നയന്‍താര ചിത്രം കൊലൈയുതിര്‍ കാലത്തിന്റെ റിലീസ് കോടതി തടഞ്ഞു

നയന്‍താര പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം ‘കൊലൈയുതിര്‍ കാലം’ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകര്‍പ്പാവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് കോടതി നടപടി. കൊലൈയുതിര്‍ കാലത്തിന്റെ പകര്‍പ്പവകാശം വാങ്ങി തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ബാലജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ജസ്റ്റിസ് കൃഷ്ണരാസ്വാമി റിലീസ് തടഞ്ഞത്.

എഴുത്തുകാരന്‍ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിര്‍ കാലം. നോവലിന്റെ ഇതിവൃത്തം ആസ്പദമാക്കിയാണ് ചിത്രവും ഒരുക്കിയിട്ടുള്ളത്. സുജാത രംഗരാജന്റെ ഭാര്യയില്‍ നിന്ന് 10 ലക്ഷം രൂപയ്ക്കാണ് താന്‍ പകര്‍പ്പവകാശം വാങ്ങിയതെന്ന് ബാലജി കുമാര്‍ പറയുന്നു.
ചക്രി ടോലേടി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്.

ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തന്‍ എന്നിവരും കൊലൈയുതിര്‍ കാലത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അസീം മിശ്രയാണ് ഛായാഗ്രഹണം.