
ഇന്ത്യൻ സംഗീതലോകത്തെ അതികായയും ഭാരതരത്‌ന ജേതാവുമായ എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു. ‘എം.എസ്.- എ ലെഗസി ഓൺ സ്‌ക്രീൻ’ എന്ന് പേരിട്ടിരിക്കുന്ന ബഹുഭാഷാ പാൻ ഇന്ത്യൻ ബയോപിക്കിൽ രശ്മിക മന്ദാനയാണ് സുബ്ബുലക്ഷ്മിയായി വേഷമിടുന്നത്.
ചെന്നൈ മ്യൂസിക് അക്കാദമിയിൽ നടന്ന എം.എസ്. സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാർഷിക ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. പ്രമുഖ നടൻ കമൽഹാസൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. യുവസംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം അല്ലു അരവിന്ദ്, റോക്ക് ലൈൻ വെങ്കിടേഷ്, ബണ്ണി വാസു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
സംഗീതത്തിനും ഭാഷയ്ക്കും അതിരുകൾക്കുമപ്പുറം ലോകപ്രശസ്തി നേടിയ എം.എസ്. സുബ്ബുലക്ഷ്മി, ഭാരതരത്‌നയും മാഗ്‌സാസെ പുരസ്‌കാരവും ലഭിക്കുന്ന ആദ്യ ഗായികയാണ്. കൂടാതെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ കച്ചേരി അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംഗീതജ്ഞ എന്ന ചരിത്രനേട്ടവും ഇവർക്ക് സ്വന്തമാണ്. ‘കോക്‌ടെയ്ൽ 2’ ആണ് രശ്മികയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ‘രണബാലി’, ‘മൈസ’ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെതായി ഇനി റിലീസിനൊരുങ്ങുന്നത്.