
താരസംഘടനയായ ‘അമ്മ’യെ വീണ്ടും പ്രതിസന്ധിയിലാക്കി നടി നീന കുറുപ്പിന്റെ ഓഡിയോ പുറത്ത്. ട്രഷറർ ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവർക്കെതിരെ മുൻ ജീവനക്കാരി അതുല്യ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് നീനയുടെ ഓഡിയോ പ്രചരിക്കുന്നത്. വൺ ടു ടോക്ക്സ് എന്ന ചാനലിലൂടെ പുറത്തു വന്ന ഓഡിയോയിൽ, പരാതിക്കാരിയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന നീനയുടെ സംഭാഷണങ്ങളാണ് ഉള്ളത്.
സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ പുറത്തുപറയുന്നതിന് പകരം ടിനി ടോമിനോടോ സിജോയ് വർഗീസിനോടോ വ്യക്തിപരമായി പറഞ്ഞിരുന്നെങ്കിൽ അവർ ഈ വിഷയം ഗൗരവമായി അവതരിപ്പിക്കുമായിരുന്നുവെന്ന് നീന ഓഡിയോയിൽ പറയുന്നുണ്ട്. കുക്കു പരമേശ്വരനോട് ഇവർക്ക് എതിരഭിപ്രായമുള്ളതുകൊണ്ട് പരാതി പരിഗണിക്കപ്പെടുമായിരുന്നുവെന്നാണ് നീനയുടെ വാദം.
ഈ പ്രസ്താവനയിലൂടെ സംഘടനയിലെ പ്രമുഖർക്കിടയിൽ വിഭാഗീയതയുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. സസ്പെൻഷനിലായ അതുല്യയെ തിരികെ കൊണ്ടുവരാൻ നീക്കങ്ങൾ നടക്കവെ, കാര്യങ്ങൾ പരസ്യമാക്കിയത് തെറ്റായ നടപടിയാണെന്നും നീന ശബ്ദരേഖയിൽ ഓർമ്മിപ്പിക്കുന്നു. പരാതികൾ സംഘടനയ്ക്കുള്ളിൽ തന്നെ പൂഴ്ത്തിവെക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്. ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ ഉയർന്ന പരാതികളും സംഘടനയ്ക്കുള്ളിലെ രഹസ്യങ്ങളും ചർച്ചയായതോടെ മലയാള ചലച്ചിത്ര ലോകത്ത് പുതിയ വിവാദങ്ങൾക്കും ഗ്രൂപ്പ് പോരുകൾക്കും ഇത് വഴിവെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ നിന്നും സംഘടന മുക്തമാകുന്നതിന് മുൻപേ പുതിയ ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.
ഓഡിയോ സംഭാഷണം
നീന: അതുല്യ, നീ അത് പുറത്തല്ലായിരുന്നു പറയേണ്ടിയിരുന്നത്. ഇതിനുള്ളിൽ തന്നെ തീർക്കണമായിരുന്നു. നീ എന്താണ് മനസ്സിലാക്കാത്തത്? എനിക്ക് എത്ര വർഷത്തെ എക്സ്‌പീരിയൻസ് ഉണ്ട്. ആ പെണ്ണ് എന്നെ തെറി വിളിച്ചിട്ട് പോലും ഞാൻ പുറത്തു പറയാഞ്ഞത് എന്തുകൊണ്ടാണ്? കാരണം ഇതിനകത്ത് തീർത്തില്ലെങ്കിലാണ് നമ്മൾ പുറത്തു പോകേണ്ടത്. അപ്പോൾ നമുക്ക് പറയാൻ ന്യായമുണ്ട്.
