
താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാനത്ത് ജീവനക്കാർ ക്രൂരമായ തൊഴിൽ പീഡനത്തിന് ഇരയാകുന്നതായി സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഓഫീസ് മാനേജരായിരുന്ന അതുല്യയുടെ പരാതിക്ക് പിന്നാലെ, സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് സംഘടനയുടെ പ്രസിഡന്റിനും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും നൽകിയ പരാതിയുടെ പകർപ്പാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തായിരിക്കുന്നത്.
ട്രഷറർ ഉണ്ണി ശിവപാൽ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർ സ്റ്റാഫുകളെ അടിമകളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് മുഹമ്മദ് കത്തിൽ ആരോപിക്കുന്നു. തന്നേയും മാനേജർ അതുല്യയെയും ചേർത്ത് ട്രഷറർ മോശമായ രീതിയിൽ സംസാരിച്ചതായും, ഒരു സ്ത്രീയെ അപകീർത്തിപ്പെടുത്താൻ തന്റെ പേര് ഉപയോഗിക്കരുതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. പ്രസിഡന്റിന് നൽകിയ പരാതി പിൻവലിക്കാൻ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തന്നെ നിർബന്ധിച്ചതായും, ഇതിനായി മാനേജർക്കെതിരെ മൊഴി നൽകിയാൽ ജോലി സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തതായും മുഹമ്മദ് വെളിപ്പെടുത്തി.
സംഘടനയുടെ കെട്ടിടത്തിലെ നാലാം നിലയുടെ താക്കോൽ സ്വന്തം കൈവശം വെച്ചുകൊണ്ട് അത് സെക്രട്ടറിയുടെ പക്കലാണെന്ന് എക്സിക്യൂട്ടീവ് അംഗങ്ങളോട് കള്ളം പറയാൻ ഉണ്ണി ശിവപാലും കുക്കുവും തന്നെ നിർബന്ധിച്ചതായി മുഹമ്മദ് മാപ്പപേക്ഷയോടെ കത്തിൽ സമ്മതിക്കുന്നുണ്ട്. മാനേജർ അതുല്യ ഉന്നയിച്ച പല പരാതികളും ശരിവെക്കുന്ന കാര്യങ്ങളാണ് സെക്യൂരിറ്റി ജീവനക്കാരന്റെ കത്തിലുള്ളത്. ഉണ്ണി ശിവപാലിന്റെ മോശം പെരുമാറ്റം കാരണം അതുല്യ ഓഫീസിലിരുന്ന് കരയാറുണ്ടായിരുന്നുവെന്നും അവരെ മാനസികരോഗിയായി ചിത്രീകരിക്കാൻ ട്രഷറർ ശ്രമിച്ചതായും മുഹമ്മദ് ആരോപിക്കുന്നു.
തനിക്ക് മലയാളം എഴുതാൻ അറിയില്ലെന്ന ധാരണയിൽ പല നിയമവിരുദ്ധ കാര്യങ്ങളും തന്നെക്കൊണ്ട് ചെയ്യിക്കാൻ ഇവർ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. ജീവനക്കാരുടെ അറ്റൻഡൻസ് രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ പരാതിയിലെ സത്യം ബോധ്യപ്പെടുമെന്നും, സംഘടനയിലെ പല കാര്യങ്ങളും പ്രസിഡന്റോ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളോ അറിയുന്നില്ലെന്ന് തോന്നിയതിനാലാണ് ഇത്തരമൊരു കത്തെഴുതുന്നതെന്നും മുഹമ്മദ് വ്യക്തമാക്കുന്നു.
