
താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും മുൻ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ്. സംഘടനയിലെ ഒരു വനിതാ ജീവനക്കാരിയും സെക്യൂരിറ്റി ജീവനക്കാരനും ഉന്നയിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നിലവിലെ ഭരണസമിതിക്കെതിരെ ബാബുരാജ് തുറന്നടിച്ചത്. ‘അമ്മ’ എന്ന പുണ്യമായ പേരിനെപ്പോലും അപമാനിക്കുന്ന തരത്തിലാണ് നിലവിലെ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെന്നും സംഘടനയുടെ അന്തസ്സ് തകർക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ അധികാരത്തിലെത്തിയവർ സംഘടനയുടെ ക്ഷേമപ്രവർത്തനങ്ങളെ അട്ടിമറിച്ചുവെന്നും, പാവപ്പെട്ട കലാകാരന്മാർക്ക് നൽകിവന്ന സഹായങ്ങൾ നിർത്തലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓഫിസ് ജീവനക്കാരെ മോശമായി ചിത്രീകരിക്കാൻ ബോധപൂർവമായ ഗൂഢാലോചനകൾ നടക്കുന്നുണ്ട്. ഇതിന് പുറമെ സംഘടനയിൽ വലിയ തോതിലുള്ള സാമ്പത്തിക ധൂർത്ത് നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
വർഷങ്ങളോളം ഒത്തൊരുമയോടെ കൊണ്ടുനടന്ന സംഘടന ഇന്ന് ഭരണപരമായ അരാജകത്വത്തിലേക്കും വ്യക്തിപരമായ താല്‌പര്യങ്ങളിലേക്കും വഴിമാറുകയാണ്. ഈ സാഹചര്യത്തിലാണ് താൻ പ്രതികരിക്കാൻ തയ്യാറായതെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ബാബുരാജ് വ്യക്തമാക്കി. സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾ കൂടുതൽ ചർച്ചയാകുന്ന സാഹചര്യത്തിൽ ബാബുരാജിന്റെ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.
“അമ്മയിൽ നടന്ന സംഭവങ്ങളെല്ലാം അറിഞ്ഞു. അമ്മയിലെ ജീവനക്കാരിയായ അതുല്യ എക്‌സിക്യൂട്ടീവിൽ നൽകിയ പരാതിയും വായിച്ചു. ആ പരാതി വായിച്ചാൽ ആരുടെയും തല കറങ്ങിപ്പോകും. അതാണ് അവസ്‌ഥ. എന്നോട് ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചാൽ എനിക്ക് പറയാനുള്ളത് ഇതാണ്; ഇത്തവണ മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ തന്നെ കാരണം ‘അമ്മ’ എന്ന സംഘടനയുടെ ആ ഒരു മഹത്വം ഓർത്തിട്ടാണ്. ആരോപണവിധേയരായ ആൾക്കാർ മത്സരിക്കാൻ പാടില്ല, ഇത് അത്രയും ദൈവികവും പുണ്യവുമായ സംഘടനയാണ് എന്നൊക്കെ പറഞ്ഞ് കുറേപേർ മുറവിളി കൂട്ടിയതുകൊണ്ടാണ്. ‘ഈ പ്രാവശ്യം സ്ത്രീകൾ ഭരിക്കട്ടെ’ എന്ന് പറഞ്ഞ് അവർ അധികാരത്തിൽ വന്നത്. അല്ലാതെ അവിടെ മത്സരിക്കാനോ അത് കൊണ്ടുനടക്കാനോ അറിയുന്ന ആൾക്കാർ ഇല്ലാത്തതുകൊണ്ടല്ല. എത്രയോ വർഷം വളരെ ഭംഗിയായിട്ടാണ് നമ്മളൊക്കെ ‘അമ്മ’ നോക്കിനടത്തിയത്. കൃത്യമായ കണക്കുകളും ബാങ്ക് ബാലൻസും ഒക്കെ ഏൽപ്പിച്ചിട്ടാണ് നമ്മൾ അവിടുന്ന് മാറിപ്പോകുന്നത്. ഇതിൻ്റെ പിന്നിൽ ഈ സംഘടന തുടങ്ങിയ കാലം മുതൽ പ്രവർത്തിച്ചവരുടെയും മരിച്ചുപോയവരുടെയും ഒക്കെ വലിയ അധ്വാനമുണ്ട്.
