‘ഭീമന്’ സമയമാകുന്നു…

എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവലിനെ ആസ്പദമാക്കി മോഹന്‍ലാല്‍ നായകനായി ഇറങ്ങാനിരുന്ന സിനിമ നേരത്തെ പലവിധ പ്രതിസന്ധികളില്‍പ്പെട്ടിരുന്നു. എം.ടി തിരക്കഥ തിരികെ ആവശ്യപ്പെട്ടതും, നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടി സംരംഭത്തില്‍ നിന്ന് പിന്‍മാറിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സിനിമ ഒരുങ്ങാനുള്ള അണിയറനീക്കങ്ങള്‍ സജീവമാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ആ സിനിമ ചില നൂലാമാലകളില്‍പ്പെട്ട് കിടക്കുകയാണെന്നും ആ സിനിമയ്ക്കും തനിയ്ക്കുംഅങ്ങനെയൊരുയോഗമുണ്ടെങ്കില്‍ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പിറന്നാള്‍ ദിവസം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ സിനിമയുടെ അണിയറ നീക്കങ്ങളെ കുറിച്ച് സൂചിപ്പിച്ച് വി.എ ശ്രീകുമാര്‍ മേനോന് ആശംസകളുമായെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ…’പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബഡ്ജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി ശ്രീകുമാര്‍ ഏട്ടന്‍ ഒരുക്കുന്നത്. സിനിമ എന്ന് പറഞ്ഞാല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ ഒരു മാജിക്കാണ്. ആര്‍ക്കും പിടികിട്ടാത മാജിക് ഒരു കാണിപ്പയൂരിനും പ്രവചിക്കാന്‍ പറ്റാത്ത മാജിക് അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക’. കഴിഞ്ഞദിവസം സിനിമയെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന പോസ്റ്റര്‍ ശ്രീകുമാര്‍ മേനോന്‍ പങ്കുവെച്ചിരുന്നു. ഒമര്‍ ലുലുവിന്റെയും ശ്രീകുമാര്‍ മേനോന്റേയും ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…