പദ്മരാജന്റെ ജന്മവാര്‍ഷികം: പപ്പന്‍ പറഞ്ഞു… മത്താപ്പ് പൊട്ടിച്ചിതറട്ടെ പാട്ടില്‍

പദ്മരാജന്റെ ജന്‍മവാര്‍ഷികദിനത്തില്‍ പ്രശസ്ത സംഗീത നിരൂപകന്‍ രവിമേനനോന്‍ എഴുതിയ ഓര്‍മ്മ കുറിപ്പ് വായിക്കാം…

പദ്‌മരാജന്റെ ജന്മവാർഷികം (മെയ് 23)
———————-
പപ്പൻ പറഞ്ഞു; മത്താപ്പ് പൊട്ടിച്ചിതറട്ടെ പാട്ടിൽ
———————-
യാദൃഛികമായിരുന്നു പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ സിനിമാപ്രവേശം. അതിനു നിമിത്തമായതും ഒരു ലളിതഗാനം തന്നെ. കൈതപ്രം എഴുതി രവീന്ദ്രനാഥ് ഈണമിട്ടു ചിത്രയും ഇടവാ ബഷീറും പാടിയ ഗാനം. ആകാശവാണിയിലെ ലളിതഗാന പരിപാടിയിൽ ആ പാട്ട് അവതരിപ്പിച്ച അനൗൺസർക്ക് അതിനോടൊരു പ്രത്യേക ഇഷ്ടം. സ്റ്റുഡിയോയിൽ ഇരുന്ന് പാട്ട് കേട്ട അനൗൺസർ, പുറത്തു വന്ന ശേഷം ആദ്യം ചെയ്തത് സംഗീത സംവിധായകനെ തേടിപ്പിടിക്കുകയാണ്. “നിങ്ങളുടെ പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരിക്കൽ നിങ്ങളെന്റെ സിനിമയിൽ മ്യൂസിക് ചെയ്യും. സമയവും സന്ദർഭവും ഒത്തുവരട്ടെ. പറയാം.”

പി പദ്‌മരാജൻ എന്നായിരുന്നു ആ അനൗൺസറുടെ പേര്– രവീന്ദ്രനാഥിന്റെ പ്രിയപ്പെട്ട “പപ്പൻ’. “സന്തോഷം തോന്നി. പക്ഷെ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. മുൻകാല അനുഭവങ്ങൾ അത്തരത്തിലായിരുന്നല്ലോ.” മൂന്നു വർഷം കഴിഞ്ഞു ഒരു നാൾ നിനച്ചിരിക്കാതെ ഒരു ഫോൺകോൾ. പപ്പനാണ്. “ഒരു പടം ഉണ്ട്. ജഗതിയിൽ എന്റെ ഫ്ലാറ്റിൽ വരണം. കഥ കേൾക്കാൻ വേണ്ടിയാണ്. സിറ്റുവേഷൻ മനസ്സിലാക്കിയിട്ടു വേണം പാട്ട് ചെയ്യാൻ.” അത്ര മാത്രം. ചെന്നു . തൂവാനത്തുമ്പികളുടെ കഥ കേട്ടു. രവീന്ദ്രനാഥിന്റെ ജീവിതത്തിലെ പുതിയ ഒരധ്യായം ആ സായാഹ്നത്തിൽ നിന്ന് തുടങ്ങുന്നു.

“തൂവാനത്തുമ്പികൾ”ക്ക് ശേഷം കൂടുതൽ അവസരങ്ങൾ വീണുകിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അടുത്ത പടം തേടിവന്നത് രണ്ടു വർഷം കഴിഞ്ഞാണ്. സംവിധായകൻ പദ്‌മരാജൻ തന്നെ. ചിത്രം ഇന്നലെ. “ പാട്ടിന്റെ സന്ദർഭം വിവരിച്ചു തരുന്നതിൽ പോലുമുണ്ട് പപ്പന് തനതായ ശൈലി. സിനിമയിൽ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മനസ്സിൽ ശോഭനയെ സ്വന്തമാക്കാം എന്ന പ്രതീക്ഷ മൊട്ടിടുന്ന നിമിഷമാണ്. ആകാശത്ത് മത്താപ്പ് പൊട്ടിയ ശേഷം പൊടുന്നനെ താഴെ വീണു ചിതറി പോകുന്ന എഫക്റ്റ് ഉള്ള ഒരു പാട്ട് വേണം അവിടെ….

“ആംഗ്യവിക്ഷേപങ്ങളോടെ തന്റെ മനസ്സിലെ ഗാനസങ്കൽപ്പം പപ്പൻ വിവരിച്ചപ്പോൾ എന്റെ ഉള്ളിലേക്ക് ഒഴുകിവന്നത്‌ അഠാണ രാഗമാണ്. ഒരു പരീക്ഷണത്തിന്‌ വകയുണ്ടെന്നു തോന്നി എനിക്ക്. സാധാരണ കഥകളി സംഗീതത്തിൽ വീരരസത്തിനായി ഉപയോഗിക്കുന്ന രാഗമാണ് അഠാണ . പക്ഷെ ചെറിയ മാറ്റങ്ങളോടെ പ്രയോഗിച്ചാൽ കാൽപനിക ഭാവവും വഴങ്ങും അതിന് എന്നൊരു തോന്നൽ. പല്ലവിയും അനുപല്ലവിയും വ്യത്യസ്തമായ റൂട്ടുകളിലാണ് ചെയ്തത്. എന്തായാലും ട്യൂൺ‍ കേട്ടപ്പോൾ പപ്പന് സന്തോഷം. പുതുമയെ എന്നും സ്വാഗതം ചെയ്യുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്.”

