
ചലചിത്രരംഗത്ത് വലിയ ചര്‍ച്ചയ്ക്കിടയാക്കിയ പൊന്നിയൻ സെൽവൻ 2ലുള്ള ‘വീര രാജ വീര…’ എന്ന ഗാനത്തിനെതിരായ പകർത്തലിന്റെ ആരോപണത്തിൽ സംഗീതസംവിധായകൻ എ.ആർ. റഹ്മാനും നിർമ്മാതാക്കളും 2 കോടി രൂപ കെട്ടിവയ്ക്കണമെന്ന് നൽകിയ ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവിന് സ്റ്റേ.
പ്രശസ്ത ധ്രുപത് സംഗീതജ്ഞന്മാരായ നാസിർ ഫയാസുദ്ദീൻ ദാഗറും സഹോദരൻ സഹൈറുദ്ദീൻ ദാഗറും ചേർന്ന് ചിട്ടപ്പെടുത്തിയ ‘ശിവ സ്തുതി’ എന്ന കൃതിയുടെ പകർത്തലാണ് ആ ഗാനമെന്നാരോപിച്ച് നാസിറിന്റെ മകൻ ഫയാസ് വസിഫുദ്ദീൻ ദാഗർ 2023ൽ കോടതിയെ സമീപിച്ചിരുന്നു.
ഹർജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ എം. സിങ് നൽകിയ മുൻ നിരീക്ഷണത്തിൽ, ‘ശിവ സ്തുതി’യിൽ നിന്ന് ചില മാറ്റങ്ങളുണ്ടെങ്കിലും ‘വീര രാജ വീര’ ഗാനം അതിന്റെ പകർപ്പാണെന്നാണു കണ്ടെത്തിയത്. തുടർന്ന് രണ്ട് കോടി രൂപ കെട്ടിവയ്ക്കാനും, രണ്ടുലക്ഷം രൂപ കോടതി ചെലവായി ഹർജി നൽകിയ ഫയാസ് വസിഫുദ്ദീന് നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെ റഹ്മാൻ ഹൈക്കോടതിയെ സമീപിക്കുകയും, ഹർജി കേട്ട കോടതി ആ ഉത്തരവിൽ താത്കാലിക സ്റ്റേ നല്‍കുകയുമാണ് ചെയ്തത്.