അതുല്യ : ജനറൽ സെക്രട്ടറിക്ക് ഒന്നര മാസം മുമ്പ് കിട്ടിയ ഒരു കത്തിന് മറുപടി നൽകാനോ അന്വേഷിക്കാനോ പറ്റാത്ത ഒരാൾ, കമ്മിറ്റി മെമ്പേഴ്സ് പോലും അറിയാതെ ഇത് ഹൈഡ് ചെയ്തു വെച്ചിരുന്നു. എന്നെ ടെർമിനേറ്റ് ചെയ്‌തപ്പോഴാണ് ഇത് എൻറെ വായിൽ നിന്ന് പുറത്തു വരുന്നത്. എക്സിക്യൂട്ടീവ് മെമ്പേഴ്‌സിന് പോലും പേഴ്‌സണലി ഞാൻ ഈ ലെറ്റർ അയച്ചു കൊടുക്കുന്നത് എന്നെ പുറത്താക്കിയതിന് ശേഷമാണ്. പുറത്തു നിൽക്കുന്ന എനിക്ക് ഇനി എന്തും പറയാലോ. അവർ എടുക്കുന്നതും എടുക്കാതിരിക്കുന്നതും അവരുടെ കാര്യം. ഇതിൻ്റെ പേരിൽ എന്തുണ്ടായാലും നേരിടാൻ ഞാൻ തയാറാണ്.
നീന: മോളെ, നമ്മൾ എപ്പോഴും ‘വിക്‌ടിം’ ആണ് കളിക്കേണ്ടത്. നമ്മൾ ഒഫൻഡ് ചെയ്തത് കഴിഞ്ഞാൽ നമ്മൾ സ്ട്രോങ്ങ് ആയാൽ ആളുകൾ പിന്തുണക്കില്ല. അവർ നിന്നെ വികിമൈസ് ചെയ്തുതു എന്ന രീതിയിലേ നിൽക്കാവൂ. ലക്ഷ്‌മിപ്രിയയുടെ കാര്യത്തിൽ മായയെക്കൊണ്ട് കത്ത് എഴുതിപ്പിച്ചു എന്ന് പറയുന്നത്, അത് എങ്ങനെയാണ് മായയെക്കൊണ്ട് കത്തെഴുതിച്ചത്;
അതുല്യ: മായയെക്കൊണ്ട് കത്ത് എഴുതിപ്പിച്ചത് ഞാൻ കേട്ടതാണ്. ലക്ഷ്മിപ്രിയയുടെ കാര്യം മാത്രമല്ല, കുടുംബ സംഗമത്തിന് ഇത്രയും വലിയ തുക മുടക്കി എന്നതിനെക്കുറിച്ചും അവിടെ നടന്ന കാര്യങ്ങളെക്കുറിച്ചും അറിയാൻ ക്യാമറ ചെക്ക് ചെയ്യട്ടെ.
നീന: അപ്പോൾ മായാ പ്രശ്‌നമുണ്ടാക്കുമ്പോൾ മായയോട് മെയിൽ അയയ്ക്കാൻ പറയുക എന്നത് സ്വാഭാവികമല്ലേ മോളെ?
അതുല്യ: ധൈര്യമുണ്ടെങ്കിൽ ആ ക്യാമറ ചെക്ക് ചെയ്യട്ടെ, ഇവർ അവധി ദിവസം അവിടെ വന്നിരുന്നതും ഞാൻ ചായ ഇട്ടു കൊടുത്തതും ഇവർ അവിടെ ഇരുന്ന് ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എല്ലാം ക്യാമറയിൽ ഉണ്ടാകും. ധൈര്യം ഉണ്ടെങ്കിൽ അവർ ക്യാമറ ദൃശ്യങ്ങളും ഓഡിയോയും പുറത്തുവിടട്ടെ, ഞാൻ ചലഞ്ച് ചെയ്യുകയാണ്.
നീന: അതുല്യ, നോക്ക്, ഞാൻ ഇത് പക്ഷപാതമില്ലാതെ പറയുകയാണ്.
