ആത്മവിശ്വാസം നഷ്ടപ്പെട്ട കാലത്ത് കൂടെനിന്നു, അലീന ഒരു പൊലീസ് ഓഫീസർ മാത്രമല്ല, അമ്മ കൂടിയാണ്’; തിരിച്ചുവരവിൽ വികാരാധീനയായി പാർവതി തിരുവോത്ത്

','

' ); } ?>

സിനിമാജീവിതത്തിലെ പ്രതിസന്ധികളെയും ആത്മവിശ്വാസക്കുറവിനെയും അതിജീവിച്ചുള്ള തിരിച്ചുവരവിൽ വികാരാധീനയായി നടി പാർവതി തിരുവോത്ത്. ഷഹദ് സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേദിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

തന്റെ കരിയറിൽ പല കാരണങ്ങളാലും ആത്മവിശ്വാസം ചോർന്നുപോയ ഒരു ഘട്ടമുണ്ടായെന്നും, അത്തരമൊരു സമയത്താണ് സംവിധായകൻ ഷഹദ് അലീന എബ്രഹാം എന്ന ശക്തമായ കഥാപാത്രവുമായി തന്നെ സമീപിച്ചതെന്നും പാർവതി പറഞ്ഞു. മുൻചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നിട്ടും പുതിയൊരു ജോണറിലേക്ക് മാറാനും സ്വന്തം സംവിധാനരീതി മാറ്റാനും ഷഹദ് തയ്യാറായത് വലിയൊരു റിസ്ക് ആയിരുന്നു. തന്നെ വിശ്വസിച്ച് ഒപ്പം നിന്ന സംവിധായകനും നിർമാതാക്കൾക്കും താരം നന്ദി അറിയിച്ചു.

ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥ എന്നതിലുപരി അലീനയെ ഒരു അമ്മയായും പ്രേക്ഷകർ ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് പാർവതി വ്യക്തമാക്കി. ഇരുപത് വർഷത്തെ അഭിനയജീവിതത്തിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, ഈ കഥാപാത്രത്തിന്റെ വൈകാരികത പ്രേക്ഷകർ കൃത്യമായി തിരിച്ചറിഞ്ഞത് എഴുത്തുകാരുടെയും സംവിധായകന്റെയും വിജയമാണെന്ന് അവർ കൂട്ടിച്ചേർത്തു.

ചിത്രീകരണ വേളയിലെ 18 മുതൽ 20 മണിക്കൂർ വരെയുള്ള കഠിനാധ്വാനവും സഹപ്രവർത്തകരുമായുള്ള ഓർമ്മകളും പങ്കുവെച്ച താരം, തങ്ങളുടെ ഓരോ വിജയത്തിലും കണ്ണുനിറയുന്ന മാതാപിതാക്കളുടെ സന്തോഷമാണ് തനിക്ക് ഏറ്റവും വലിയ കരുത്തെന്നും പറഞ്ഞു.

പാർവതിയുടെ വാക്കുകൾ

‘ഒരു സമയത്ത് പല കാരണങ്ങളാൽ എന്നിലുള്ള വിശ്വാസം കുറഞ്ഞുവരുന്ന കാലത്ത് ഷഹദ് എന്നെ വിശ്വസിച്ചു, എനിക്കുവേണ്ടി പൊരുതാൻ തയ്യാറായി. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. മുൻപു ചെയ്ത സിനിമ വി‍ജയിക്കാതിരുന്നപ്പോൾ ഒരു പുതിയ ജോണറിലേക്ക് മാറാനും സംവിധായകനെന്ന നിലയിൽ തന്റെ രീതിയിൽ മാറ്റം വരുത്താനും സഹദ് തയ്യാറായി. അതൊരു റിസ്ക്കായിരുന്നു. ആ തീരുമാനത്തെ പിന്തുണക്കാൻ നിർമാതാക്കളും തയ്യാറായി. ഏറ്റവും മികച്ചത് ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്ന എന്നെപ്പോലെയുള്ള അഭിനേതാക്കൾക്ക് ഇത്തരം അവസരങ്ങൾ വലിയ മാറ്റമാണുണ്ടാക്കുന്നത്.

എന്നാൽ ഒരു പൊലീസ് കഥാപാത്രം എന്നതിലുപരി അലീനയെ ഒരു അമ്മയായും പ്രേക്ഷകർ സ്വീകരിച്ചതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകിയത്. ഇരുപത് വർഷത്തെ അഭിനയജീവിതത്തിനിടെ ഒരുപാട് സ്നേഹം ലഭിച്ച കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അലീന എബ്രഹാം ഒരു പൊലീസ് ഉദ്യോഗസ്ഥ മാത്രമല്ല, അമ്മ കൂടിയാണെന്ന് പ്രേക്ഷകർ പ്രത്യേകം എടുത്തുപറയുന്നത് ഏറെ സന്തോഷം നൽകുന്നു. എഴുത്തുകാരും സംവിധായകൻ ഷഹദും കഥാപാത്രത്തിന്റെ ഈ വൈകാരികത കൃത്യമായി മനസിലാക്കിയതാണ് അതിന് കാരണം.

വിജയാഘോഷം ഒരു ഔപചാരിക പൊതുപരിപാടിയായി എനിക്ക് അനുഭവപ്പെട്ടില്ല. വീണ്ടും സെറ്റിലെ സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേരുന്നതുപോലെയാണ് തോന്നിയത്. ചിത്രീകരണദിവസങ്ങൾ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ചില ദിവസങ്ങളിൽ 18 മുതൽ 20 മണിക്കൂർ വരെ ചിത്രീകരണം നീണ്ടിരുന്നു. അന്ന് ഇത്രയധികം അധ്വാനിക്കേണ്ടിവന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സിനിമയുടെ ഓരോ ഷോട്ടിനുപിന്നിലും പ്രവർത്തിച്ച നിരവധി പേരുടെ അധ്വാനം തിരിച്ചറിയുന്നുണ്ട്.

ഞാൻ ജോലിയുടെ ഭാഗമായി വീട്ടിൽനിന്ന് മാറിനിൽക്കുമ്പോൾ മാതാപിതാക്കൾ എന്നെ മിസ് ചെയ്യാറുണ്ട്. എന്നാൽ ഓരോ വിജയത്തിലും അവരുടെ കണ്ണുകളിൽ കാണുന്ന സന്തോഷവും അഭിമാനവുമാണ് എനിക്ക് കൂടുതൽ കരുത്ത് നൽകുന്നത്. ആ സന്തോഷവും ചിരിയും വീണ്ടും മാതാപിതാക്കൾക്ക് സമ്മാനിക്കാൻ അവസരമൊരുക്കിയ സിനിമയുടെ മുഴുവൻ ടീമിനോടും നന്ദി പറയുന്നു.