പ്രേക്ഷകരാണെല്ലാം..സ്വന്തം സിനിമയുടെ ട്രെയിലര്‍ നിലത്തിരുന്ന് കാണുന്ന ഇന്ദ്രന്‍സ്- വീഡിയോ

‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ ട്രെയിലര്‍ ലോഞ്ചിനിടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. താന്‍ സ്‌റ്റേജില്‍ നിന്നാല്‍ ട്രെയിലര്‍ കാണാന്‍ കാഴ്ച്ചക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് കരുതി നിലത്ത് കാലുകുത്തി ഇരുന്നാണ് ഇന്ദ്രന്‍സ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത്.

ഷാനു സമദ് ആണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ സംവിധായകന്‍. നാടുവിട്ട് ബോംബെയിലേക്ക് പോയ അബ്ദുള്ള 50 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്നതും തന്റെ പ്രണയിനിയായിരുന്ന അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് നടത്തുന്ന യാത്രകളുമാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിന്റെ പ്രമേയം. അറുപത്തിയഞ്ചാം വയസില്‍ തന്റെ പ്രണയിനിയെ തേടി അലയുന്ന അബ്ദുള്ളയായി എത്തുന്നത് ഇന്ദ്രന്‍സ് ആണ്.

രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, പ്രേം കുമാര്‍, മാമുക്കോയ, രചന നാരയണന്‍കുട്ടി, മീരാ വാസുദേവ്, മാലാ പാര്‍വ്വതി, ബാലു വര്‍ഗ്ഗീസ്, സാവിത്രി ശ്രീധരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ നിര്‍മ്മാണം.