പാട്ടെഴുതാൻ രവീന്ദ്രനാഥ് തന്നെ കോഴിക്കോട്ടു നിന്ന് കൈതപ്രത്തെ വിളിച്ചുവരുത്തി. പാംഗ്രൂവ് ഹോട്ടലിലെ മുറിയിലിരുന്നാണ് കൈതപ്രം പാട്ടെഴുതിയത്. “അല്പം പ്രയാസമുള്ള ട്യൂണ്‍ ആയിരുന്നു. പ്രത്യേകിച്ച് പല്ലവി. സാധാരണയിൽ കവിഞ്ഞ നീളമുണ്ട് പാട്ടിന്റെ തുടക്കത്തിന്. മാത്രമല്ല കഥാപാത്രങ്ങളുടെ മനോനില വരികളിൽ വരുകയും വേണം. നല്ല താളബോധമുള്ള കവിയായതുകൊണ്ട് കൈതപ്രത്തിന് പാട്ടെഴുതാൻ പ്രയാസമുണ്ടാവില്ലെന്ന് അറിയാമായിരുന്നു. എന്നിട്ടും, എഴുതിത്തന്ന പല്ലവി വായിച്ചപ്പോൾ പപ്പനും ഞാനും അന്തം വിട്ടുപോയി: “നീ വിൺ‍പൂ പോൽ ഇതളായ് തെളിയും വരമായ് നിറമായ്‌ ഞാൻ നിൻ തൂ വെൺ‍ ചിറകിൻ തണലിൽ കുളിരായ് മുഴുകി, ആലിൻ കൊമ്പിൽ കിളിയുണരുമ്പോൾ, ആകാശത്തമ്പിളിയുരുകുമ്പോൾ, ഇരുളല ചിതറിയ പുലരിയുണർന്നതിലിന്നലെ മൂടിയ മഞ്ഞുരുകി, ഹിമജലമൊഴുകിയ പുഴയിൽ അഴകിൽ നാം ഇരുമെയ് പുണരും ചലനം ചലനം….” ശരിക്കും മത്താപ്പ് പൊട്ടിച്ചിതറും പോലെ.

രണ്ടാമത്തെ ഗാനം ശോഭനയുടെ കഥാപാത്രത്തിന്റെ ആത്മഗതമായാണ് സിനിമയിൽ വരുന്നത്. പ്രണയവും പ്രകൃതിയും കൈകോർത്തു നിൽക്കണം വരികളിൽ. അത് വരെ കേട്ടു പരിചയിച്ച പല്ലവികളുടെ ഛായ ഈ ഗാനത്തിൽ വരരുതെന്ന് നിർബന്ധമുണ്ടായിരുന്നു രവീന്ദ്രനാഥിന്. “കണ്ണിൽ, നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ” എന്ന പാട്ടിന്റെ പിറവി അങ്ങനെയാണ്. വരികൾ കഷ്ണം കഷ്ണമായി റെക്കോർഡ്‌ ചെയ്യുന്ന സമ്പ്രദായം അന്ന് നിലവിൽ വന്നിരുന്നെങ്കിലും ഈ രണ്ടു പാട്ടും എ വി എം സ്റ്റുഡിയോയിൽ ലൈവ് ആയി ഒറ്റയടിക്ക് പാടി റെക്കോർഡ്‌ ചെയ്യുകയായിരുന്നു യേശുദാസ്; ചിത്രയും.

`ഇന്നലെ’ വ്യത്യസ്തമായ അനുഭവമായിരുന്നു മലയാളികൾക്ക്– അതിലെ ഗാനങ്ങളും. മൂന്നു പാട്ടും (കണ്ണിൽ എന്ന ഗാനം യേശുദാസും ചിത്രയും സോളോ ആയി പാടിയിട്ടുണ്ട്) ജനം ഏറ്റുപാടിയെങ്കിലും ഗാനശിൽപ്പിയെ സിനിമാലോകം കണ്ടെന്നു നടിച്ചു പോലുമില്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം. “അവസരങ്ങൾ ചിലതെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്നത്തെ പ്രമുഖ സംവിധായകരെ ഒക്കെ ചെന്നു കണ്ടു. ഒന്നും നടന്നില്ലെന്ന് മാത്രം. ആദ്യം ചെയ്ത രണ്ടു പടങ്ങളിലെയും പാട്ടുകൾ സൂപ്പർ ഹിറ്റായിട്ടും വെറുതെ ഇരിക്കേണ്ടി വന്ന വേറെ ഏതെങ്കിലും സംഗീത സംവിധായകർ ഉണ്ടോ ആവോ..” തന്നിലേക്ക് തന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു രവീന്ദ്രനാഥ്. ആകാശവാണിയിലെ ജോലിത്തിരക്കുകളിൽ സ്വയം മുഴുകിയാണ് നിരാശയുടെ ആ ഘട്ടത്തെ രവി അതിജീവിച്ചത്.

–rരവിമേനോൻ