
വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും അവരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിർ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ നിയമിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 സ്കൂളുകളിൽ പദ്ധതിയുടെ ഭാഗമായി കാർഷിക ക്ലബ്ബുകൾ ആരംഭിക്കും. അടുത്ത അധ്യയനവർഷത്തോടെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.
കൃഷിയിൽ പങ്കാളികളാകുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. മലയാളികളുടെ പ്രിയനടൻ മോഹൻലാൽ പദ്ധതിയുടെ ഭാഗമാകുന്നതോടെ വലിയൊരു കാർഷിക മുന്നേറ്റത്തിന് തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾ വെർച്വൽ ലോകത്തെ സ്ക്രീനുകളിൽനിന്ന് മാറി മണ്ണിലേക്കിറങ്ങണമെന്നും ഓരോ കുട്ടിയും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങണമെന്നും മോഹൻലാൽ ആഹ്വാനം ചെയ്തു. കൃഷിയോട് തനിക്ക് പ്രത്യേക താല്പര്യമുണ്ടെന്നും വീടിനോട് ചേർന്ന് കൃഷി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, തന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന ‘വിശ്വശാന്തി ഫൗണ്ടേഷൻ’ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും വാഗ്ദാനം ചെയ്തു.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കും. ഉദ്യോഗസ്ഥർക്കായുള്ള രണ്ടു ദിവസത്തെ പരിശീലനം തിരുവനന്തപുരത്ത് പൂർത്തിയായിട്ടുണ്ട്.