ഞാൻ ഇതിനോടൊന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു. പക്ഷേ പല അംഗങ്ങളും വിളിച്ചു പറയാൻ തുടങ്ങി, ‘ബാബുരാജ് പ്രതികരിക്കാത്തത് അയാൾക്കെതിരെ ഒരുപാട് ആരോപണങ്ങൾ ഉള്ളതുകൊണ്ടാണ്’ എന്ന്. അപ്പോൾ പിന്നെ നമ്മൾ മിണ്ടാതിരിക്കുന്നത് ശരിയല്ലല്ലോ. ‘അമ്മ’യുടെ മുൻ ജോയിന്റ് സെക്രട്ടറി എന്ന നിലയിലാണ് ഞാൻ ഇത് പറയുന്നത്. ഏഴു വർഷം എക്സിക്യൂട്ടീവ് മെമ്പറായും ഒരു വർഷം ജോയിൻ്റ് സെക്രട്ടറിയായും ഇരുന്ന എനിക്ക് സത്യത്തിൽ ഇതൊക്കെ കണ്ടപ്പോൾ അദ്ഭുതം തോന്നി. അവിടുത്തെ ഒരു മാനേജർ പോസ്‌റ്റിലുള്ള ഒരാളെ പുറത്താക്കാൻ വേണ്ടി അവിടുത്തെ സെക്യൂരിറ്റിയുമായി അവർക്ക് അവിഹിത ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നു എന്ന് പറഞ്ഞാൽ എന്താണ് ഈ ‘അമ്മ’യുടെ ഓഫിസിൽ നടക്കുന്നത്? ഒരു സ്ത്രീയെയും പുരുഷനെയും മോശമായി ചിത്രീകരിച്ച് പുറത്താക്കാൻ നോക്കുന്നത് വളരെ മോശമായ കാര്യമാണ്. ആ സെക്യൂരിറ്റിയെ സ്വാധീനിച്ച്, ‘മാനേജരും നിങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പറയണം, എങ്കിൽ നിങ്ങളെ പെർമനന്റ് ആക്കാം’ എന്ന് വരെ വാഗ്ദാനം നൽകി. ഷർട്ടില്ലാത്ത ഫോട്ടോ അയച്ചുകൊടുക്കാൻ വരെ ആവശ്യപ്പെട്ടു. ഇതെല്ലാം അവിടെ റെക്കോർഡ് ചെയ്‌വെച്ചിട്ടുണ്ട്.
ഇതൊക്കെ എത്ര മോശമായ കാര്യങ്ങളാണ്? നമ്മുടെ ബൈലോയിൽ കൃത്യമായി പറയുന്നുണ്ട് ഓഫിസ് സമയം അഞ്ചുമണി വരെയാണെന്ന്. ഞങ്ങളൊക്കെ ഉള്ള സമയത്ത് പരമാവധി ആറ് മണി അല്ലെങ്കിൽ ഏഴു മണി വരെ ഇരിക്കും. ഇതിപ്പോൾ വെളുപ്പിന് രണ്ട് മണിക്കും നാല് മണിക്കും ഒക്കെ ഓഫിസ് തുറന്നിടുന്നത് എന്തിനാണ്? അതൊന്നും ചെയ്യാൻ പാടില്ലാത്തതാണ്. അവർ വീട്ടിൽ പോയതിനുശേഷവും അവരെക്കൊണ്ടു ജോലി ചെയ്യിക്കുകയാണ് എന്ന് പറയുന്നത് തികച്ചും തെറ്റാണ്. പണ്ട് സിനിമാക്കാർക്ക് അവിടെ വന്നിരിക്കാൻ അധികം സമയം കിട്ടുമായിരുന്നില്ല. ഞങ്ങളൊക്കെ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ് വച്ചാൽ നാലോ അഞ്ചോ മണിക്കൂർ കൊണ്ട് തീർക്കുമായിരുന്നു. ഇപ്പോൾ അവിടെ കറന്റ് ബില്ല് മാത്രം 36,000 രൂപയായി എന്നാണ് അവരുടെ കത്തിൽ പറയുന്നത്.