കുക്കുവിനെ സപ്പോർട്ട് ചെയ്യാനോ അതുല്യയെ സപ്പോർട്ട് ചെയ്യാനോ അല്ല ഞാൻ ഇത് പറയുന്നത്. നിനക്ക് നന്നായി അറിയുന്ന ഒരു മെമ്പർ എന്നോട് പറഞ്ഞത് ഇവർ ഇതൊക്കെ പിണങ്ങിയപ്പോൾ മാത്രമാണ് പറഞ്ഞതെങ്കിൽ, ഇവർ പിണങ്ങാതെ കുക്കു അതുല്യയെ നല്ല രീതിയിൽ കൊണ്ടുപോയിരുന്നെങ്കിൽ നീ ഇത് ഒരിക്കലും പറയില്ലായിരുന്നു എന്നല്ലേ അതിന്റെ അർഥം എന്നാണ്? അത് വളരെ ശരിയായ കാര്യമാണ്, പിണങ്ങുമ്പോൾ അല്ല നമ്മൾ ഓരോന്ന് വിളിച്ചു പറയേണ്ടത് നമ്മൾ അവിടെ നിൽക്കുമ്പോൾ തന്നെ ശരിയല്ല എന്ന കാര്യങ്ങൾ പറയേണ്ടത്. നീ അയച്ച കത്തിന് സെക്രട്ടറി പ്രതികരിച്ചില്ലെങ്കിൽ അപ്പോൾ തന്നെ ഔദ്യോഗികമായി അറിയിക്കണമായിരുന്നു.
അതുല്യ: അവിടെ നടന്ന ഓരോ കാര്യങ്ങളും ഇവരെയൊക്കെ ഞാൻ ഔദ്യോഗികമായി അപ്പോൾ തന്നെ അറിയിച്ചിട്ടുണ്ട്. ഞാൻ ചോദിക്കട്ടെ ഉണ്ണി ശിവപാലിന്റെ ഭാഗത്തുനിന്ന് എനിക്ക് മോശമായ അനുഭവമാണെന്ന് ഞാൻ നീന മാഡത്തോട് പറഞ്ഞിട്ടില്ലേ?
നീന: അതെ, പക്ഷേ അത് ചീത്ത രീതിയിലുള്ള അനുഭവം എന്ന് നീ പറഞ്ഞിട്ടില്ല കേട്ടോ.
അതുല്യ: എന്നിട്ട് ഇത്രയും… അയാൾ എന്നെ കരയിപ്പിച്ചിട്ടുള്ള കാര്യങ്ങൾ വരെ ഞാൻ പറഞ്ഞിട്ടുണ്ട്.
നീന: അതൊക്കെ പറഞ്ഞിട്ടുണ്ട്, സമ്മതിച്ചു. അപ്പോഴൊക്കെ ഞാൻ എന്താ
പറഞ്ഞത് മെയിൽ അയക്കൂ, എല്ലാവരെയും അറിയിക്കൂ’ എന്ന് ഞാൻ പറഞ്ഞില്ലേ? സെക്രട്ടറിക്കും പ്രസിഡന്റിനും മെയിൽ അയക്കണമായിരുന്നു. ഇന്ന് നീ ഞങ്ങൾക്ക് എല്ലാവര്ക്കും ഒരു കോപ്പി അയച്ചതുപോലെ അന്ന് അയച്ചെങ്കിലും അന്ന് ഞങ്ങളെല്ലാം ചേർന്ന് ഒരു തീരുമാനം എടുക്കുമായിരുന്നു അതുല്യ മോൾ അത് ചെയ്തില്ല.
അതുല്യ: പ്രസിഡൻ്റ് എനിക്ക് വാക്ക് തന്നതാണ് ഈസിയിൽ സംസാരിക്കാമെന്ന്. അതിനെ ഖണ്ഡിച്ചുകൊണ്ട് പിന്നെ ഞാൻ എന്തിനാണ് മറ്റുള്ളവർക്ക് അയക്കുന്നത്?
നീന: പ്രസിഡന്റ് വാക്ക് തന്നിട്ടുണ്ടെങ്കിൽ അതിനു ശേഷം ഈസി നടന്നിട്ടുണ്ടാകില്ല.
അതുല്യ: എന്തുകൊണ്ടാണ് ഈസി നടക്കാത്തത്, ഞാൻ പോകാത്തതുകൊണ്ട്. അവർ എന്നോട് പോകുന്നില്ലേ എന്ന് എത്രതവണ ചോദിച്ചു. ചോദിച്ചോ ഇല്ലയോ എന്നത് ക്യാമറ ചെക്ക് ചെയ്യട്ടെ
നീന: നിന്നോട് പോകാൻ പറയുന്നു എന്ന് പ്രസിഡന്റ് അറിഞ്ഞോ ?