മുഹമ്മദിന്റെ കത്തിൻ്റെ പൂർണരൂപം:
“ബഹുമാനപ്പെട്ട പ്രസിഡൻ്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് എന്നിവർ അറിയാൻ,
നവംബർ 2025 മുതൽ ഏജൻസി വഴി സെക്യൂരിറ്റി ഗാർഡ് ആയി ഇവിടെ അമ്മ അസോസിയേഷനിൽ ജോലിചെയ്തുവരുന്ന ആളാണ് മുഹമ്മദ് എന്ന ഞാൻ. ഞാൻ വന്ന ദിവസം മുതൽ ഇന്നുവരെ ഇവിടുത്തെ ചില പ്രധാനപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. ഞാൻ ചില ബുദ്ധിമുട്ടുകൾ നേരിട്ട് പറഞ്ഞപ്പോൾ ഏജൻസി വഴി വന്ന ആളായതിനാൽ എനിക്ക് ഇവിടെ പരാതി പറയാൻ യാതൊരു അവകാശവുമില്ല എന്ന് ഇവിടുത്തെ ജനറൽ സെക്രട്ടറി ആയ കുക്കു പരമേശ്വരൻ മാഡം പലതവണ എന്നോട് താക്കീത് ചെയുകയാണുണ്ടായത്.
പക്ഷേ ഇവിടുത്തെ കാര്യങ്ങളും ഞാൻ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങളും അസോസിയേഷൻ അറിയുന്നതിന് പകരം ഞാൻ പുറത്തുപോയി പറഞ്ഞാൽ അത് പിന്നീട് അസോസിയേഷന് മൊത്തത്തിൽ നാണക്കേട് ആകുന്നതിനു കാരണം ആയെങ്കിലോ എന്ന് ചിന്തിച്ചതുകൊണ്ടും പിന്നെ ചില സംഭവങ്ങൾക്ക് നേരിട്ട് സാക്ഷി ആയതിനാൽ പല കാര്യങ്ങളും ജനറൽ സെക്രട്ടറി ട്രഷറർ എന്നതിന് അപ്പുറം പ്രസിഡന്റും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും അറിയുന്നില്ല എന്ന തോന്നൽ വന്നതിനാലുമാണ് ഞാൻ ഇങ്ങനെ ഒരു കത്ത് എഴുതുന്നത്.
ഇവിടെ ജോലിക്കു വന്നശേഷം ലീവ് പോലും എടുക്കാതെ മുഴുവൻ സമയവും ജോലി ചെയ്തിരുന്നു. അവധി ദിവസങ്ങളിൽ മിക്കവാറും ട്രഷറർ ഉള്ളതുകൊണ്ട് ഓഫിസ് തുറന്നു തന്നെ ആണ് ഉണ്ടാവാറുള്ളത്. അതിൽ എന്നെ ബാധിക്കുന്ന കാര്യം എന്തെന്നാൽ രാവിലെ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചിട്ട് 10 മണിക്ക് വരുമെന്ന് പറയുകയും, പിന്നീട് വിളിക്കുമ്പോൾ 10 മിനിറ്റിനുള്ളിൽ വരുമെന്ന് പറയുകയും ഇങ്ങനെ പലതവണ സമയം മാറ്റിപ്പറയുകയും ചില ദിവസങ്ങളിൽ വരാതിരിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഒന്ന് ഭക്ഷണം കഴിക്കാൻ പോകാനോ വസ്ത്രം അലക്കാൻ പോകാനോ കഴിയാത്ത വിധം എനിക്ക് സ്‌ഥിരമായി ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഞാൻ യൂണിഫോം ഇല്ലാതെ ജോലിക്ക് നിന്നിട്ടുള്ളത് പലദിവസങ്ങളിലും നിങ്ങളിൽ പലരും കണ്ടിട്ടുമുണ്ടാവുമല്ലോ.