മറ്റൊരു കാര്യം, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഒരു കമ്മിറ്റിയെ വച്ചു. ആ കമ്മിറ്റിക്കുവേണ്ടി മാത്രം 95,000 രൂപയാണ് ചെലവാക്കിയത്. മാരിയറ്റ് ഹോട്ടലിലൊക്കെയാണ് അതിന്റെ മീറ്റിങ് നടന്നത്. ഇതിൻ്റെ മറുവശത്ത് പാവപ്പെട്ട അംഗങ്ങൾ പലരും തങ്ങൾക്ക് സഹായങ്ങൾ കിട്ടുന്നില്ലെന്ന് പരാതി പറയുകയാണ്. ഉദാഹരണത്തിന് ബീന കുമ്പളങ്ങി ചേച്ചി, അവർക്ക് കഴുത്ത് തുളച്ച് ട്യൂബ് ഇട്ടിരിക്കുകയാണ്. അവർക്ക് ഞങ്ങൾ സ്‌ഥിരമായി ഒരു തുക എത്തിച്ചിരുന്നു. അവരുടെ അവസ്‌ഥ കണ്ടിട്ടാണ് അന്ന് മോഹൻലാൽ പറഞ്ഞത്, “മോനെ ഒന്നും നോക്കണ്ട, ആ പൈസ അവരുടെ കയ്യിൽ കൃത്യമായി എത്തണം’ എന്ന്. അതെല്ലാം ഇവർ നിർത്തിക്കളഞ്ഞു. ആ ചേച്ചി വിളിച്ചാൽ ഫോൺ എടുക്കരുത് എന്നാണ് മാനേജരോട് ഇവർ പറഞ്ഞിരിക്കുന്നത്. ഇതാണോ ഇവരുടെ ക്ഷേമപ്രവർത്തനം?
അവിടെ ട്രഷറർ അധികാരം കയ്യടക്കിയിരിക്കുകയാണ്. കാലാകാലങ്ങളായി സെക്രട്ടറിയും ജോയിൻ്റ് സെക്രട്ടറിയും ഒക്കെ നോക്കിയിരുന്ന കാര്യങ്ങളൊക്കെ ഇപ്പോൾ ട്രഷറർ ആണ് ചെയ്യുന്നത്. ട്രഷറർ അവിടെ നേരം വെളുക്കുവോളം ഇരിക്കുകയാണ്. ജോയിൻ്റ് സെകട്ടറിയായിരുന്ന അൻസിബ രാജിവച്ചു. ആ കുട്ടിയുടെ ഓഫിസ് ട്രഷറർ കയ്യടക്കിയിരിക്കുകയാണ്. ജീവനക്കാരി കൊടുത്ത കത്തിൽ അൻസിബയ്ക്കെക്കെതിരെ ഒരു നടനുമായി ചേർത്ത് ഗുരുതരമായ ആരോപണങ്ങൾ ഇവർ ഉന്നയിച്ചതായി പറയുന്നുണ്ട്. ആ കത്ത് വായിച്ചാൽ നമുക്ക് അത് ആരോടും പുറത്തു പറയാൻ പോലും പറ്റില്ല. അതുകൊണ്ടായിരിക്കാം അൻസിബ മനസ്സു മടുത്ത് രാജിവച്ചത്. സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് കരുതിയാണ് ഇവരെ ഇതൊക്കെ ഏൽപ്പിച്ചത്. പ്രസിഡൻ്റ് ഒന്നും അറിയില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അവിടെ നടക്കുന്ന കാര്യങ്ങൾ പ്രസിഡന്റ്റ് അറിയേണ്ടതല്ലേ? ലാലേട്ടൻ പ്രസിഡൻ്റായിരുന്നപ്പോൾ അവിടെ ഒരു ബൾബ് മാറ്റിയാൽ പോലും അദ്ദേഹം അറിയുമായിരുന്നു. ഇതിപ്പോൾ പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത്. എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് റൂം കൊടുക്കരുത് എന്ന് പറയുന്നു! താക്കോൽ മൊത്തം ഇവരുടെ കയ്യിലാണ്.