അതുല്യ : എന്നോട് പോകാൻ പറയുന്നു എന്ന് ഞാൻ പ്രസിഡന്റിനെ അറിയിച്ചിരുന്നു, ഈസി ആകട്ടെ ഈസി ആകട്ടെ എന്നാണു എനിക്ക് കിട്ടിയ മറുപടി.
നീന : ഇസി (എക്സിക്യൂട്ടീവ് കമ്മറ്റി) നടന്നാൽ അല്ലെ ഇത് ചർച്ച ചെയ്യാൻ പറ്റൂ, അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഞങ്ങൾക്ക് എല്ലാവർക്കും അന്നേ ഒരു മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇതിൽ ആരെങ്കിലും, ഒന്നുമില്ലെങ്കിൽ ആ ടിനി ടോമോ സിജോയ് വർഗീസോ എങ്കിലും അതിനെക്കുറിച്ച് ചോദ്യം ചെയ്‌ത് അവിടെ എന്താണ് നടക്കുന്നത് എന്ന് ചോദിച്ചേനെ. കാരണം അവർ കുക്കുവിന് എതിരായിട്ടാണ് പ്രവർത്തിക്കുന്നത്. അവർ ആ ചോദ്യം അവിടെ ഇട്ടേനെ. ആ ചോദ്യം ഇട്ടെങ്കിൽ അത് ചർച്ച ചെയ്യാൻ ഉടനടി ഒരു മീറ്റിങ് നടത്തിയേനെ. അത് ഇടാതെ മോള് ഇമെയിൽ മാത്രം ഇട്ടപ്പോൾ ഈമെയിൽ വായിക്കുന്നവർക്ക് മാത്രമല്ലെ അറിയാൻ പറ്റൂ. നമ്മുടെ ഉദ്ദേശം നീ അവിടെ തന്നെ വേണം എന്നുള്ളതായിരുന്നു.
അതുല്യ: എന്നെ ജോലിക്കെടുക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ,
നിങ്ങളൊക്കെ വരുന്നത് പോകുന്നതും ഉൾപ്പെടെ എല്ലാ ഡീറ്റെയിൽസും നിങ്ങളൊക്കെ എന്ത് സംസാരിച്ചു എന്നുള്ളത് വരെ ഇവരെ അറിയിക്കണം എന്നാണ് എനിക്ക് ഇവർ തന്നിരിക്കുന്ന നിർദ്ദേശം. ആ നിർദ്ദേശം ഞാൻ അവിടെ നിൽക്കുന്നത് വരെ വയലേറ്റ് ചെയ്‌തിട്ടില്ല. അത്യാവശ്യം അറിയേണ്ടാത്ത കാര്യങ്ങൾ ഒന്നും ഞാൻ ആരോടും പറഞ്ഞിട്ടുമില്ല. എനിക്കുണ്ടായ അനുഭവങ്ങളിൽ പലതും പോലും ഞാൻ പറഞ്ഞിട്ടില്ല. ഇനിയിപ്പോ ഞാൻ അവിടെ ഇല്ലല്ലോ.
നീന: ഇനിയിപ്പോൾ അതുല്യ അവിടെ ഇല്ലാത്തപ്പോൾ, അപ്പോഴും ഇപ്പോൾ നോക്കിയേ, നാളെ ഒരു കമ്പനിയിൽ മോൾ ജോയിൻ ചെയ്യുമ്പോൾ, അതുല്യ ജോയിൻ ചെയ്യുമ്പോൾ ആ കമ്പനിയിലെ സീക്രട്ട്സ് അവർ അതുല്യനോട് പറയാൻ മടിക്കും. കാരണം നാളെ ഈ കമ്പനിയിൽ നിന്ന് പുറത്തുപോയി കഴിഞ്ഞാൽ ഇവിടുത്തെ കാര്യങ്ങൾ പുറത്തു പറയും എന്ന് അവർ കരുതും. അതാ ഞാൻ പറഞ്ഞത്, പുറത്തല്ലായിരുന്നു പറയേണ്ടിയിരുന്നത്, ഇതിന്റെ ഉള്ളിലായിരുന്നു അത് തീർക്കേണ്ടിയിരുന്നത്. അതുല്യ എന്താ പറയുന്നത് മനസ്സിലാക്കാത്തത്? ഒന്നുമില്ലെങ്കിൽ എനിക്ക് എത്ര വർഷത്തെ എക്സ്‌പീരിയൻസ് ഉണ്ട്.
