത്തില്‍ താരം അഭിനയിക്കുന്നുവെന്ന വാര്‍ത്ത വെളിപ്പെടുത്തിക്കൊണ്ട് സഹനടന്‍ ജി വി പ്രകാശാണ് ഈ വിവരം പുറത്ത് വിട്ടത്. ഒപ്പം കങ്കണക്ക് ജന്മദിനാശംസകളും പ്രകാശ് നേര്‍ന്നു.

വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിങ്ങ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുക. പ്രശസ്ത ഛായാഗ്രഹകനായ നീരവ് ഷായാണ് ക്യാമറക്കുപിന്നില്‍. ചിത്രത്തിന് പിന്നീട് എതിര്‍പ്പുകളുണ്ടാകാതിരിക്കാന്‍ അണിയറപ്പ്രവര്‍ത്തകര്‍ ജയലളിതയുടെ അനന്തരവനായ ദീപക്കിന്റെ കയ്യില്‍ നിന്നും എന്‍ ഒ സി സെര്‍ട്ടിഫിക്കേറ്റ് നേടിയിരുന്നു. 9 മാസത്തെ ഗവേഷണത്തിനു ശേഷം വരും ദിവസങ്ങളില്‍ തലൈവിയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ് അണിയറപ്പ്രവര്‍ത്തകര്‍.