പതിനെട്ടാംപടി കയറാം..

മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും ഒപ്പം 65ഓളം പുതുമുഖങ്ങളും ഒന്നിക്കുന്ന ചിത്രമാണ് ‘പതിനെട്ടാം പടി’. തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭം. ഓരോ താരങ്ങളുടേയും വ്യത്യസ്ത ഗെറ്റപ്പുമായി ഇതിനകം ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും ഗാനങ്ങളുമൊക്കെ വൈറലായിരുന്നു. അതില്‍ തന്നെ മമ്മൂട്ടിയുടെ കിടിലന്‍ ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ചിത്രത്തിന്റെ ട്രെയിലറില്‍ വിശദമായി പറഞ്ഞ പോലെ നഗരത്തിലെ രണ്ടു സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള കുടിപ്പകയുടെയും ഗ്യാംഗ് വാറിന്റെയും കഥയാണ് പതിനെട്ടാം പടിയുടെ ഉള്ളടക്കം. പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള നരേഷനിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഒരു നഗരത്തിലെ മോഡല്‍ സ്‌കൂളിലെ കുട്ടികളും ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികളും തമ്മിലുള്ള പകയും പ്രതികാരവും പ്രശ്‌നങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ആദ്യപകുതി. എന്നാല്‍ ചിത്രത്തിന്റെ ആദ്യപകുതിയില്‍ തന്നെ തിരക്കഥയും സംവിധാനത്തിലും വേണ്ടത്ര കെട്ടുറപ്പുള്ളതായി തോന്നിയില്ല.പലപ്പോഴും തിരക്കഥയില്‍ ചില വലിച്ചുനീട്ടല്‍ അനുഭവപ്പെട്ടു. കെച്ച കെംബഡികെയുടെ ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരം തന്നെ ചിത്രത്തിന്റെ ആദ്യപകുതിയില്‍ നിറഞ്ഞു നിന്നു. നാലു ചുവരുകള്‍ക്കിടയില്‍ നിന്നല്ല യഥാര്‍ത്ഥ വിദ്യഭ്യാസം ലഭിക്കുക എന്ന് ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യ പകുതിയിലൂടെ പറഞ്ഞുവെക്കുന്നു.

മമ്മൂട്ടിയുടെ സഹോദരനായെത്തുന്ന ചന്ദുനാഥ് വളരെ മികച്ച പ്രകടനംതന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. രണ്ടാം പകുതിയോടെ കഥയിലേക്ക് പ്രവേശിക്കുന്ന ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സ് എടുത്തു പറയേണ്ടതാണ്. പൃഥ്വിരാജ്, അഹാന കൃഷ്ണകുമാര്‍, മാല പാര്‍വതി, പ്രിയ മണി, ആര്യ, ഉണ്ണി മുകുന്ദന്‍ മുതല്‍ പുതിയതായി സ്‌ക്രീനിലെത്തിയ ഓരോ താരങ്ങളും മനോഹരമായി തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.

സുദീപ് ഇളമണ്ണം ഭംഗിയായി ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. പാട്ടുകളാല്‍ സമ്പന്നമാണ് പതിനെട്ടാം പടി. എച്ച്. എഫ് കാഷിഫിന്റെ മ്യൂസിക്കും പശ്ചാത്തലസംഗീതവും ചിത്രത്തോട് നീതി പുലര്‍ത്തുന്ന രീതിയിലായിരുന്നു ഒരുക്കിയത്. യുവാക്കളുടെ പള്‍സ് അറിഞ്ഞ് തന്നെയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ഇത്തരത്തിലുള്ളൊരു ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ പതിനെട്ടാംപടിക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.