അവിടുത്തെ പഴയ ക്യാമറ മാറ്റിയിട്ട് ശബ്ദം കൂടി കേൾക്കാൻ പറ്റുന്ന ക്യാമറകൾ വെച്ചു എന്ന് കേൾക്കുമ്പോൾ എന്താണ് അവിടെ നടക്കുന്ന ഗൂഢാലോചന? ടിനി ടോമോ കൈലാഷോ ഒന്നും ഇതിനെക്കുറിച്ച് അറിയുന്നില്ല എന്നാണ് പറയുന്നത്. പണ്ട് ബീന കുമ്പളങ്ങി ചേച്ചിക്ക് അസുഖം വന്നപ്പോൾ അവരെ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചവരാണ് ഞങ്ങൾ. ഇപ്പോൾ അവർ ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ല. നിലവിൽ സിനിമയിൽ അഭിനയിക്കുന്നവരുടെ പ്രശ്‌നങ്ങളിൽ പോലും ഇവർ ഇടപെടുന്നില്ല. അടുത്ത ജനറൽ ബോഡിയിൽ ഇതിനൊക്കെ ഒരു തീരുമാനം ഉണ്ടാകണം. കുക്കുവിനെതിരെ നടപടിയെടുത്തിട്ടില്ല, ട്രഷററോട് അവധിയിൽ പോകാൻ പറയുകയാണ് ചെയ്‌തത്. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ പ്രവർത്തിക്കും എന്ന് പറഞ്ഞു വന്നിട്ട് അവസാനം ഇതാണ് അവസ.
ഈ വിവരങ്ങളൊക്കെ ഞങ്ങൾ അറിയുന്നത് ‘അമ്മ’യിലെ ജീവനക്കാരിയായ അതുല്യ സമർപ്പിച്ച പരാതിയിൽ നിന്നാണ്, ‘അമ്മ’യിലെ സെക്യൂരിറ്റി ജീവനക്കാരനും ഒരു പരാതി സമർപ്പിച്ചിരുന്നു. അതിലും ഗുരുതരമായ വിഷയങ്ങളാണ് പറയുന്നത്. അവരുടെ പരാതിയിൽ നിന്നാണ് ഇത്രയും ഗുരുതരമായ കാര്യങ്ങൾ അവിടെ നടക്കുന്നുണ്ട് എന്ന് ഞങ്ങളെല്ലാം അറിഞ്ഞത്. ഇടവേള ബാബുവും സിദ്ദീഖും ജഗദീഷും ഒക്കെ വർഷങ്ങളായി കൊണ്ടുനടന്ന സംഘടനയിൽ ഇതൊക്കെ നടക്കുന്നത് കണ്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്. മുൻ ഭാരവാഹികൾ പ്രതികരിക്കാത്തത് അവരെ പേടിച്ചിട്ടല്ല, മറിച്ച് ‘ഞങ്ങൾ സ്ത്രീകളെ ഭരിക്കാൻ സമ്മതിക്കുന്നില്ല’ എന്ന് അവർ വരുത്തിത്തീർക്കണ്ട എന്ന് കരുതിയിട്ടാണ്.
എല്ലാം ജനറൽ ബോഡിയിൽ പറയാം എന്നു വച്ച് മിണ്ടാതിരുന്നതാണ്. സംഘടന ആരും ഉപേക്ഷിച്ചു പോയതല്ല, എല്ലാവരും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിഴുപ്പലക്കണ്ട എന്ന് കരുതി മൗനം പാലിച്ചത് ഒരു ബലഹീനതയായി കാണരുത്. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ പ്രതികരിക്കുന്നത്. ഇനിയും ഒരുപാട് പറയാനുണ്ട് അതൊക്കെ ജനറൽ ബോഡിയിൽ പറയാനാണ് തീരുമാനം. മിണ്ടാതിരിക്കുന്നു എന്ന് കരുതി സംഘടന അനാഥമായി എന്ന് ആരും കരുതരുത്, “- ബാബുരാജ് പറയുന്നു.