സെക്യൂരിറ്റി ആണെങ്കിലും ഞാനൊരു മനുഷ്യനല്ലേ. കുറച്ചു മാനുഷിക പരിഗണനയോട് കൂടിയ പെരുമാറ്റം ഉണ്ടായില്ലെന്നു മാത്രമല്ല ഇതെപ്പറ്റി ചെറുതായി ഒന്ന് സൂചിപ്പിച്ചപ്പോൾ വളരെ ദേഷ്യത്തോടെ ‘ഞാൻ പറയുമ്പോൾ ഓഫിസ് തുറക്കാനും അടയ്ക്കാനും ഞാൻ പറയുന്ന പണികളെല്ലാം ചെയ്യാനും ഉള്ള ആളിനെ ആണ് എനിക്കിവിടെ വേണ്ടത്’ എന്നും, ലണ്ടനിൽ 1500 സ്‌റ്റാഫ് ഉള്ള കമ്പനിയുടെ ഉടമ ആയിരുന്നു ട്രഷറർ എന്നും, ഇവിടുത്തെ 3 സ്‌റ്റാഫും അദ്ദേഹത്തിന്റെ സ്‌റ്റാഫ് ആണെന്നും അല്ലാതെ ‘അമ്മ’ അസോസിയേഷന്റെ സ്‌റ്റാഫ് അല്ലെന്നും അദ്ദേഹം പറയുന്നതനുസരിച്ചു മാത്രം ജോലിചെയേണ്ടവരാണെന്നും പറഞ്ഞു. ജനറൽ സെക്രട്ടറി കുക്കു മാഡത്തിൻ്റെ പെരുമാറ്റവും അത് ശരിവെയ്ക്കുന്ന രീതിയിൽ ആയതിനാൽ ഞാൻ നിസ്സഹായനായിപോകുകയാണ് ഉണ്ടായത്.
പിന്നീട് ഒരു വൈകുന്നേരം 5 മണിക്ക് ശേഷം ട്രഷറർ ഉണ്ണി ശിവപാൽ സർ എന്നോട് പോസ്‌റ്റ്ഓഫിസിൽ പോയിവരാൻ ആവശ്യപ്പെട്ടുകൊണ്ട് കുറച്ചു കത്തുകൾ അയക്കാൻ ഏൽപിച്ചു. 5മണിക്ക് എല്ലാ പോസ്‌റ്റ് ഓഫിസുകളും അടയ്ക്കുമെന്നതിനാൽ ഗൂഗിൾ നോക്കി മറൈൻ ഡ്രൈവ് ഹെഡ് പോസ്റ്റ് ഓഫിസിൽ പോയിവരാൻ എന്നോട് പറഞ്ഞു. മാനേജർ അതുല്യമാഡം വീട്ടിൽ പോകാൻ ഇറങ്ങിയ സമയമാണ്. അവർ പുറത്ത് വണ്ടി കാത്ത് നിൽപ്പുണ്ടാരുന്നു. ഞാൻ ഊബർ ബുക്ക് ചെയ്‌ത് പോകുകയും ചെയ്തു. ഞാൻ പോയ ഉടനെ ഉണ്ണിസാർ അന്നുണ്ടാരുന്ന ഹൗസ് കീപ്പിങ് സ്‌റ്റാഫ് ആയ മുഷ്റഫിനോട് അതുല്യയും മുഹമ്മദദും ഒരു വണ്ടിയിലാണോ പോയതെന്ന് ചോദിച്ചതായി ഞാൻ തിരിച്ചെത്തിയപ്പോൾ എന്നോടും പിറ്റേദിവസം രാവിലെ അതുല്യ മാഡത്തോടും അവൻ പറഞ്ഞു. ഞാൻ തിരികെ ഓഫിസിൽ എത്തിയപ്പോൾ എന്നോട് അങ്ങനെ ചോദിച്ചതുമില്ല. പിന്നെ എന്ത് കഥ മെനയാനാണ് ഇത്തരത്തിലെ നിലവാരം ഇല്ലാത്ത ഒരു ചോദ്യം അദ്ദേഹത്തിൽ നിന്നുണ്ടായതെന്നു എനിക്ക് അറിയില്ല. ഞാൻ അന്നുതന്നെ അദ്ദേഹത്തോട് അത് നേരിട്ട് ചോദിക്കുകയും അദ്ദേഹം മറുപടി ഒന്നും പറയാതെ തലകുനിച്ചു പോകുകയുമാണ് ചെയ്തത്.