എന്തുകൊണ്ടാണ് ആ പെണ്ണ് എന്നെ തെറി വിളിച്ചിട്ടും ഞാൻ ഇത് പുറത്തു പറയാഞ്ഞത്? കാരണം ഇതിനകത്ത് തീർത്തില്ലെങ്കിലാണ് നമ്മൾ പുറത്തു പോകേണ്ടത്, അപ്പോൾ നമുക്ക് പറയാൻ ന്യായമുണ്ട്. ഞാൻ ശ്രമിച്ചു. ഞാൻ ഓരോരുത്തർക്കും, ഓരോ മെമ്പേഴ്‌സിനും മെസ്സേജ് അയച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അയച്ചു കൊടുത്തു, അവർ മൈൻഡ് ചെയ്തില്ല. ഞാൻ മെമ്പേഴ്സിന് അയച്ചു കൊടുത്തു, മെമ്പേഴ്സും മൈൻഡ് ചെയ്‌തില്ല. എനിക്ക് നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഞാൻ പുറത്തു പറയേണ്ടി വന്നതെന്ന് പറയാം. ഇതിപ്പോ എന്ത് പറ്റി? ഞങ്ങൾ അവിടുത്തെ കാര്യങ്ങൾ. അതായത് 95,000 രൂപ ഇതിനു വേണ്ടിയിട്ടായി, ഇത്രയും രൂപയായി, ഡിസിപ്ലിനറി കമ്മിറ്റി, ഇതൊക്കെ നമ്മുടെ ഉള്ളിലുള്ള സീക്രട്ട്സ് ആണ്. ഇത് എങ്ങനെ അതുല്യ അറിഞ്ഞാലും അത് പുറത്തു പറഞ്ഞു എന്ന് വരുന്നത് കമ്പനി പോളിസിക്ക് എതിരല്ലേ?
അതുല്യ : ഞാൻ ഈ വിവരം എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സിന് അയച്ചു കൊടുത്ത ശേഷമാണ് ഇത് ലീക്ക് ആയിട്ടുള്ളത്. അത് എന്തായാലും എന്റെ ഫോണിൽ നിന്നല്ല എന്നുള്ളത് ഫോൺ പരിശോധിച്ചോട്ടെ.
നീന : മോളെ, ഇത് ആയിക്കോട്ടെ. ഞാൻ പറഞ്ഞത് മോൾ സംസാരിക്കാൻ പാടില്ലായിരുന്നു എന്നാണ്. മറ്റേയാൾ വിളിച്ചപ്പോൾ അത് അസോസിയേഷൻ്റെ കാര്യമാണ്, ഞാൻ ഇപ്പോൾ അവിടുന്ന് വിട്ടിട്ടേയുള്ളു, എനിക്ക് അവിടെ അവരോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അതിന് എന്തെങ്കിലും ഉത്തരം എനിക്ക് കിട്ടിയിട്ടില്ലെങ്കിൽ ഞാൻ നിങ്ങളോട് സംസാരിക്കാം എന്ന് പറയേണ്ടതല്ലായിരുന്നോ മോളെ? അതല്ലേ ചെയ്യേണ്ടത്? വാദിക്കാൻ പോകാതെ അതാണ് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്തിരുന്നെങ്കിൽ നാളെ ശ്വേതയ്ക്ക് അവിടെ നിന്നിട്ട് ഫൈറ്റ് ചെയ്തിട്ട് അതുല്യനെ തിരിച്ചു കൊണ്ടുവരാൻ പറ്റുമായിരുന്നു. ഞാനൊക്കെ അതിന് സപ്പോർട്ട് നിന്നേനെ. കാരണം അതുല്യയ്ക്ക് അറിയാം എന്റെ നിലപാട്. പക്ഷേ ഇപ്പോൾ എന്നോട് അവർ മെമ്പേഴ്‌സ് ചോദിച്ചാൽ, ‘നീന, പുറത്തു