സംയുക്ത ഇനി വില്ലത്തി

','

' ); } ?>

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സിലേക്ക് നടന്നുകയറിയ നായികയാണ് സംയുക്ത മേനോന്‍. തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത സംയുക്ത ദുല്‍ഖറിന്റെ നായികയായ് ഒരു യമണ്ടന്‍ പ്രേമകഥയിലുമെത്തി. ലില്ലി എന്ന ത്രില്ലറില്‍ വേഷമിട്ടതിന് പിന്നാലെ കല്‍കിയിലൂടെ ആദ്യമായി നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുകയാണ് സംയുക്ത. എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തിലും ടൊവീനോയ്‌ക്കൊപ്പം വേഷമിടുന്ന സംയുക്ത മേനോന്‍ പുതിയ സിനിമാ വിശേഷങ്ങള്‍, വായന തുടങ്ങീ തന്റെ ലോകത്തെ കുറിച്ച് സംസാരിയ്ക്കുന്നു…

  • പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് കല്‍കി. എക്‌സ്പീരിയന്‍സ്?

തീവണ്ടിക്ക് ശേഷം ഞങ്ങള്‍ ഒന്നിച്ച സിനിമ എന്ന രീതിയില്‍ കല്‍കി നല്ല എക്‌സ്പീരിയന്‍സായിരുന്നു. തീവണ്ടിയുടെ അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭരം ആണ് സംവിധായകന്‍. സീരീസ് പോലെയാണ് സംഭവിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്, ശ്രീനാഥ് രാജേന്ദ്രന്‍ കൂതറ ചെയ്തു, അസോസിയേറ്റായിരുന്ന ഫെലിനി തീവണ്ടി ചെയ്തു, വിനി വിശ്വലാല്‍ ആയിരുന്നു കൂതറയുടെയും തീവണ്ടിയുടേയും തിരക്കഥാകൃത്ത്, കല്‍കിയിലെത്തി നില്‍ക്കുമ്പോഴും ടൊവീനോ ഉള്‍പ്പെടെ ഇതേ ടീമിന്റെ തുടര്‍ച്ചയാണ് സംഭവിക്കുന്നത്. സിനിമയിലൂടെയാണ് എല്ലാവരും പരിചയപ്പെടുന്നതെങ്കിലും ഈ ചിത്രവും സൗഹൃദത്തില്‍ നിന്നുണ്ടാകുന്നതാണ്.

  • തീവണ്ടി, കല്‍കി, എടക്കാട് ബറ്റാലിയന്‍ ടൊവീനോയുടെ നായികയായുള്ള യാത്ര എങ്ങനെയുണ്ട്?

ടൊവീനോയ്‌ക്കൊപ്പം ചെയ്യുന്ന എല്ലാ സിനിമകളും വ്യത്യസ്തമായിരുന്നു. തീവണ്ടിയില്‍ ടൊവീനോയ്‌ക്കൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ ഒരുപാടുണ്ടായിരുന്നു. എന്നാല്‍ കല്‍കിയില്‍ പക്ഷേ ടൊവീനൊ നായകനും ഞാന്‍ വില്ലത്തിയുമാണ്. സൗഹൃദമുള്ളത് കൊണ്ട് ഒരു റീ ടേക്ക് വന്നാല്‍പോലും ഒന്നു കൂടെ ചെയ്ത് നോക്കാമെന്ന് പറയാനുള്ള സ്വാതന്ത്ര്യം ടൊവീനോയുമായുണ്ട്. എല്ലാവരോടും നന്നായി ഇടപെടുന്ന, സെറ്റില്‍ നേരത്തെയെത്തുന്ന, കഠിന്വാധ്വാനിയായ ഒരു വ്യക്തിത്വമാണ് ടൊവിനോയുടേത്. വായനയും, രാഷ്ട്രീയവും എന്ത് തന്നെയാണെങ്കിലും കൃത്യമായി നിലപാടുള്ള ആളാണ് ടൊവീനോ.