അതുല്യമാഡത്തെ അപകീർത്തിപ്പെടുത്താൻ എൻ്റെ പേര് ഉപയോഗിക്കേണ്ടതില്ലല്ലോ. അതും കഴിഞ്ഞു വന്നശേഷം വക്കീൽ ഓഫിസിൽ നിന്നും എന്നെ വിളിച്ചിട്ട് ആഡ് റജിസ്‌റ്റർ ചെയ്യാൻ പറഞ്ഞിട്ട് എന്താണ് ചെയ്യഞ്ഞതെന്ന അടുത്ത ചോദ്യം ചെയ്യലുണ്ടായി. ഉണ്ണി സർ എന്നോട് സ്പീഡ് പോസ്‌റ്റ് എന്ന് മാത്രം പറഞ്ഞിട്ട് ഞാൻ മിസ്‌റ്റേക്ക് കാണിച്ചു എന്ന വിധത്തിൽ വക്കീലിനോട് പറഞ്ഞിട്ട് എൻ്റെ നമ്പറും വക്കീലിന് കൊടുത്തു. എന്നെ പുറമെ നിന്നും മറ്റൊരാൾ വിളിച്ചു വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടാക്കിത്തന്നു. എൻ്റെ ഏജൻസി പറഞ്ഞിരിക്കുന്ന പ്രകാരം 12മണിക്കൂർ ഡ്യൂട്ടി ചെയ്യണ്ട ഞാൻ ട്രഷറർക്കും ജനറൽ സെക്രട്ടറിക്കും വേണ്ടി 24 മണിക്കുറും ഡടി ആണ് ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന് ഇവിടുത്തെ അറ്റൻഡൻസ് പരിശോധിച്ചാൽ നിങ്ങൾക്കെല്ലാവർക്കും മനസ്സിലാവും.
1 എന്റെ ഏജൻസിയിൽ നിന്നും പലതവണ പരിശോധനയ്ക്ക് വന്നപ്പോഴും അവർ അത് നേരിൽ കണ്ട് മനസിലാക്കിയതുമാണ്. ഏജൻസി ഓവർ ടൈമിന് പേയ്മെന്റ് ആവശ്യപ്പെട്ടപ്പോൾ മുഹമ്മദിന് ഞങ്ങൾ നേരിട്ട് എന്തെങ്കിലും വേണ്ടത് ചെയ്തോളാം എന്ന് ജനറൽ സെക്രട്ടറി കുക്കു മാഡം പറഞ്ഞിട്ടുണ്ട്. എന്നിട്ട് അതിൻറെയൊന്നും യാതൊരു പരിഗണനയോ ഓവർ ടൈമിന് പേയ്മെന്റോ, കുറഞ്ഞപക്ഷം റസ്‌റ്റ്‌പോലും എനിക്ക് ഇവിടെ ലഭിക്കാറില്ല എന്ന വിവരവും ഞാൻ അറിയിക്കുകയാണ്. സ്‌റ്റാഫ് എന്നാൽ ‘അടിമ ‘ ആണെന്ന മനോഭാവം ആണ് ഈ പറഞ്ഞ ബഹുമാന്യരായ രണ്ടു വ്യക്തികളുടെയും ഭാഗത്തു നിന്നും ഉണ്ടായത്. ദയവ് ചെയ്‌തത് സ്‌റ്റാഫ് അറ്റൻഡൻസ് അതുല്യ മാഡം ടൈം സഹിതം എഴുതി വച്ചിരുന്നത് കമ്മറ്റി പരിശോധിക്കണമെന്ന് അഭ്യർഥിക്കുകയാണ്. എൻ്റെ ഏജൻസിയിൽ നിന്നും വന്ന സാറിനോട് അന്നേ ദിവസം കുക്കു മാഡം സംസാരിച്ചപ്പോൾ മേല്പറഞ്ഞ ഓവർടൈമിൻ്റെ തുക നൽകാമെന്നു ആദ്യഘട്ടത്തിൽ സമ്മതിച്ചു. പിന്നീട് ഉണ്ണി സാർ അദ്ദേഹത്തെ തിരിച്ചു വിളിച്ചുവരുത്തുകയും അങ്ങനെ കാശൊന്നും തരാൻ കഴിയില്ല എന്ന് പറയുകയും ചെയ്തു. അന്ന് ഏജൻസിയിലെ സാർ പോകാൻ നേരം എന്നോട് ചോദിച്ചു ഇവിടുത്തെ കാര്യങ്ങളൊക്കെ തീരുമാനം എടുക്കുന്ന ആള് ട്രഷറർ ആണോ സെക്രട്ടറിക്കും പ്രസിഡൻ്റിനും യാതൊരു റോളും ഇല്ലേ എന്ന്.
