
‘വാരാണസി’യിലെ നടൻ മഹേഷ് ബാബുവിന്റെ ഫസ്റ്റ് ലുക്ക് സ്റ്റില്ലുകൾ പുറത്തു വിട്ടതിനു പിന്നാലെ മഹേഷ് ബാബുവിന്റെ കഥാപാത്രത്തെ പുകഴ്ത്തി സംവിധായകൻ രാജ മൗലി. രുദ്രയെന്ന കഥാപാത്രമായി മഹേഷ് ബാബു നടത്തുന്ന പ്രകടനം ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വമായ ഒന്നാണെന്നും, വലിയൊരു ലക്ഷ്യത്തിനായി ജനിക്കുകയും സ്വന്തം വിധിനിയോഗം പേറുകയും ചെയ്യുന്ന രുദ്ര, ഒരേസമയം അതീവ ശക്തനും അതിലേറെ ദുർബലനുമാണെന്നും രാജ മൗലി പറഞ്ഞു.
“രുദ്ര ജനിച്ചത് അവനേക്കാൾ എത്രയോ വലിയൊരു ലക്ഷ്യം നിറവേറ്റാനാണ്. അവൻ ആവശ്യപ്പെടാത്ത ഒരു വിധിയാണ് അവൻ വഹിക്കുന്നത്. അവൻ തമാശക്കാരനാണ്, ദുർബലനാണ്, ഒപ്പം അതിശക്തനുമാണ്. അതാണ് മഹേഷ് ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നത്. ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പലർക്കും കഴിയും. എന്നാൽ ഒരേസമയം ശക്തിയും ദുർബലതയും പ്രകടിപ്പിക്കാൻ വളരെ കുറച്ച് പേർക്ക് മാത്രമേ കഴിയൂ.
ഈ ഫ്രെയിമുകൾ ഞങ്ങളുടെ ആഫ്രിക്കൻ ഷെഡ്യൂളിൽ നിന്നുള്ളതാണ്. ഒരു സെറ്റിനും നൽകാൻ കഴിയാത്ത എന്തോ ഒന്ന് ആ ഭൂമി ഞങ്ങൾക്ക് നൽകി. കിളിമഞ്ചാരോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും മസായി മാറയിലും ചിത്രീകരിക്കുമ്പോൾ ഞാൻ വിസ്മയിച്ചു. ചില പ്രഭാതങ്ങളിൽ, ഞങ്ങളുടെ 1.43:1 IMAX ഫ്രെയിമിന് പോലും മുന്നിലുള്ള ആ കാഴ്ചയെ പൂർണമായി ഉൾക്കൊള്ളാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിരുന്നു.”രാജമൗലി പറഞ്ഞു.
മഹേഷ് ബാബുവിന്റെ ജന്മദിനത്തിനോടനുബന്ധിച്ചാണ് ആരാധകർക്ക് ആവേശമായി ‘വാരാണസി’യിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് സ്റ്റില്ലുകൾ പുറത്തുവിട്ടത്. ‘രുദ്ര’ എന്ന അതിശക്തമായ കഥാപാത്രമായി മഹേഷ് ബാബു എത്തുന്ന ചിത്രത്തിലെ രണ്ട് എക്സ്ക്ലൂസീവ് ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ, മുൻപെങ്ങും കാണാത്ത തീവ്രവും വേറിട്ടതുമായ ലുക്കിലാണ് മഹേഷ് ബാബു പ്രത്യക്ഷപ്പെടുന്നത്.
വ്യത്യസ്തമായ രണ്ട് വന്യ ഭൂപ്രകൃതികളുടെ പശ്ചാത്തലത്തിലാണ് ചിത്രങ്ങളിൽ മഹേഷ് ബാബുവിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇടതൂർന്ന കാട്ടിനുള്ളിലെ മുളച്ചങ്ങാടത്തിൽ വിശ്രമിക്കുന്ന ശാന്തനും എന്നാൽ തീക്ഷ്ണവുമായ ഭാവത്തിലുള്ളതാണ് ഒന്നാമത്തെ ചിത്രം. ആഫ്രിക്കയിലെ കെനിയയിലുള്ള മസായി മാറയിലെ വന്യതയ്ക്ക് നടുവിൽ ജിറാഫുകൾക്കും വൈൽഡ്‌ബീസ്റ്റുകൾക്കും ഒപ്പം നിൽക്കുന്ന രാജകീയമായ രണ്ടാമത്തെ ചിത്രത്തിൽ താരത്തിന്റെ ആത്മവിശ്വാസവും ശക്തമായ സ്ക്രീൻ സാന്നിധ്യവും വ്യക്തമാണ്. നൂറ്റാണ്ടുകൾ താണ്ടുന്നതും ഭൂഖണ്ഡങ്ങൾ കടന്നുപോകുന്നതുമായ കഥാതന്തുവിൽ മഹേഷ് ബാബുവിന്റെ അസാധാരണമായ പകർന്നാട്ടമായിരിക്കും ഇതെന്ന് ഈ ദൃശ്യങ്ങൾ ഉറപ്പുനൽകുന്നു.