  • എടക്കാട് ബറ്റാലിയന്‍ ചിത്രീകരണത്തിനിടെയുള്ള ലഡാക്കിലേക്കുള്ള യാത്രാ അനുഭവങ്ങള്‍?

നല്ല രസമുള്ള അനുഭവമായിരുന്നു. ടൊവീനോ, ഭാര്യ ലിഡിയ ചേച്ചി എല്ലാവരുമുണ്ടായിരുന്നു. എനിയ്‌ക്കേറ്റവും ഇഷ്ടം ഇസയെയാണ്. ലഡാക്കില്‍ വെച്ചാണ് ഞങ്ങള്‍ നന്നായി അടുത്തിടപഴകുന്നത്. ഇസ മോള്‍ സംസാരിച്ചിരിയ്ക്കാന്‍ എനിയ്ക്ക് പറ്റിയ നല്ലൊരു കൂട്ടാണ് . മ്യൂസിക് സംവിധായകന്‍ കൈലാസ് മേനോന്‍ ആസൂത്രണം ചെയ്താണ് ആ വീഡിയോ ഒക്കെ എടുത്തത്. ഓക്‌സിജന്‍ കിട്ടാന്‍ പോലും ബുദ്ധിമുട്ടുള്ള കര്‍ത്തുങ്കലയിലാണ് അത് ചിത്രീകരിച്ചത്. ആ വീഡിയോയുടെ അവസാനം ഞാന്‍ ഓക്‌സിജന്‍, ഓക്‌സിജന്‍ എന്നു പറയുന്നത് കാണാം. ചിത്രീകരണത്തിനിടെ തന്നെ പുതിയ പുതിയ സ്ഥലങ്ങള്‍ കാണുന്ന എക്‌സ്പീരിയന്‍സുമുണ്ടായിരുന്നു.

  • വരാനിരിക്കുന്ന പുതിയ പ്രോജക്റ്റുകള്‍?

കല്‍കിക്ക് ശേഷം അണ്ടര്‍വേള്‍ഡ് റിലീസ് ചെയ്യും, പിന്നെ എടക്കാട് ബറ്റാലിയന്‍, പുതിയൊരു ചിത്രമുണ്ട് അനൗണ്‍സ് ചെയ്തിട്ടില്ല. അടുത്ത വര്‍ഷത്തെ ഒരു പ്രൊജക്റ്റ് അനൗണ്‍സ്ഡാണ്. കാസ്റ്റ്, ക്രൂ തീരുമാനിക്കുന്നതേയുള്ളു.

  • നടിയെന്ന രീതിയില്‍ തിരിച്ചറിയപ്പെട്ട മറക്കാനാവാത്ത അനുഭവം?

പത്മയില്‍ തീവണ്ടിയുടെ ആദ്യ ഷോ കഴിഞ്ഞ് ബാല്‍ക്കണിയിലെ സീറ്റില്‍ നിന്നെഴുന്നേറ്റപ്പോള്‍ വെളിച്ചമെല്ലാം തെളിഞ്ഞു, ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഞാന്‍ താഴെയുള്ളവരോടടക്കം കൈ വീശി കാണിച്ചപ്പോള്‍ തിരിച്ചു കിട്ടിയ പ്രതികരണമാണ് മറക്കാനാവാത്ത സംഭവം. ഒരു തിയേറ്ററിലെ മുഴുവന്‍ ആളുകളും തിരിച്ചറിഞ്ഞത് സന്തോഷം നല്‍കി. പുറത്ത് വന്നപ്പോഴും അതേ അവസ്ഥയായിരുന്നു. സിനിമ കണ്ട് തിയേറ്ററില്‍ നിന്ന് കിട്ടിയ ഈ അനുഭവം തന്നെയാണ് ഏറ്റവും മറക്കാനാവാത്ത ഒന്ന്.

  • ജീവാംശമായ്‌പോലുള്ള ഗാനം തന്ന പ്രേക്ഷക പിന്തുണ?