മാനേജർ ആയിട്ട് കൂടുതൽ അടുപ്പം വയ്ക്കണ്ട എന്ന് എന്നോട് പലതവണ ട്രഷറർ ഉണ്ണിശിവപാൽ സർ പറയാറുണ്ട്. സ്‌ഥാപനത്തിൻ്റെ സെക്യൂരിറ്റി ആയി വന്ന എനിക്ക് ഇവിടെ ആരോടുമായി പ്രത്യേകിച്ച് ഒരു അടുപ്പവും ഇല്ലെന്നിരിക്കെ ഇത്തരത്തിൽ എന്നോട് എന്തിനു പറയുന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മാനേജറെ അകാരണമായി പലപ്പോഴും ശകാരിക്കാറുള്ളതും അപമാനിച്ചു സംസാരിക്കുന്നതും നേരിട്ട് ഞാൻ കണ്ടിട്ടുള്ളതാണ്. മാനേജറെ ഉടൻ തന്നെ പറഞ്ഞുവിടുമെന്നുപോലും സെക്യൂരിറ്റി ആയ എന്നോട് ഇദ്ദേഹം ഏപ്രിൽ 22ന് പറയുകയുമുണ്ടായി. അതുപോലെ മാനേജർ കരയുന്നത് മുഹമ്മദ് കാണാറുണ്ടോ അവർക്കെന്തോ മാനസികരോഗം ഉണ്ടെന്ന് തോന്നിയിട്ടില്ലേ എന്നൊക്കെ എന്നോട് പലപ്പോഴും ചോദിച്ചിട്ടുമുണ്ട്.
കുടുംബ സംഗമത്തിൻ്റെ തലേദിവസം തിരക്കുള്ള സമയത്ത് എൻ്റെ ഊബർ ബിൽ മാനേജർ പ്രിൻ്റ് വിട്ടിട്ട് എന്നോട് എടുക്കാൻ പറഞ്ഞത് കണ്ട്, ചെറിയ തെറ്റിദ്ധാരണയിൽ അഞ്ജലി മാഡം എന്നോട് ജോലിയിൽ ബുദ്ധിമുട്ട് ഉണ്ടോ പരാതി എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം എന്നൊക്കെ പറഞ്ഞ് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇതേ വിഷയം അഞ്ജലി മാഡം പറഞ്ഞറിഞ്ഞ ഉണ്ണിസാർ എന്നോട് ചോദിച്ചത് സരയു മാഡം മുഹമ്മദിനോട് എന്തോ പ്രശ്‌നം ഉണ്ടാക്കാൻ പറഞ്ഞു അല്ലേ എന്നാണ്. സരയു മാഡത്തിനെയും അഞ്ജലിമാഡത്തിനെയും അങ്ങനെ മാറിപോകുന്ന ആളല്ല ഉണ്ണിസാർ എന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ.
