
വിജയ് ചിത്രം ജനനായകൻ ലീക്കായ സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ് സൈബർ ക്രൈം വിഭാഗം. ജനനായകൻ ചോർത്തിയതിലെ പ്രധാന പ്രതി ഒരു ഫ്രീലാൻസ് എഡിറ്ററും സിനിമയിൽ ഉൾപ്പെടെ അസിസ്റ്റൻ്റ് എഡിറ്ററായി ജോലി ചെയ്യുന്നയാളുമാണ്. ഇയാൾ മറ്റൊരു ചിത്രത്തിൻ്റെ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട് ജനനായകൻ എഡിറ്റ് ചെയ്‌ത സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. അവിടെ നിന്നും അനധികൃതമായി ജനനായകൻ്റെ ദൃശ്യങ്ങൾ കൈകലാക്കി പുറത്തെത്തിച്ച ശേഷം ഓൺലൈനിൽ ഉൾപ്പെടെ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഈ സിനിമയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രധാന പ്രതിക്കൊപ്പം സഹായികളായി ഉണ്ടായിരുന്ന രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പ്രധാന പ്രതിയായ അസിസ്റ്റൻ്റ് എഡിറ്റർ ഈ സിനിമയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നില്ലെന്നാണ് വിവരം. ഈ അറസ്റ്റോടെ ജനനായകൻ്റെ ചോർച്ചയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ എണ്ണം ഒമ്പതായി.
ജനനായകന്റെ വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നതിൽ നിന്ന് ഇൻ്റർനെറ്റ് സേവനദാതാക്കൾ, കേബിൾ ടിവി എന്നിവരെ വിലക്കി കൊണ്ടുള്ള ഉത്തരവ് ഇന്ന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റിന് പിന്നാലെ തന്നെ ചിത്രം പ്രചരിപ്പിച്ച 300-ഓളം ലിങ്കുകൾ നീക്കം ചെയ്‌തിരുന്നു. പരാതിക്ക് പിന്നാലെ ഭാരതീയ ന്യായ സംഹിതയുടേയും ഐടി ആക്‌ടിൻ്റേയും പകർപ്പവകാശ നിയമത്തിന്റേയും സിനിമാറ്റോഗ്രഫി ആക്‌ടിൻ്റേയും വിവിധ വകുപ്പുകൾ ചേർത്ത് സംസ്ഥാന സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ സെൻ്റർ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി പ്രത്യേകസംഘങ്ങളെ നിയോഗിക്കുകയുമായിരുന്നു.