ഭ്രാന്തന്‍ ലുക്കില്‍ വിജയ് സേതുപതി, അമ്പരന്ന് ആരാധകര്‍

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ഓരോ സിനിമകളും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ വിജയ് സേതുപതി പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചിത്രം പുറത്തുവന്നിരിക്കുകയാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിപ്പിക്കുന്ന താരം ഇത്തവണയും ആരാധകരെ ഞെട്ടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

കാക്കമുട്ടൈ ചിത്രത്തിന്റെ സംവിധായകന്‍ എം. മണികണ്ഠന്‍ ഒരുക്കുന്ന കടൈസി വ്യവസായി എന്ന സിനിമയിലെ വിജയ് സേതുപതിയുടെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഭ്രാന്തന്‍ ലുക്കിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. ഒരു കൈ നിറയെ വാച്ചും വിരലുകളില്‍ മുഴുവന്‍ മോതിരങ്ങളും കഴുത്തില്‍ രുദ്രാക്ഷവും മുഷിഞ്ഞ വേഷവും അണിഞ്ഞിരിക്കുന്ന വിജയ് സേതുപതിയെയാണ് ചിത്രത്തില്‍ കാണുന്നത്.

ആണ്ടവന്‍ കട്ടളൈ എന്ന ചിത്രത്തിനു ശേഷം മണികണ്ഠനും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്നയാണ് നായിക. യോഗി ബാബു, പശുപതി, രവി പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങള്‍. മാനിസക നില തകര്‍ന്ന യുവാവായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.