“ഇത്രയും കഠിനാധ്വാനിയായ നടനെ ഞാൻ കണ്ടിട്ടില്ല, റോക്കി കിങ്ഡത്തിലേക്ക് പ്രവേശിച്ചതുപോലെ”: യഷിന്റെ കഠിനാധ്വാനത്തെ വാനോളം പുകഴ്ത്തി നയൻതാര

','

' ); } ?>

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടോക്സിക്’ ട്രെയിലർ ലോഞ്ച് വേദിയിൽ കന്നഡ താരം യഷിനെ പ്രശംസിച്ച് നടി നയൻതാര. നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും യഷിന്റെ കഠിനാധ്വാനവും ഊർജ്ജവും തികച്ചും വ്യത്യസ്തമായ അനുഭവമാണെന്ന് നയൻതാര പറഞ്ഞു. ‘റോക്കി ഭായ്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് താരം സംസാരിച്ചത്.

യഷിനെ ആദ്യമായി കണ്ടപ്പോൾ റോക്കി കിങ്ഡത്തിലേക്ക് പ്രവേശിച്ചത് പോലെയാണ് തോന്നിയതെന്നും ട്രെയിലറിലെ മാസ് അവതാരത്തിന് സമാനമായ എനർജി തന്നെയാണ് അദ്ദേഹം യഥാർത്ഥ ജീവിതത്തിലും പുലർത്തുന്നതെന്നും നയൻതാര വ്യക്തമാക്കി. ഈ ഒരു പ്രോജക്റ്റിനായി തന്റെ ജീവിതത്തിലെ നാലര വർഷത്തോളമാണ് യഷ് മാറ്റിവെച്ചത്. കുടുംബത്തോടും കുട്ടികളോടുമൊപ്പമുള്ള വ്യക്തിഗത സമയം പോലും വേണ്ടെന്നുവെച്ചാണ് അദ്ദേഹം ചിത്രത്തിനായി പ്രയത്നിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

“ഞാൻ ഒരുപാട് സൂപ്പർ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരും കൂളാണ്, എല്ലാവരും അവരുടേതായ രീതിയിൽ വളരെ മികച്ചവരാണ്. അതുകൊണ്ടാണല്ലോ അവർ സൂപ്പർ താരങ്ങളായത്. എന്നാൽ യഷിനെ ആദ്യമായി കണ്ടപ്പോൾ, അദ്ദേഹത്തിനുള്ള ആ എനർജി എങ്ങനെയാണോ, അദ്ദേഹം ശരിക്കും അങ്ങനെ തന്നെയാണ്. ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ റോക്കി കിങ്ഡത്തിലേക്ക് പ്രവേശിച്ചത് പോലെ ആയിരുന്നു. ട്രെയ്‌ലറിൽ നിങ്ങൾ കാണുന്നതുപോലെ തന്നെയാണ് അദ്ദേഹം യഥാർഥ ജീവിതത്തിലും.

എന്റെ ദൈവമേ, ഇത്രയും കഠിനാധ്വാനം ചെയ്യുന്ന ഒരാളെ ഞാനൊരിക്കലും കണ്ടിട്ടില്ല. ഓരോ ദിവസവും അദ്ദേഹം വർക് ചെയ്യുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ‘ടോക്സിക്’ എന്ന ചിത്രത്തിനായി യഷ് തന്റെ ജീവിതത്തിലെ നാലര വർഷത്തോളം മാറ്റിവച്ചു. അദ്ദേഹത്തിന്റെ സമയവും കുടുംബത്തോടൊപ്പമുള്ള സമയവും കുട്ടികൾക്കൊപ്പമുള്ള സമയം വ്യക്തിജീവിതത്തിലെ പല കാര്യങ്ങളും അദ്ദേഹം ഈ സിനിമയ്ക്കായി വേണ്ടെന്ന് വച്ചു”.- നയൻതാര പറഞ്ഞു.

ടോക്സിക്കി’ന്റെ കർണാടക വിതരണവും ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർവഹിക്കുന്നത്. ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചിട്ടുള്ളതാണ്.

കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ‘ടോക്സിക്’ൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.