ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചകളില്‍ എന്നെ താങ്ങിനിര്‍ത്തിയത് അവനാണ്; മകന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നവ്യ നായര്‍

','

' ); } ?>

ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചകളിലും തളര്‍ച്ചകളിലും തന്നെ താങ്ങിനിര്‍ത്തി മുന്നോട്ട് നയിച്ചത് മകന്‍ സായി കൃഷ്ണയാണെന്ന് നടി നവ്യ നായര്‍. സായിയുടെ പതിനാറാം പിറന്നാള്‍ ദിനത്തില്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം മകനോടുള്ള സ്‌നേഹവും കടപ്പാടും തുറന്നുപറഞ്ഞത്. ഇന്ന് താന്‍ ജീവിച്ചിരിക്കുന്നതിന് കാരണം പോലും മകനാണെന്നും, അവനാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും നവ്യ വികാരാധീനയായി പറഞ്ഞു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സായിക്ക് ലളിതമായ പിറന്നാള്‍ സര്‍പ്രൈസ് നല്‍കി കേക്ക് മുറിച്ചാണ് നവ്യ ആഘോഷിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ വലിയ പക്വതയുള്ള കുട്ടിയായാണ് സായി വളര്‍ന്നതെന്ന് നവ്യ പറയുന്നു. എന്ത് കാര്യത്തിനും മകനോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും, പലപ്പോഴും തന്നെ അമ്പരപ്പിക്കുന്ന തരത്തിലുള്ള പക്വമായ മറുപടികളാണ് അവന്‍ നല്‍കാറുള്ളതെന്നും നടി വ്യക്തമാക്കി.

ഒരു സമയം വരെ അച്ഛനും അമ്മയും സഹോദരനുമായിരുന്നു തന്റെ ശക്തിയെങ്കില്‍, ഇന്ന് സായിയാണ് തന്റെ കരുത്തെന്ന് നവ്യ കൂട്ടിച്ചേര്‍ത്തു. വളരെ വ്യക്തിപരമായ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ അവന്‍ നല്‍കിയ പിന്തുണ വാക്കുകള്‍ക്കതീതമാണ്. പതിനാറ് വയസ്സുകാരനായ മകന്‍ എല്ലാ കാര്യങ്ങളും തന്നോട് പറയാറുണ്ടെന്ന് അവകാശപ്പെടുന്നില്ലെങ്കിലും, താന്‍ അറിയേണ്ടതെല്ലാം അവന്‍ കൃത്യമായി പങ്കുവെക്കാറുണ്ടെന്നും നവ്യ പറഞ്ഞു.

താന്‍ എത്രത്തോളം നല്ലൊരു അമ്മയാണെന്ന് അറിയില്ലെങ്കിലും സായി ഒരു ഉത്തമനായ മകനാണെന്നും, അവന്റെ വളര്‍ച്ചയില്‍ ഒരു അമ്മയെന്ന നിലയില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും നവ്യ വ്യക്തമാക്കി. സായിയുടെ ജനനവുമായി ബന്ധപ്പെട്ട ‘ഡെലിവറി സ്റ്റോറി’ പിന്നീട് മറ്റൊരു വീഡിയോയിലൂടെ വിശദമായി പങ്കുവെക്കാമെന്ന ഉറപ്പും നവ്യ ആരാധകര്‍ക്ക് നല്‍കിയിട്ടുണ്ട്.

നവ്യയുടെ വാക്കുകൾ

ചെറുപ്പം മുതലെ എല്ലാം വളരെ ശ്രദ്ധയോടെ ചെയ്യുന്നത് കാരണം സായിക്ക് പൊട്ടലും ഒടിയലും ഒന്നും ഉണ്ടായിരുന്നില്ല. ചെറിയ പ്രായത്തില്‍ തന്നെ വളരെ അധികം പക്വതയുള്ള കുട്ടിയായിട്ടാണ് സായി വളര്‍ന്നത്. എന്തിനും ഞാന്‍ അവനോട് അഭിപ്രായം ചോദിക്കാറുണ്ട്,എ ന്നെ അമ്പരപ്പിച്ചുകൊണ്ടാണ് അവന്‍ പല കാര്യത്തിലും മറുപടി നല്‍കിയിട്ടുള്ളത്. ശരിക്കും ഒരു അമ്മ എന്ന നിലയില്‍ സായിയുടെ ഓരോ വളര്‍ച്ചയിലും ഞാന്‍ അഭിമാനിക്കുന്നുണ്ട്. ഞാന്‍ എത്രത്തോളം നല്ല അമ്മയാണ് എന്നെനിക്ക് അറിയില്ല, പക്ഷേ സായി നല്ലൊരു മോനാണ്. ഇതുവരെയുള്ള സായിയുടെ വളര്‍ച്ചയില്‍ ഒരുപരാതിയും എനിക്കില്ല. ഇതില്‍ കൂടുതലൊന്നും എനിക്ക് ദൈവത്തോട് ചോദിക്കാന്‍ കഴിയില്ല.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലും, തളര്‍ച്ചയിലും എന്നെ താങ്ങി നിര്‍ത്തിയിട്ടുള്ളത് എന്റെ മോനാണ്. എന്റെ ശക്തിയാണ് അവന്‍. ഒരു സമയം വരെ അച്ഛനും അമ്മയും സഹോദരനുമായിരുന്നു എന്റെ കരുത്ത്. എന്നാല്‍ ഇന്ന് സായിയാണ് എന്റെ കരുത്ത്. ചില കാര്യങ്ങളില്‍ അവന്‍ തരുന്ന പിന്തുണയെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. വളരെ പേഴ്‌സണലായ ചില കാര്യങ്ങള്‍ പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും ഇന്ന് ഞാന്‍ ജീവിച്ചിരിക്കുന്നതിന് കാരണം എന്റെ മകനാണ്.

പതിനാറു വയസ്സുകാരന്‍ എന്ന നിലയില്‍ അവന്‍ എന്നോട് എല്ലാ കാര്യങ്ങളും പറയാറുണ്ട് എന്നൊന്നും ഞാന്‍ കള്ളം പറയുന്നില്ല. പക്ഷേ ഞാന്‍ അറിയേണ്ടതെല്ലാം അവന്‍ എന്നോട് പറയാറുണ്ട്. എന്റെ കരുത്തും സപ്പോര്‍ട്ടും, ഏറ്റവും വലിയ ഭാഗ്യവുമാണ് സായി-