ബാഹുബലിയായി അജു, ദേവസേനയായി അനശ്വര, വൈറലായി ആദ്യരാത്രിയിലെ ഗാനം

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയിലെ ഗാനരംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാഹുബലിയിലെ ഒരേ ഒരു രാജ എന്ന ഗാനരംഗത്തിന്റെ മാതൃകയിലാണ് ഈ പാട്ട് ഒരുക്കിയത്. അജു വര്‍ഗ്ഗീസും അനശ്വര രാജനുമാണ് ഈ ഗാനരംഗത്തിലുള്ളത്.

അജു വര്‍ഗീസ് സ്വപ്നം കാണുന്ന രീതിയിലാണ് ഈ പാട്ട്. അജു വര്‍ഗ്ഗീസ് ബാഹുബലി വേഷത്തില്‍ എത്തുമ്പോള്‍ ദേവസേനയുടെ വേഷത്തിലാണ് അനശ്വര രാജന്‍ ഗാനരംഗത്തില്‍ എത്തിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയെഴുതി ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആന്‍ ആമി, രഞ്ജിത്ത് ജയരാമന്‍ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. ബിജു മേനോനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആദ്യരാത്രി.