“നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു”; സന്തോഷ് നായരുടെ വേർപാടിൽ മോഹൻലാൽ

','

' ); } ?>

നടൻ സന്തോഷ് നായരുടെ അകാല വേർപാടിൽ നോവുന്ന കുറിപ്പുമായി നടൻ മോഹൻലാൽ. ഏറെ വിഷമിപ്പിക്കുന്ന ഒരു ദുഃഖവാർത്തയാണ് ഇന്ന് രാവിലെ കേട്ടതെന്നും, കോളജുകാലം മുതൽ സൗഹൃദം സൂക്ഷിക്കുന്ന, ഏറെ അടുപ്പമുള്ള വ്യക്‌തിയാണ് സന്തോഷെന്നും മോഹൻലാൽ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“ഏറെ വിഷമിപ്പിക്കുന്ന ഒരു ദുഃഖവാർത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്‌തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജിൽ എൻ്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിൻ്റെ അകാലത്തിലുള്ള വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ.” മോഹൻലാൽ കുറിച്ചു.

എം.ജി കോളജിൽ മോഹൻലാലിൻ്റെ ജൂനിയറായിരുന്ന സന്തോഷ് നിരവധി സിനിമകളിലും താരത്തിനൊപ്പം പ്രവർത്തിച്ചു. 1986 ൽ ഇറങ്ങിയ യുവജനോത്സവം എന്ന സിനിമയിലെ നിസ്സാർ എന്ന പോസിറ്റീവ് റോൾ, “ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ ജാക്കിയുടെ വലംകയ്യായ ലോറൻസ് തുടങ്ങിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഒരിടവേളയ്ക്കു ശേഷം ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തത് മോഹൻലാൽ നായകനായ ‘ചന്ദ്രോത്സവത്തി’ലായിരുന്നു. നൂറിലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും സന്തോഷ് അഭിനയിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് നായരുടെ അപ്രതീക്ഷിത വേർപാട്. സന്തോഷ് നായരും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭ്രശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.