മനഃപൂർവം സരയു മാഡത്തെ പ്രശ്നക്കാരി ആക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നപോലെ ആണ് എനിക്ക് മനസിലായത്. ഇതേ അന്വേഷണം നടത്തിയ ആളുകൾ ഈദിന് ഗിഫ്റ്റ് പാക്ക് ചെയ്യാനുള്ള സാധനങ്ങൾ മുഴുവനും ഒരു ചുമട്ടുകാരനെ പോലെ എന്നെകൊണ്ട് ചുമപ്പിച്ചത് ഏജൻസിയിൽ നിന്നും പതിവ് സന്ദർശനത്തിനെത്തിയ സർ കാണുകയും എന്റെ ജോലികളിൽ പെടാത്ത ജോലികൾ ചെയ്യിക്കുന്നതിലെ അതൃപ്തി ജനറൽ സെക്രട്ടറിയെ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ പുറമെ പാതിരാത്രി വന്നു ഇവിടെ ഇരിക്കാറുള്ള ട്രഷററും ജനറൽ സെക്രട്ടറിയും അവർക്കുള്ള ചായ വരെ എന്നെകൊണ്ട് ഉണ്ടാക്കിക്കാറുണ്ട്. ട്രഷററുടെ മകൾക്ക് സ്വിഗി ഓർഡർ ചെയ്യാൻ, ലീവായിരുന്ന മാനേജറെ വിളിക്കുകയും വിളിച്ചിട്ട് മാഡം എടുത്തില്ലെന്നും പറഞ്ഞു എന്നെകൊണ്ട് സ്വിഗി ഓർഡർ ചെയിക്കുകയും ചെയ്തു. ഇതൊക്കെ സെക്യൂരിറ്റി ആയ എന്റെ ജോലിയിൽ പറഞ്ഞിട്ടുള്ളതല്ല എന്ന് ഞാൻ അറിയിക്കാൻ ആഗ്രഹിക്കുകയാണ്. അതുപോലെ 400/500കത്തുകൾ തന്നിട്ട് പോസ്റ്റ് ഓഫിസിൽ കൊണ്ടുപോയി ഒറ്റയ്ക്ക് സ്‌റ്റാമ്പ് ഒട്ടിക്കൽ, എന്നെ ബാങ്കിൽ പറഞ്ഞു വിടൽ എന്നിവയും ട്രഷറർ ചെയ്യാറുണ്ട്. അതുല്യ മാഡം ഉള്ളപ്പോൾ ഇത്തരം ജോലികളിൽ നിന്നും എന്നെ അവർ ഒഴിവാക്കി തന്നുകൊണ്ട് മാഡം തനിയെ ഇതൊക്കെ ചെയുന്നത് കാണാറുണ്ട്.
അതുപോലെ ഞാൻ വോട്ട് ചെയ്യാൻ പോകുന്നതിനു കുറച്ചു ദിവസം മുന്നേ തന്നെ ഉണ്ണി സാറിനോടും കുക്കു മാഡത്തോടും ഏജൻസിയിലും പറഞ്ഞിരുന്നു. ഞാൻ വോട്ട് ചെയ്‌തു വന്ന ശേഷം കുക്കു മാഡം എന്നോട് ഞാൻ ഉണ്ണിസാറിനോട് പറയാതെ വോട്ട് ചെയ്യാൻ പോയതെന്തിനാണെന്നുള്ള രീതിയിൽ ചോദ്യം ചെയ്യൽ ഉണ്ടായി. വോട്ട് ചെയ്യൽ എന്നത് എൻ്റെ പൗരാവകാശം ആണെന്നിരിക്കെ എല്ലാ ഓഫിസിലും വോട്ട് ചെയ്യാൻ എല്ലാ സ്‌റ്റാഫിനും അവകാശം ഉണ്ടെന്നിരിക്കെ എന്റെ വ്യക്തി സ്വാതന്ത്യത്തിലെ അനാവശ്യമായ ഒരു കടന്നുകയറ്റമായിട്ടാണ് എനിക്ക് ആ ചോദ്യം ചെയ്യലിനെ തോന്നിയത്.
