മകള്‍ക്ക് ഇന്ത്യയെന്ന് പേരിടാന്‍ കാരണമിതാണ് ! അവഞ്ചേഴ്സ് താരം ക്രിസ് ഹെംസ് വേര്‍ത്ത് തുറന്നു പറയുന്നു..

ലോകത്തെമ്പാടും ആരാധകരുള്ള സിനിമ താരമാണ് അവഞ്ചേഴ്‌സിലെ തോര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത ഹോളിവുഡ് താരം ക്രിസ് ഹെംസ്വേര്‍ത്ത്. ആനിമേഷന്‍ പ്രേമികളായ മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഇഷ്ട്ടം ഒരു പോലെ തന്നെ ക്രിസ് നേടിയെടുത്തു. അവഞ്ചേഴ്സ് പരമ്പരയില്‍ ഒടുവിലായി പുറത്തിറങ്ങിയ എന്‍ഡ്ഗെയിമിലും ക്രിസ് ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അധികം ആരാധകര്‍ക്കും അറിയാത്ത ഒരു കാര്യമാണ് അദ്ദേഹത്തിന്റെ മകളുടെ വ്യത്യസ്തമായ പേര്. ഇന്ത്യയെന്നാണ് ക്രിസ് തന്റെ മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. തന്റെ പുതിയ ചിത്രം മെന്‍ ഇന്‍ ബ്ലാക്കിന്റെ പ്രമോഷാനായി ബാലിയിലെത്തിയ താരം ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സെര്‍വീസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

”എന്റെ ഭാര്യ ഒരുപാട് കാലം ഇന്ത്യയില്‍ ജീവിച്ചിട്ടുണ്ട്, അവിടെ നിന്നാണ് ഈ പേര് വരുന്നത്.” – നടന്‍ പറയുന്നു. ധാക്ക എന്ന വെബ് സീരീസിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ക്രിസ് മുംബൈയിലും അഹ്മെദാബാദിലും എത്തിയിരുന്നു. ഇവിടെ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത തരത്തിലുളള വലിയ ജനക്കൂട്ടത്തെയാണ് താന്‍ കണ്ടതെന്നും ഇന്ത്യയിലെ ഷൂട്ടിങ്ങ് ഒരുപാട് ആവേശം കൊള്ളിച്ചെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു. സ്റ്റേഡിയത്തില്‍ ഷൂട്ടിംഗ് സമയത്ത് സംവിധായകന്‍ കട്ട് പറയുമ്പോള്‍ ജനങ്ങളുടെ ആര്‍പ്പുവിളികള്‍ കേട്ടു. ആ സമയം ഞാനൊരു റോക്ക്സ്റ്റാറാണെന്ന് തോന്നി. ഇവിടെയുളളവര്‍ വളരെ പോസിറ്റീവാണ്. അഭിമുഖത്തില്‍ ക്രിസ് ഹെംസ്വേര്‍ത്ത് തുറന്നുപറഞ്ഞു. ഇന്ത്യയിലെ ചിത്രീകരണ വേളയിലെ ദൃശ്യങ്ങളും താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.