
സോണിയ ഗാന്ധി ഭർത്താവ് രാജീവ് ഗാന്ധിയുടെ മടിയിലിരുന്നതിനെ വിമർശിക്കുന്നവർ ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ സ്വതന്ത്രരായി വിഹരിക്കുന്നതിൽ മൗനം പാലിക്കുകയാണെന്ന് നടി പാർവതി തിരുവോത്ത്. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെത്തുടർന്ന് സോണിയ ഗാന്ധിക്കെതിരെ രൂക്ഷമായ സൈബറാക്രമണം നടന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു പാർവതി.
സ്വന്തം ഭർത്താവിന്റെ മടിയിലിരിക്കുന്നത് സമൂഹത്തിന് സാംസ്കാരിക ആഘാതമായി കാണുന്നവർ, ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്തവർ യാതൊരു കൂസലുമില്ലാതെ പുറത്തുനടക്കുന്നതിനെ സംസ്കാരത്തിന്റെ ഭാഗമായാണ് കാണുന്നതെന്ന് പാർവതി പരിഹസിച്ചു. “വെറും മനുസ്മൃതി രീതികൾ! അയ്യായിരം വർഷത്തെ പാരമ്പര്യമുള്ള സംസ്കാരം, അല്ലേ സാർ!” എന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. ബിൽക്കിസ് ബാനോ കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ സുപ്രീംകോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ച സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ രൂക്ഷവിമർശനം. 2002-ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗത്തിന് ഇരയാവുകയും അവരുടെ കുടുംബത്തിലെ ഏഴുപേർ കൊല്ലപ്പെടുകയും ചെയ്തത്.
അത്താഴം കഴിക്കാനിരിക്കുമ്പോൾ അമ്മ സോണിയ, അച്ഛൻ രാജീവ് ഗാന്ധിയുടെ മടിയിൽ ഇരിക്കാറുണ്ടായിരുന്നെന്നും, എല്ലാ വീടുകളിലും ഇങ്ങനെയായിരിക്കുമെന്നാണ് താൻ ചെറുപ്പത്തിൽ കരുതിയിരുന്നതെന്നും പുസ്തക പ്രകാശനച്ചടങ്ങിൽ രാഹുൽ ഗാന്ധി വൈകാരികമായി ഓർത്തെടുത്തിരുന്നു. ഇതാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗത്തിന്റെ സദാചാര വിമർശനങ്ങൾക്ക് വഴിവെച്ചത്.
അതേസമയം, തന്നെക്കുറിച്ച് പ്രചരിക്കുന്ന കെട്ടിച്ചമച്ചതും അതിശയോക്തി കലർന്നതുമായ കാര്യങ്ങൾക്ക് മറുപടിയായാണ് ഈ പുസ്തകമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. പുസ്തകം പുറത്തുവരുന്നതോടെ വലിയ ബഹളങ്ങൾ ഉണ്ടാകുമെന്നും ചിലർക്ക് തന്നോട് കൂടുതൽ വിദ്വേഷം തോന്നിയേക്കാമെന്നും അവർ ചടങ്ങിൽ അഭിപ്രായപ്പെട്ടിരുന്നു.