“ലാലിലിന്റെ പേര് ദുരുപയോഗം ചെയ്ത് പൃഥ്വിരാജിന് നേരെ ഒളിയമ്പുകൾ ചെയ്തു”; തുറന്നടിച്ച് മല്ലിക സുകുമാരൻ

','

' ); } ?>

‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ നടൻ മോഹൻലാലിന്റെ സംരക്ഷകരെന്ന ഭാവത്തിൽ നിൽക്കുന്ന ചിലർക്കെതിരെ രൂക്ഷവിമർശനവുമായി നടി മല്ലിക സുകുമാരൻ. വിവാദങ്ങളുടെ സമയത്ത് തന്റെ മകൻ പൃഥ്വിരാജിനെ മനഃപൂർവം ലക്ഷ്യം വച്ചത് മോഹൻലാലിന്റെ ഒപ്പമുള്ള മൂന്ന്-നാല് പേരാണെന്ന് മല്ലിക സുകുമാരൻ തുറന്നടിച്ചു. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മലയാള സിനിമയിലെ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്ന രീതിയിൽ അവർ മനസ്സ് തുറന്നത്.

സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ വിവാദങ്ങൾ സൃഷ്ടിച്ച് പൃഥ്വിരാജിനെ തളർത്താൻ ചിലർ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയെന്നാണ് മല്ലികയുടെ ആരോപണം. മോഹൻലാലിന്റെ വലിയ സംരക്ഷകരാണെന്ന് സ്വയം വിശ്വസിക്കുന്ന ഇവർ ലാലിലിന്റെ പേര് ദുരുപയോഗം ചെയ്താണ് പൃഥ്വിരാജിന് നേരെ ഒളിയമ്പുകൾ എയ്തതെന്നും അവർ കൂട്ടിച്ചേർത്തു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ പ്രഖ്യാപനം മുതൽ വലിയ വാർത്താപ്രാധാന്യം നേടിയ ചിത്രമാണ്. ഈ പശ്ചാത്തലത്തിൽ മല്ലിക സുകുമാരൻ നടത്തിയ ഈ വെളിപ്പെടുത്തലുകൾ സിനിമാ മേഖലയ്ക്കുള്ളിലെ അസ്വാരസ്യങ്ങളെ പരസ്യമാക്കുന്നതാണ്.

”എമ്പുരാന്റെ വിഷയമുണ്ടായപ്പോള്‍ മോനും മോഹന്‍ലാലും മുരളി ഗോപിയും ചേര്‍ന്ന് ഒരു പ്രസ് മീറ്റില്‍ വിശദീകരണം നല്‍കുമെന്ന് കരുതി. എന്തിനാണ് പൃഥ്വിരാജിനെ പറയുന്നത്? ആന്റണി എടുത്ത പടം, മുരളി എഴുതിയ സബ്ജക്ട്. അത് കേട്ടു, ഭംഗിയായിട്ട് എടുത്തു. എന്തിനാണ് അദ്ദേഹത്തിന് ജാതീയമായൊരു ചിന്ത വന്നുവെന്ന് പറയുന്നത്? ”കഥ തീരുമാനിച്ചത് അദ്ദേഹമാണോ? മീഡിയ ആഘോഷിക്കുന്നത് കണ്ടപ്പോള്‍ ഇതിന് പിന്നില്‍ വേറെ കുറച്ചാളുകളുണ്ടെന്ന് തോന്നി. അത് സത്യം തന്നെയാണ്. വേറെ കുറച്ചാളുകളുണ്ട്. മൂന്ന് നാല് പേരാണ്. അത് ലാലു അറിഞ്ഞിട്ടില്ല. ലാലുവിന്റെ സംരക്ഷകരാണെന്ന് ഭാവിക്കുന്നവരാണ്. ലാലുവിന് അതുകാരണം ദോഷമേ സംഭവിച്ചിട്ടുള്ളൂ” മല്ലിക സുകുമാരന്‍ പറയുന്നു.

”ലാലുവിന്റെ കഴിവു കൊണ്ട് ലാലു അഭിനയിക്കുന്ന സിനിമകള്‍ സൂപ്പര്‍ ഹിറ്റാകുന്നു. അത് അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും മനസിന്റെ നന്മ കൊണ്ടാകും. ആന്റണി എന്റെ കുഞ്ഞിനെ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞവര്‍ ഇവരില്‍ നിന്നൊക്കെ മാറി നില്‍ക്കുന്നവരാണ്. അത് പറഞ്ഞോട്ടെ. അവരെ വലിയ ആള്‍ക്കാരായി ഞാന്‍ കരുതുന്നുമില്ല”.

”അമ്മ പ്രതികരിക്കാന്‍ കാരണം, അമ്മ എന്തുമാത്രം വേദനകള്‍ അനുഭവിച്ചാണ് നിങ്ങളെ ഇത്രത്തോളം കൊണ്ടുവന്നതെന്ന് അമ്മയ്‌ക്കേ അറിയുള്ളൂ. അങ്ങനെയുള്ള കുട്ടികള്‍ ഇങ്ങനെ ചിന്തിച്ചുവെന്ന് പറയുമ്പോള്‍, അവര്‍ ആരാണ് തീരുമാനിക്കാന്‍? ഞാന്‍ പ്രതികരിക്കും. അഖില്‍ മാരാരോടും മേജര്‍ രവിയോടും ഞാന്‍ പ്രതികരിച്ചു. പക്ഷെ അവര്‍ രണ്ടു പേരോടും എനിക്ക് യാതൊരു പിണക്കവുമില്ല. എന്തോ ഒരു വിവരക്കേട് അറിയാതെ പറഞ്ഞുപോയി. അതിന് നാട്ടുകാര്‍ തന്നെ പറഞ്ഞു. അത് തെറ്റാണെന്ന് വിശ്വസിക്കുന്ന വലിയൊരു സമൂഹം എന്റെ കൂടെയുണ്ടായിരുന്നു” എന്നും മല്ലിക സുകുമാരന്‍ പറയുന്നു.