കെഎസ്ഇബി ബില്ല് ഈ കഴിഞ്ഞ മാസങ്ങളിൽ അമിതമായ വർധനവുണ്ടായപ്പോൾ കെഎസ്ഇബിയിൽ നിന്നും വന്ന സ്‌റ്റാഫ് സോളാർ ശരിയായി വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണം എന്ന് പറഞ്ഞു. ഞാനും മാനേജരും ഇവിടെ അതറിയിക്കുകയും ജനറൽ സെക്രട്ടറിയോ ട്രഷററോ ഇതെക്കുറിച്ച് പിന്നീടൊന്നും പറയുകയോ ചെയ്‌തിട്ടില്ല. ഒരിക്കൽ ഒരു സോളാറിന്റെ്റെ കമ്പനിയിൽ നിന്നും ഒരാൾ അപ്പോയിൻമെന്റ്റ് ചോദിച്ചു വന്നപ്പോൾ അതുല്യ മാഡം അദ്ദേഹത്തെകൊണ്ട് സോളാർ വർക്കിങ് ആണോ എന്ന് ചെക്ക് ചെയ്യാമോ എന്ന് അപേക്ഷിച്ച് അയാൾ ചെക്ക് ചെയ്യുകയും പാനൽ മുഴുവൻ പൊടി പിടിച്ചുകിടക്കുകയാണെന്നുള്ള വിവരം പറയുകയുംചെയ്തു.
ഈ വിവരം അറിഞ്ഞിട്ട് ഇതുവരെയും സോളാർ ക്ലീൻ ചെയ്യാൻ ആരും എത്തിയിട്ടുമില്ല അടുത്ത മാസത്തെ (ഏപ്രിൽ Rs. 36070/-) ബിൽ എമൗണ്ട് വരികയും ചെയ്‌തിട്ടുണ്ട്. സോളാറിന്റെ കാര്യം ചോദിക്കുമ്പോഴൊക്കെ ഉണ്ണി സാർ പലപ്പോഴും പറഞ്ഞത് ഉണ്ണിസാർ വിശദമായി സോളാറിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. മാനേജർ ഇത് ചെക്ക് ചെയ്യിപ്പിച്ചതിനു മാനേജറെ വഴക്ക് പറഞ്ഞു എന്നാണ് പിന്നീട്‌ഞാൻ അറിഞ്ഞത്.
നാലാം നിലയിലെ താക്കോൽ എന്നെ ഏല്‌പിച്ചിട്ട് എക്‌സിക്യൂട്ടീവ് മെമ്പേഴ്സ് ചോദിച്ചാൽ ജനറൽ സെക്രട്ടറിയുടെ കയ്യിലാണെന്നു പറയണമെന്ന് കുക്കു മാഡവും ഉണ്ണിസാറും പലതവണ എന്നോട് കളവ് പറയാൻ നിർബന്ധിക്കുകയുണ്ടായി. ഇവിടെ കുടുംബ സംഗമ സമയത്തും ക്രിസ്മസിന്റെ സമയത്തും ഒക്കെ പല ആവശ്യങ്ങൾക്കായി ഇവിടെ പലരും ചോദിച്ചിട്ടും ഞാൻ കളവ് പറയേണ്ടിവന്നിട്ടുണ്ട്. അതിന് ഞാൻ നിങ്ങൾ മെമ്പേഴ്സിനോട് മാപ്പ് ചോദിക്കുകയാണ്.
