ശങ്കര്‍ രാമകൃഷ്ണനെ അഭിനന്ദിച്ച് അനൂപ് മേനോന്‍

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാംപടിയെ അഭിനന്ദിച്ച് അനൂപ് മേനോന്‍. ഫേസ്ബുക്കിലൂടെയാണ് ശങ്കര്‍ രാമകൃഷ്ണനെയും സിനിമയെയും അഭിന്ദിച്ച് അനൂപ് മേനോന്‍ രംഗത്തെത്തിയത്. ഈ ചിത്രമെടുക്കാന്‍ ശങ്കര്‍ അനുഭവിച്ച വേദനയും ശകാരങ്ങളുമെല്ലാം താന്‍ നേരിട്ടു കണ്ടിട്ടുള്ളതാണെന്നും എന്നാല്‍ അതിനെയെല്ലാം മറികടന്ന് പുതിയ സംവിധായകര്‍ക്കുമുന്നില്‍ പ്രചോദനമാവുകയാണ് ശങ്കര്‍ രാമകൃഷ്ണന്‍ എന്ന സംവിധായകന്‍ എന്നുമാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

”പതിനെട്ടാംപടി കണ്ടു.. അതിരറ്റ സിനിമാനുഭവമാണ്… ഓരോ ചെറിയ അംശവും എനിക്കിഷ്ടപ്പെട്ടു.. ശങ്കര്‍ രാമകൃഷ്ണന്‍.. പ്രിയപ്പെട്ട ശങ്കൂ.. ഇന്നത്തെ ദിവസം നിന്റേതാണ്.. മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളെടുത്താല്‍ അതിലൊന്നാകുമിത്.. ഈ ചിത്രമെടുക്കാന്‍ നീ നേരിട്ട വേദനയും അനുഭവിച്ച ഹീനമായ താഴ്ത്തിക്കെട്ടലുകളും ശകാരങ്ങളും ഞാന്‍ കണ്ടിട്ടുള്ളതാണ്.. പുതിയ സിനിമാമോഹികള്‍ക്കും നവാഗതരായ സംവിധായകര്‍ക്കും മുകളില്‍ നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്. എത്ര ബൃഹത്തായ പരിശ്രമം.. എത്ര ഭംഗിയായി നിര്‍വഹിച്ചു.. നിങ്ങള്‍ ഓരോരുത്തരും ഈ സിനിമ കാണണം, ഈ കലര്‍പ്പില്ലാത്ത സിനിമാസംവിധായകന് കൂടുതല്‍ കരുത്താര്‍ന്ന ചിറകുകള്‍ നല്‍കണം.. മനസില്‍ സ്‌നേഹവും അഭിമാനവും നിറയുന്നു..”

തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനെട്ടാംപടി. അറുപതോളം പുതുമുഖങ്ങള്‍ക്കൊപ്പം മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍,പ്രിയാ മണി,അഹാന കൃഷ്ണ എന്നിവരും ചിത്രത്തിലുണ്ട്. എ.കെ.കാഷിഫ് സംഗീതവും സുദീപ് എളമണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.