പറഞ്ഞിട്ട്, ഇവിടുത്തെ കാര്യങ്ങൾ പുറത്തു പറഞ്ഞ ഒരാളെ ഞങ്ങൾ എങ്ങനെ തിരിച്ചെടുക്കും? നാളെ ഞങ്ങൾ എങ്ങനെ അവരോട് കാര്യങ്ങൾ അറിയിക്കും? ഇവിടുത്തെ ഓരോ ആൾക്കാരുടെയും, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വരെ നമ്പേഴ്‌സ് ഇവരുടെ കയ്യിൽ ഉള്ളതാണ്. ഇതൊക്കെ ഇവർ നാളെ കൊണ്ടുപോയിട്ട് മറ്റുള്ളവർക്ക് കൊടുക്കില്ല എന്ന് നമുക്ക് എന്താണ് ഉറപ്പ്?’ എന്ന് ചോദിക്കുമ്പോൾ എൻ്റെ വായ പൂട്ടേണ്ടി വരും.
കാരണം അകത്തുള്ള കാര്യങ്ങൾ പുറത്തു പറയാൻ പാടില്ല. മോൾ പറയേണ്ട കാര്യങ്ങൾ കൃത്യമായിട്ട്, കുക്കുവിനെ കുറിച്ചിട്ടും അയാൾ ഇങ്ങനെ ചെയ്തു എന്നും പറയുന്നത് ഉള്ളിലായിരുന്നു ആദ്യം പറയേണ്ടിയിരുന്നത് അതുല്യ. അതാണ് ഞാൻ ഈ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് എന്തുകൊണ്ട് ആലോചിച്ചില്ല ഒന്നും ചെയ്യുന്നതിനു മുമ്പ്? ഒന്നുമില്ലെങ്കിൽ ഞാൻ എപ്പോഴെങ്കിലും അതുല്യയ്ക്ക് എതിർത്തിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതുല്യയ്ക്ക് എന്നെ ഒന്ന് വിളിച്ച് സംസാരിക്കാമായിരുന്നില്ലേ? ഞാൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന കാര്യം എന്താണ്? അതുല്യനെ തിരിച്ചു കൊണ്ടുവരണം, അതുല്യ നീ പോകരുത് എന്നാണ്. അത് ഞാൻ വെറുതെ തമാശയ്ക്ക് ആഗ്രഹിച്ച കാര്യമല്ല, വളരെ സീരിയസ് ആയിട്ട് എൻ്റെ മനസ്സിന്റെ ഉള്ളിൽ നിന്ന് വന്ന ആഗ്രഹമാണ്. മുഹമ്മദും പോകരുത് എന്ന് ഞാൻ പറഞ്ഞത് എന്റെ ഉള്ളിൻ്റെ ഉള്ളിലുള്ള ആഗ്രഹമാണ്. അല്ലാതെ നിങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടിയിട്ട് അന്നത്തെ ആ സന്തോഷത്തിലും സ്നേഹത്തിലും പറയുന്ന കാര്യമല്ല. അത് എന്തുകൊണ്ട് അങ്ങനെയാണെങ്കിൽ എന്നെ ഒന്ന് വിളിച്ച് പറയാമായിരുന്നു, ഞാൻ ഇങ്ങനെയാണ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത് എന്ന്.
അതുല്യ : ഞാൻ ഒരു പ്ലാനിങ്ങും ഇല്ലായിരുന്നു സത്യം. ഞാൻ ഒന്നിനും വേണ്ടി ഇരുന്നതുമല്ല.
നീന : എന്നാൽ അയാൾ വിളിച്ചപ്പോൾ ഉത്തരം പറയാൻ പാടില്ലായിരുന്നു അതുല്യ.
അതുല്യ: എന്റെ സ്‌ഥാനത്ത് നിന്നൊന്ന് ചിന്തിച്ചു നോക്കൂ.