ഗുരുക്കന്മാർക്കുള്ള ഗുരുദക്ഷിണ; നൃത്തവിദ്യാലയമായ ‘മാതങ്കി’യുടെ പുതിയ ശാഖ തൃശ്ശൂരിൽ ആരംഭിച്ച് നവ്യ നായർ

','

' ); } ?>

തന്റെ കലാജീവിതത്തിന്റെയും സിനിമാ യാത്രയുടെയും തുടക്കത്തിന് സാക്ഷ്യം വഹിച്ച തൃശ്ശൂരിൽ പുതിയ ചുവടുവെപ്പിനൊരുങ്ങുകയാണ് നടി നവ്യ നായർ. എറണാകുളത്തിന് പുറമെ തന്റെ നൃത്തവിദ്യാലയമായ ‘മാതങ്കി’യുടെ പുതിയ ശാഖ തൃശ്ശൂരിൽ ആരംഭിക്കുകയാണ് താരം. പുതിയ സംരംഭത്തിന് സാംസ്കാരിക നഗരിയെ തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെ വൈകാരികമായ കാരണങ്ങൾ വെളിപ്പെടുത്തുന്നതിനൊപ്പം, തന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവെച്ച ഗുരുക്കന്മാരെയും വഴികാട്ടികളെയും നേരിൽകണ്ട് നന്ദി അറിയിക്കുകയാണ് നവ്യ.

നവ്യയുടെ അഭിനയമികവ് ആദ്യം തിരിച്ചറിഞ്ഞത് തൃശ്ശൂരിലെ നൃത്താധ്യാപകനായ ജോബ് മാഷാണ്. അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് മാതാപിതാക്കൾ നവ്യയെ പ്രമുഖ ഫോട്ടോഗ്രാഫർ സ്വാമിനാഥന്റെ അടുത്തെത്തിക്കുന്നത്. സംയുക്ത വർമ്മ, നയൻതാര എന്നിവരെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ സ്വാമിനാഥനാണ് ചുരിദാറിലെത്തിയ നവ്യയെ ജീൻസും ടോപ്പുമണിയിച്ച് മനോരമയുടെ മുഖചിത്രമാക്കിയത്. ഈ കവർചിത്രം കണ്ടാണ് സംവിധായകൻ സിബി മലയിൽ ‘ഇഷ്ടം’ എന്ന സിനിമയിലേക്ക് നവ്യയെ ക്ഷണിക്കുന്നത്.

തൃശ്ശൂർ മ്യൂസിയം ഹോട്ടലിൽ വെച്ചായിരുന്നു ‘ഇഷ്ട’ത്തിന്റെ ഓഡിഷൻ നടന്നത്. അന്ന് 15 വയസ്സുകാരിയായ നവ്യ മോണോ ആക്ട് അവതരിപ്പിച്ചതും, തിരഞ്ഞെടുക്കപ്പെടണേ എന്ന് പ്രാർത്ഥിച്ചതും ഇവിടെ വെച്ചാണ്. മകൾ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടരുതേ എന്നായിരുന്നു അമ്മയുടെ പ്രാർത്ഥനയെങ്കിലും, നവ്യയുടെ നിഷ്കളങ്കമായ ആഗ്രഹം സഫലമാവുകയായിരുന്നു.

സിനിമയിലെ നവ്യയുടെ ആദ്യ ഷോട്ട് ചിത്രീകരിച്ചത് തൃശ്ശൂർ സിറ്റി സെന്ററിലായിരുന്നു. ആദ്യമായി കൂളിംഗ് ഗ്ലാസ് ധരിച്ച് എസ്കലേറ്ററിൽ കയറിവരുന്ന രംഗം ഏറെ പരിഭ്രമത്തോടെയാണെങ്കിലും ഒറ്റ ടേക്കിൽ തന്നെ നവ്യ പൂർത്തിയാക്കി. ആദ്യ ഷോട്ട് ഓക്കെയായെന്ന് അറിഞ്ഞപ്പോൾ, ‘ഈ എസ്കലേറ്ററിൽ ഉയർന്നുവരുന്നത് പോലെ മലയാള സിനിമയിലും നീ ഉദിച്ചുയരട്ടെ’ എന്നായിരുന്നു നെടുമുടി വേണുവിന്റെ അനുഗ്രഹം. ആ വാക്കുകൾ സത്യമായതുപോലെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നവ്യ, തന്റെ പ്രിയപ്പെട്ട ഗുരുക്കന്മാർക്കും തൃശ്ശൂരിനും നൽകുന്ന ആദരവായാണ് ‘മാതങ്കി’യുടെ പുതിയ ശാഖ ഇവിടെ തുറക്കുന്നത്.