‘ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ മോശം കമന്റുകൾ, ഇപ്പോഴത്തെ നായികമാർക്ക് പണവും പ്രശസ്തിയുമാണ് താല്പര്യം’; ഇനിയ

','

' ); } ?>

ഇപ്പോഴത്തെ തലമുറയിലെ നായികമാർക്ക് അഭിനയത്തോടല്ല, പണത്തോടും പ്രശസ്തിയോടുമാണ് കൂടുതൽ താല്പര്യമെന്ന് വിമർശിച്ച് നടി ഇനിയ. സിനിമയെയും കലയെയും എത്രത്തോളം ഇവർ പ്രാധാന്യത്തോടെ കാണുന്നുണ്ടെന്നതിൽ സംശയമുണ്ടെന്ന് വ്യക്തമാക്കിയ താരം, സാമ്പത്തിക ലാഭവും പ്രശസ്തിയും നേടി കുറച്ചു ചിത്രങ്ങൾക്ക് ശേഷം അഭിനയം നിർത്തിപ്പോകുന്നതാണ് പുതിയ തലമുറയുടെ രീതി എന്നും വിമർശിച്ചു. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തമിഴ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി തൻ്റെ അഭിപ്രായം തുറന്നടിച്ചത്.

ഗ്ലാമറസ് അല്ലെങ്കിൽ ഗ്ലോസ്സ് രംഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ചും ഇനിയ സംസാരിച്ചു. അത്തരം രംഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ ഒട്ടേറെ മോശം കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിൽ പിന്നീട് ഖേദിച്ചിട്ടില്ല. സ്കൂൾ കുട്ടികളടക്കമുള്ളവർ മോശമായി കാണുമെന്ന ഭയത്തിൽ അത്തരം തീരുമാനങ്ങളെ സമീപിച്ചിട്ടില്ലെന്നും, സ്ക്രിപ്റ്റ് വ്യക്തമായി മനസ്സിലാക്കി സംവിധായകനുമായി ചർച്ച ചെയ്ത ശേഷമാണ് ഇത്തരം രംഗങ്ങൾക്ക് സമ്മതം മൂളിയതെന്നും താരം കൂട്ടിച്ചേർത്തു.

അത്തരം രംഗങ്ങൾ സൗന്ദര്യാത്മകമായി അവതരിപ്പിച്ചതുകൊണ്ടാണ് താൻ അഭിനയിച്ച സിനിമകൾക്ക് അവാർഡുകൾ പോലും ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഇനിയ, കഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിക്കണം എന്നത് ഓരോ കലാകാരന്റെയും വ്യക്തിപരമായ താല്പര്യമാണെന്നും വ്യക്തമാക്കി. നയൻതാര കേന്ദ്രകഥാപാത്രമാകുന്ന ‘മൂക്കുത്തി അമ്മൻ 2’ ആണ് തിയേറ്ററുകളിലെത്തിയ ഇനിയയുടെ ഏറ്റവും പുതിയ ചിത്രം.

ഇനിയയുടെ വാക്കുകൾ

“ഞാൻ ഇഴുകി ചേർന്ന രം​ഗങ്ങളുള്ള സിനിമകളും അഭിനയിച്ചിട്ടുണ്ട്, അല്ലാത്ത സിനിമകളും അഭിനയിച്ചിട്ടുണ്ട്. ഇഴുകി ചേർന്ന രം​ഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ എനിക്കൊരുപാട് മോശം കമന്റുകൾ വന്നിട്ടുണ്ട്. എന്നുവച്ച് പിന്നീട് ഞാൻ അതിനെക്കുറിച്ച് ഓർത്ത് വിഷമിച്ചിട്ടില്ല.

ഞാൻ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല, ആ സീൻ ചെയ്തതു കൊണ്ട് സ്കൂളിൽ പഠിക്കുന്ന പിള്ളേരൊക്കെ എന്നെ മോശമായി കാണും… അങ്ങനെ ഒന്നും ഞാൻ വിചാരിച്ചിട്ടില്ല. ഒരിക്കലും ഞാനങ്ങനെ വിചാരിച്ചിട്ടില്ല. എന്റെ സമ്മതത്തോടെയാണ് ഞാനത് ചെയ്തത്. ഞാനെന്റെ സംവിധായകനുമായി അത് ചർച്ച ചെയ്തിട്ടും, ആ സ്ക്രിപ്റ്റ് പഠിച്ചിട്ടുമാണ് അത് ചെയ്യുന്നത്.

പക്ഷേ ഞാനങ്ങനെ ചെയ്ത പടങ്ങൾക്കെല്ലാം അവാർഡും കിട്ടിയിട്ടുണ്ട്. അത് സൗന്ദര്യാത്മകമായി ചെയ്യുന്നതു കൊണ്ടാണ് നമുക്ക് അവാർഡൊക്കെ കിട്ടുന്നതും. അതെങ്ങനെ അവതരിപ്പിക്കണം എന്നതൊക്കെ നമ്മുടെ താല്പര്യമാണ്. ഇപ്പോഴത്തെ ജനറേഷനിലുള്ള നായികമാർക്കൊന്നും അഭിനയത്തിൽ വലിയ ആത്മാർഥതയില്ല.

അവർക്ക് പ്രശസ്തിയും പണവുമാണ് ആവശ്യം. കുറച്ചു സിനിമ ചെയ്യുക, പൈസ ഉണ്ടാക്കുക, പ്രശസ്തിയിലേക്ക് പോവുക, താരമാവുക അതുകഴിഞ്ഞ് എല്ലാം നിർത്തി പോവുക എന്നതാണ് അവരുടെ രീതി. ഈ സിനിമ, അല്ലെങ്കിൽ കലയ്ക്ക് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന കാര്യം എനിക്കറിയില്ല. അത് ഓരോരുത്തരുടെ താല്പര്യവും കാഴ്ചപ്പാടുമാണ്.”