
തന്റെ ആരോഗ്യം നോക്കാൻ പോലും വേണ്ടത്ര സമയം തനിക്ക് കിട്ടുന്നില്ലെന്ന് നടി മൃണാൾ ഠാക്കൂർ. തനിക്ക് പ്രണയിക്കാൻ സമയമില്ലെന്നും, ആളുകൾ ആരേയും സ്വഭാവഹത്യ നടത്തുന്നത് തൻ്റെ ഹൃദയം തകർക്കുന്ന കാര്യമാണെന്നും മൃണാൾ പറഞ്ഞു. ധനുഷുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രണയ ഗോസിപ്പുകളിൽ പ്രതികരിക്കുകയായിരുന്നു താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
“പണ്ട് ഇത്തരം കുപ്രചാരണങ്ങൾ എന്നെ ബാധിക്കുമായിരുന്നു. ഇപ്പോൾ ഞാൻ അവയൊന്നും വകവെക്കാറില്ല. പക്ഷേ പുറത്തെ അത്തരം പ്രചാരണങ്ങൾ എനിക്ക് വരുന്ന കഥാപാത്രങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. ആളുകൾ ആരേയും സ്വഭാവഹത്യ നടത്തുന്നത് എന്റെ ഹൃദയം തകർക്കുന്ന കാര്യമാണ്. സ്ക്രീനിൽ ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടണമെന്നാണ് ആഗ്രഹം. അല്ലാതെ ആരെ പ്രണയിക്കുന്നു എന്നതിൻ്റെ പേരിലല്ല.” മൃണാൾ പറഞ്ഞു.
“പ്രണയിക്കാൻ എനിക്കിപ്പോൾ സമയമില്ല. സ്വന്തം ആരോഗ്യം പരിപാലിക്കാനുള്ള സമയംപോലുമില്ല. സത്യമായിട്ടും പ്രണയിക്കാൻ സമയമില്ല. ലിഗമെന്റ് പരിക്കിന് ചികിത്സിക്കാൻ പോലും സമയം കിട്ടിയില്ല. എന്നെങ്കിലും പ്രണയത്തിലായാൽ അത് ഞാൻ തന്നെ ലോകത്തോട് തുറന്നു പറയും. എന്നേക്കുറിച്ചുള്ള കുപ്രചാരണങ്ങൾക്ക് പിന്നിൽ കർമയാണ് എന്നാണ് കരുതുന്നത്. കർമയിലും ഭൂതകാലത്തിലും വിശ്വസിക്കുന്നയാളാണ്. മുൻകാലജീവിതത്തിൽ എന്തെങ്കിലും തെറ്റുകൾ ചെയ്തതിന്റെ ഫലമാവാം ഇത്. അത് സ്വീകരിച്ച് മുന്നോട്ടുപോവുക.” -മൃണാൾ കൂട്ടിച്ചേർത്തു.
മൃണാൾ അഭിനയിച്ച സൺ ഓഫ് സർദാർ 2-ൻ്റെ പ്രദർശനത്തിന് ധനുഷ് എത്തിയതോടെയാണ് പ്രണയ കഥ പരക്കാൻ തുടങ്ങിയത്. ഇതിൽ മൃണാൾ തന്നെ പിന്നീട് വ്യക്തത വരുത്തുകയും ചെയ്‌തിരുന്നു.