‘ആന്റണി ക്രിസ്ത്യാനി ആയതുകൊണ്ട് എന്റെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു; അവരെ സമ്മതിപ്പിക്കാൻ സമയമെടുത്തു’

','

' ); } ?>

മതപരമായ വ്യത്യാസങ്ങൾ കാരണം പ്രണയ ബന്ധത്തിൽ തുടക്കത്തിൽ കുടുംബത്തിൽ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി കീർത്തി സുരേഷ്. നീണ്ട 15 വർഷത്തെ പ്രണയത്തിനൊടുവിൽ 2024-ലായിരുന്നു കീർത്തിയും ആന്റണി തട്ടിലും തമ്മിലുള്ള വിവാഹം നടന്നത്. ‘അക്ക’ എന്ന സീരീസിന്റെ പ്രൊമോഷന്റെ ഭാഗമായി കേർളി ടൈൽസിന് നൽകിയ അഭിമുഖത്തിലാണ് താരം കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സുതുറന്നത്.

2009 ഡിസംബറിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2010 ജനുവരിയിൽ പ്രണയത്തിലായ ഇരുവരുടെയും ബന്ധം, ആന്റണി ക്രിസ്ത്യാനിയായതുകൊണ്ട് തന്നെ തുടക്കത്തിൽ കീർത്തിയുടെ വീട്ടിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഏറെ സമയമെടുത്തുവെന്നും താൻ നടിയാകുന്നതിന് മുൻപ് തന്നെ കണ്ട വ്യക്തിയാണെന്നതാണ് ആന്റണിയുമായുള്ള ബന്ധത്തിലെ ഏറ്റവും വലിയ സവിശേഷതയെന്നും കീർത്തി വ്യക്തമാക്കുന്നു.

പ്ലസ് ടു പഠനത്തിന് ശേഷമാണ് പ്രണയം ആരംഭിക്കുന്നത്. കോളജ് പഠനകാലത്ത് അമ്മ തന്റെ ഡയറി വായിച്ചതിനെത്തുടർന്നാണ് ബന്ധത്തെക്കുറിച്ച് വീട്ടിലറിയുന്നത്. സ്വന്തം മകളുടെ ഡയറി വായിക്കാൻ തനിക്ക് അവകാശമുണ്ടെന്നായിരുന്നു അന്ന് അമ്മയുടെ നിലപാട്. ഈ സംഭവത്തോടെ വർഷങ്ങളായി സൂക്ഷിച്ചിരുന്ന ഡയറി എഴുത്ത് പൂർണ്ണമായി അവസാനിപ്പിക്കേണ്ടി വന്നെന്നും, അന്ന് അമ്മ ആ ഡയറി കത്തിച്ചു കളഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും താരം ഓർത്തെടുത്തു.

വർഷങ്ങളോളം ഈ പ്രണയം മാധ്യമങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും രഹസ്യമായി സൂക്ഷിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്നതിന് പകരം സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ ചെയ്തതാണ് ചിത്രങ്ങൾ പുറത്തുവരുമ്പോഴും ആന്റണിയാണ് കാമുകൻ എന്ന് മറ്റുള്ളവർ തിരിച്ചറിയാതിരിക്കാൻ സഹായിച്ചത്. എന്നാൽ വിവാഹ വാർത്ത പുറത്തുവന്നതോടെ വലിയ മാനസിക സമ്മർദ്ദത്തിലായ ആന്റണി, പാപ്പരാസികളുടെ ശ്രദ്ധ ഭയന്നിരുന്നതായും കീർത്തി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

കീർത്തിയുടെ വാക്കുകൾ

“ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത് 2009 ഡിസംബറിലാണ്. 2010 ജനുവരിയിൽ പ്രണയത്തിലായി. 2024ൽ വിവാഹം കഴിച്ചു. അദ്ദേഹം ക്രിസ്ത്യാനിയായതു കൊണ്ട് സ്വാഭാവികമായും വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എനിക്ക് ആ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കുറച്ച് സമയമെടുത്തു. ഞാൻ നടിയാകുന്നതിന് മുൻപു തന്നെ അദ്ദേഹം എന്നെ കണ്ടിട്ടുള്ള ആളാണ്.

അതാണ് ഏറ്റവും നല്ല കാര്യം. ഞങ്ങൾ ഒരുമിച്ച് വളർന്നവരാണ്. ഞാൻ പ്ലസ് ടു കഴിഞ്ഞ ഉടനെയാണ് ആന്റണിയുമായി പ്രണയത്തിലായത്. കോളജിൽ പഠിക്കുമ്പോൾ അമ്മ എന്റെ ഡയറി വായിച്ചു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അതിലുണ്ടായിരുന്നു. ഞാൻ നിന്റെ അമ്മയാണ്, നിന്റെ ഡയറി വായിക്കാൻ എനിക്ക് അവകാശമുണ്ട്’ എന്നായിരുന്നു അമ്മ പറഞ്ഞത്. അതിനുശേഷം ഞാൻ ഡയറി എഴുതുന്നത് തന്നെ നിർത്തി.

എഴുതാൻ ഒരുപാട് ഇഷ്ടമായിരുന്നു. ഇപ്പോൾ ആ ഡയറി എവിടെയാണെന്ന് പോലും അറിയില്ല. അത് തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട്. പക്ഷേ അമ്മ അത് കത്തിച്ചു കളഞ്ഞിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. ബന്ധം ഇത്രയും കാലം രഹസ്യമായി സൂക്ഷിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്നതിനുപകരം സുഹൃത്തുക്കൾക്കൊപ്പമാണ് കൂടുതലും പോയിരുന്നത്. അതുകൊണ്ട് ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാലും ആന്റണി എന്റെ കാമുകനാണെന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.‘വിവാഹം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം ഭയങ്കര സമ്മർദത്തിലായിരുന്നു. എവിടെ നോക്കിയാലും പാപ്പരാസികൾ ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.”