പെപ്പെ വിവാഹിതനായി

അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. അയര്‍ലന്റില്‍ നഴ്‌സാണ് അനീഷ. നേരത്തെ വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദിചടങ്ങുകളുടെയും വിവാഹ നിശ്ചയത്തിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് ആന്റണി വഗീസ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ വിന്‍സെന്റ് പെപ്പേ എന്ന കഥാപാത്രത്തിന് സ്വീകാര്യത ലഭിച്ചു. പെപ്പെ എന്ന പേരിലാണ് ആന്റണി വര്‍ഗീസ് അറിയപ്പെടുന്നത്. കേരളത്തിലെ അങ്കമാലിയില്‍ വര്‍ഗീസ് അല്‍ഫോന്‍സ എന്നിവരുടെ മകനായാണ് ആന്റണി വര്‍ഗീസ് ജനിച്ചത്.

ഓഗസ്റ്റ് എട്ടിന് അങ്കമാലിയില്‍ വച്ചാണ് വിവാഹം നടന്നത്.സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന്‍ ഉണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായാണ് ചടങ്ങു നടന്നത്. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ഞായറാഴ്ചയാണ് റിസപ്ഷന്‍ ഒരുക്കിയിട്ടുള്ളത്. പെപ്പെ എന്ന ചെല്ലപ്പേരില്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന നടന്റേതായി ഒരുപിടി സിനിമകളാണ് റിലീസിനൊരുങ്ങുന്നത് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ആന്റണി വര്‍ഗീസും സംവിധായകന്‍ ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന അജഗജാന്തരം റിലീസിന് തയാറെടുക്കുകയാണ്.

അജഗജാന്തരത്തിന് ശേഷം ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍. 2018 ഏഷ്യാവിഷന്‍ അവാര്‍ഡ്‌സ്, മികച്ച പുതുമുഖനടന്‍, 2018 ഫ്‌ളവേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ് – മികച്ച പുതുമുഖനടന്‍, 2018 യൂത്ത് ഐക്കണ്‍, 2018 ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ്, 2018 ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൗത്ത് – മികച്ച പുതുമുഖനടനുള്ള പുരസ്‌കാരം, 2018 ടൊറോണ്ടോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സ് – മികച്ച പുതുമുഖ നടന്‍, 2018 സിമ – മികച്ച പുതുമുഖനടന്‍ (മലയാളം- അങ്കമാലി ഡയറീസ്). 2019 ഏഷ്യാവിഷന്‍ അവാര്‍ഡ്‌സ് -സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍.