
ബിഗ്‌ബോസ് പരിപാടിയിൽ നടൻ മോഹൻലാൽ ധരിച്ച ഷർട്ടിന്റെ ഡിസൈനെച്ചൊല്ലി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി പ്രവാസി ചിത്രകാരൻ സിജിൻ ഗോപിനാഥ് രംഗത്ത്. തന്റെ അനുവാദമില്ലാതെയും ക്രെഡിറ്റ് നൽകാതെയും തന്റെ ‘ഗ്ലോബൽ പീസ് ആർട്ട് വർക്ക്’ ഷർട്ടിന്റെ ഡിസൈനായി ഉപയോഗിച്ചുവെന്നാണ് സിജിൻ ഉന്നയിച്ച പ്രധാന ആക്ഷേപം. യു.എ.ഇയിലെ വിവിധ രാജ്യക്കാരായ മനുഷ്യരെ നേരിൽക്കണ്ട് മൂന്നുവർഷത്തോളം കഷ്ടപ്പെട്ട് തയാറാക്കിയ കലാരൂപമാണിതെന്നും, പ്രചോദനം ഉൾക്കൊള്ളാമെങ്കിലും ഒറിജിനൽ സോഴ്‌സ് മറക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, വിവാദം ആളിക്കത്തിയതോടെ പ്രസ്താവനകളിൽ വ്യക്തത വരുത്തി സിജിൻ വീണ്ടും ഇൻസ്റ്റഗ്രാം കുറിപ്പ് പങ്കുവെച്ചു. നെഗറ്റീവ് പബ്ലിസിറ്റിക്കോ വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധനേടാനോ തനിക്ക് താത്പര്യമില്ലെന്നും, താൻ ഏറെ ബഹുമാനിക്കുന്ന മോഹൻലാലിനെതിരെ വിദ്വേഷ പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൂഡിൽ ആർട്ട് ആശയത്തിന്മേൽ തനിക്ക് പ്രത്യേക അവകാശമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാൽ തന്റെ കലാരൂപത്തിലെ മുഖങ്ങൾ താൻ നേരിൽക്കണ്ട യഥാർഥ മനുഷ്യരുടേതാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ആർട്ടിസ്റ്റിന് അർഹമായ ക്രെഡിറ്റ് നൽകേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിച്ചതെന്നും കൂട്ടിച്ചേർത്തു. ഈ വിശദീകരണത്തിന് പിന്നാലെ തന്റെ മുൻപോസ്റ്റ് അദ്ദേഹം പിൻവലിക്കുകയും ചെയ്തു.
അതേസമയം, വിഷയം വലിയ തോതിൽ ചർച്ചയായതോടെ മോഹൻലാലിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ വിശദീകരണവുമായി എത്തി. ലാൽ സാറിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ് താനാണെങ്കിലും റിയാലിറ്റി ഷോയിലെ കോസ്റ്റ്യൂമുകൾ ചെയ്യുന്നത് താനല്ലെന്ന് അവർ വ്യക്തമാക്കി. തുടർന്ന്, പ്രവീൺ വർമ്മ എന്ന സ്റ്റൈലിസ്റ്റാണ് ഷോയ്ക്കായി മോഹൻലാലിന്റെ വേഷങ്ങൾ ഒരുക്കുന്നത് എന്ന വിവരം പുറത്തുവന്നു. ലളിതവും പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ ലുക്കാണ് ഇത്തവണ ഒരുക്കുന്നതെന്ന് പ്രവീൺ വർമ്മ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നെങ്കിലും, നിലവിലെ ഡിസൈൻ വിവാദത്തോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.