ട്രഷറർ ഇവിടെ വരുന്നത് അദ്ദേഹത്തിൻ്റെ ഔദാര്യമാണ്, അദ്ദേഹം ഇല്ലാതെ ഇവിടെ ഒന്നും നടക്കില്ലെന്നും, അതുപോലെ ഏപ്രിൽ 20ന് എനിക്ക് വലിയ ഒരു ഓഫറും ഉണ്ണി സർ തരികയുണ്ടായി. ഞാൻ എന്റെ ഏജൻസിയിൽ നിന്നും രാജിവെച്ചാൽ എനിക്ക് ഇവിടെ സ്‌ഥിരമായി ജോലി തരാമെന്നു പറയുകയും ചെയ്തു. അതിന് ശേഷം ഞാൻ പ്രസിഡൻ്റിനോട് പരാതി പറഞ്ഞതറിഞ്ഞ കുക്കു മാഡം പരാതി പിൻവലിക്കണമെന്ന് എന്നോട് പലതവണ ഫോണിൽ വിളിച്ചു ആവശ്യപ്പെടുകയും, കുക്കു മാഡത്തെ ഓർത്ത്, ‘അമ്മ’ അസോസിയേഷനെ ഓർത്ത് പരാതി പ്രസിഡൻ്റുമായി സംസാരിച്ചു തീർക്കണമെന്നും പരാതി ഇല്ലാന്ന് പറയണമെന്നു കെഞ്ചുകയും ഒടുവിൽ എന്നോട് മാനേജർക്ക് എതിരെ സംസാരിക്കണമെന്ന് നിർബന്ധിക്കുകയും ഉണ്ണി സർ തന്ന അതേ ഓഫർ എനിക്ക് കുക്കു മാഡം വെച്ചുനീട്ടുകയും ചെയ്തു.
വിരമിച്ചതാണെങ്കിലും ഞാനൊരു പട്ടാളക്കാരൻ ആണെന്നുള്ളത് മറന്ന് എനിക്ക് വിലയിട്ടുകൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കാൻ എന്നെ ഉപയോഗിക്കാനുള്ള ശ്രമം വളരെ മോശമായ ഒരു പ്രവണത ആയി തോന്നി. ഉണ്ണി സാറിന്റെ ദ്രോഹപരമായ പെരുമാറ്റം കാരണം ഏജൻസിയിൽ ഞാൻ വിളിച്ചു എന്നെ ഇവിടുന്നു മാറ്റിത്തരാൻ ആവശ്യപ്പെട്ടിരുന്നു. ട്രഷററും സെക്രട്ടറിയും ഇങ്ങനെ പെരുമാറുന്ന സാഹചര്യത്തിൽ ഇവിടെ ആര് ജോലിക്ക് നിന്നാലും കഷ്‌ടകാലം ആയിരിക്കും എന്നുമാത്രം പറഞ്ഞു നിർത്തുന്നു.
ഇവിടെ നടക്കുന്നത് പ്രസിഡന്റും മറ്റു എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സും അറിയണം എന്ന് തോന്നിയിട്ട് എഴുതിയതാണ്. അതുപോലെ പരാതി എഴുതാൻ മുഹമ്മദിനു മലയാളം അറിയില്ലല്ലോ എന്നും അതുല്യമാഡം എഴുതിത്തന്നതല്ലേ എന്നൊക്കെ ജനറൽ സെക്രട്ടറി കുക്കു മാഡം എന്നോട് ചോദിച്ചിരുന്നു. എൻ്റെ ജോലിയിൽ പെടാത്ത ഇവിടുത്തെ പല ജോലികളും മാനേജർ പോയശേഷം എന്നെക്കൊണ്ട് ചെയ്യിക്കുകയാണെന്നു മനസിലായ ഒരു സാഹചര്യത്തിലാണ് ഞാൻ എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് കുക്കു മാഡത്തോട് പറഞ്ഞത്. ഞാനൊരു കോഴിക്കോടുകാരനാണ്. കോഴിക്കോട് കേരളത്തിൽ തന്നെ ആണല്ലോ. ഞാൻ എഴുത്തും വായനയും ബികോം വിദ്യാഭ്യാസവും ഒക്കെ ഉള്ള ഒരു സാധാരണക്കാരനാണ് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി ഒരു സംഘടന നശിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.എന്ന് സെക്യൂരിറ്റി ഗാർഡ് മുഹമ്മദ്’