താന്‍ നയന്‍താരയെക്കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടില്ല-രാധാരവി

നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച വിഷയത്തില്‍ മാപ്പ് പറഞ്ഞ്‌ നടന്‍ രാധാ രവി. ഒരു തമിഴ് വാരികക്ക് നല്‍കിയ വിശദീകരണത്തില്‍, താന്‍ നയന്‍താരയുടെ ആരാധകനാണെന്നും നയന്‍താരയെക്കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടല്ലെന്നും രാധാരവി പറയുന്നു. എം ജി ആര്‍, രജനികാന്ത് എന്ന മഹാരഥന്മാരുമായി നയന്‍താരയെ താരതമ്യം ചെയ്യരുത് എന്നുമാത്രമാണ് താന്‍ പറഞ്ഞതെന്നും രാധാരവി പറയുന്നു.

രാധാരവിയുടെ വാക്കുകള്‍..

‘ഞാന്‍ നയന്‍താരയെ ആകെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ശിവകാര്‍ത്തികേയനെ കാണാന്‍ വേണ്ടി പോയതാണ്. അവിടെ നയന്‍താരയും ഉണ്ടായിരുന്നു. ഞാന്‍ അവരുടെ ആരാധകനാണ്. എത്രമാത്രം പ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് അവര്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എനിക്ക് അവരോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല.

നയന്‍താരയെക്കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടില്ല. എം ജി ആര്‍, രജനികാന്ത് എന്ന മഹാരഥന്മാരുമായി നയന്‍താരയെ താരതമ്യം ചെയ്യരുത് എന്നുമാത്രമാണ് ഞാന്‍ പറഞ്ഞത്. സിനിമയില്‍ നയന്‍താര പല വഴിയില്‍ സഞ്ചരിക്കുന്ന ഒരാളാണ്. ഒരു വശത്ത് ‘കൊലൈയുതിര്‍ കാലം’ പോലെ ഒരു സിനിമ ചെയ്യുന്നു, മറ്റൊരിടത്ത് സീതയായി അഭിനയിക്കുന്നു. പണ്ട് നടിമാര്‍ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്നവരാണ്. കെ ആര്‍ വിജയയെപ്പോലുള്ളവരാണ് സീതയുടെ കഥാപാത്രം ചെയ്യുന്നത്. ഇപ്പോള്‍ നയന്‍താര അടക്കമുള്ളവര്‍ രണ്ടും ഒരേ സമയത്ത് ചെയ്യുന്നു. അതിനെ അഭിനന്ദിക്കുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്’ രാധാ രവി പറയുന്നു.

നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന ‘കൊലൈയുതിര്‍ കാലം’ എന്ന സിനിമയുടെ പ്രചാരണ ചടങ്ങില്‍ താരത്തെയും പൊള്ളാച്ചി പീഡനക്കേസിലെ ഇരകളെയും അധിക്ഷേപിക്കുന്ന തരത്തില്‍ രാധാ രവി സംസാരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത് . നടനെ വിലക്കി ഡിഎംകെ അടക്കമുള്ള പാര്‍ട്ടികളും തമിഴ് സിനിമയിലെ താരസംഘടനയും അദ്ദേഹത്തിനെതിരേ രംഗത്ത് വന്നിരുന്നു.