മോഹന്‍ലാല്‍ പുതിയ ബ്ലോഗിലൂടെ തന്റെ നടനത്തിലെ ‘അര്‍ദ്ധ നാരീശ്വര പ്രകൃതി’ വിവരിക്കുകയാണ്. മാര്‍ഗ്ഗം കളി, നൃത്തം, കഥകളി ഇവയെല്ലാം തന്നിലെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ എന്നോട് പലരും ഇതെല്ലാം പഠിച്ചിട്ടുണ്ടോ എന്ന് ചോദിയ്ക്കാറുണ്ടെന്ന് ലാല്‍ പറയുന്നു. എന്നാല്‍ എല്ലാത്തിനും ഒന്നും പഠിച്ചിട്ടില്ല എന്ന് തന്നെയാണുത്തരമെന്നും അവയെല്ലാം തന്നിലുണ്ടായിരുന്നുമെന്നുമാണ് ലാല്‍ പറയുന്നത്. ആവശ്യം വന്നപ്പോള്‍ അവയെ തെരഞ്ഞെടുത്തു കൊണ്ടു വന്നുവെന്നും ആവശ്യമാണ് സൃഷ്ടിയുടെ മാതാവെന്നത് കലയിലും സത്യമാണെന്ന് താരം പറയുന്നു.
തന്നിലൂടെ കൂടുവിട്ട് കൂടുമാറിയ പൗരുഷ പ്രധാന കഥാപാത്രങ്ങളും സ്‌ത്രൈണ ഭാവമുള്ള കഥാപാത്രങ്ങളും സംഭവിക്കുന്നതെങ്ങനെയെന്നും താരം വിശദീകരിയ്ക്കുന്നുണ്ട്. ഭാരതം എത്രയോ നാള്‍ മുന്‍പ് അര്‍ദ്ധ നാരീശ്വര പ്രകൃതിയെ സങ്കല്‍പ്പിച്ചെന്നാണ് അദ്ദേഹം ചൂണ്ടികാട്ടുന്നത്. ജയസൂര്യയും, ദിലീപും ട്രാന്‍സ്‌ജെന്റേഴ്‌സായി വേഷമിട്ട് കുറേ കഴിഞ്ഞാണ് ആ കഥാപാത്രങ്ങളില്‍ നിന്ന് മുക്തരായതെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ലാല്‍ വീശദീകരിക്കുന്നു. ഇങ്ങനെ കഥാപാത്രങ്ങളെ കുടഞ്ഞ് കളയാന്‍ മറ്റൊരു കഥാപാത്രത്തിലേക്ക് നടന്‍ കൂടുമാറുകയാണ്. കൂട് വിട്ട് കൂട് മാറി മാറി ഒടുവില്‍ ആരോടും മത്സരമോ, അഹങ്കാരമോ , പരിഭവമോ ഇല്ലാത്ത ശൂന്യതയിലാണെത്തി നില്‍ക്കുകയെന്നും താര മതം. കൂടുവിട്ട് കൂടു മാറലിന്റെ ആനന്ദം തീരുന്നില്ലെന്നും അത് അവസാനിക്കുമ്പോള്‍ താന്‍ ആകാശത്തില്‍ ഒരു മഴമേഘ തുണ്ടുപോലെ അലിഞ്ഞലിഞ്ഞ് അപ്രത്യക്ഷമാവുമെന്ന് പറഞ്ഞാണ് ബ്ലോഗ് അവസാനിക്കുന്നത്.