ഒരു സിനിമയിറങ്ങുന്നു, നേരം വെളുക്കുമ്പോഴേയ്ക്കും ആളുകള്‍ തിരിച്ചറിയുന്നു, ഒരു വെള്ളിയാഴ്ച്ച ജീവിതം മാറി മറയുന്നു എന്നൊക്കെ കേള്‍ക്കാനായിരുന്നു ആഗ്രഹം. പക്ഷേ പാട്ടിറങ്ങിയപ്പോഴേയ്ക്കും ഹിറ്റായി. അതുകഴിഞ്ഞ് യമണ്ടന്‍ പ്രേമകഥയും, അണ്ടര്‍വേള്‍ഡും വരുന്നു. അതുംകഴിഞ്ഞാണ് സിനിമയിറങ്ങുന്നത്. അതിന് ശേഷം പുറത്ത് പോകുമ്പോള്‍ പലരും തിരിച്ചറിയുന്നുണ്ട്. പതിയെ പതിയെയുള്ള വളര്‍ച്ച പോലെയാണ് അനുഭവപ്പെട്ടത്.

  • സിനിമയ്ക്കപ്പുറം വായനയാണ് ഇഷ്ടമേഖല?

വായിക്കാനിഷ്ടമാണ്. പക്ഷേ ഇപ്പോള്‍ ഒരു പുസ്തകം വായിച്ച് തീര്‍ക്കാന്‍ ഒരു മാസമൊക്കെയെടുക്കും. പണ്ട് ഒരു ദിവസമോ രണ്ട് ദിവസമോ അല്ലെങ്കില്‍ മാക്‌സിമം പോയാല്‍ ഒരാഴ്ച്ച കൊണ്ടോ വായിച്ചു തീര്‍ക്കുന്ന പുസ്തകങ്ങളാണ് ഇപ്പോള്‍ ഒരു മാസമെടുത്ത് പൂര്‍ത്തിയാക്കുന്നത്. ഇടവേളയെടുത്ത് വായിക്കുന്നത് കൊണ്ട് ആദ്യത്തെ ഭാഗം മറക്കും, പിന്നെയും ആദ്യം തൊട്ട് തുടങ്ങും. വായന നിര്‍ത്തി കഴിഞ്ഞാല്‍ അത് തിരിച്ച് പിടിയ്ക്കാന്‍ പാടാണെന്ന് കൊണ്ടത് വിട്ടിട്ടില്ല. എന്തെങ്കിലുമൊക്കെ വായിക്കാനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്.

  • ഏത് തരം പുസ്തകങ്ങളോടാണ് കൂടുതല്‍ താല്‍പര്യം?

ഇപ്പോള്‍ ഞാന്‍ കൂടുതല്‍ വായിക്കുന്നത് സ്പിരിച്ച്വല്‍ പുസ്തകങ്ങളാണ്. സ്പിരിച്ച്വലും റിലീജിയസ്സും രണ്ടും രണ്ടാണേ.. സത്യം പറഞ്ഞാല്‍ ജീവിത സിദ്ധാന്തങ്ങളാണ് ഇഷ്ടം. കഥാ വായന ഇപ്പോള്‍ ഭയങ്കര കുറവാണെന്ന് പറയാം. വായിച്ച പുസ്തകങ്ങള്‍ തന്നെ വീണ്ടും വീണ്ടും വായിക്കുന്ന സ്വഭാവമുണ്ട്. ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് മൂന്ന് തവണയെങ്കിലും വായിച്ചിട്ടുണ്ട്. മൂന്നും വായിക്കുന്നത് മൂന്ന് പ്രായത്തിലാണ്. മൂന്ന് പ്രായത്തിലും ആ പുസ്തകത്തിനെ കുറിച്ചുള്ള എന്റെ ധാരണകള്‍ വ്യത്യസ്ത തലത്തിലായിരുന്നു. അതില്‍ അമ്മുവാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.

  • വായിച്ചതില്‍ ഏറ്റവും ആകര്‍ഷിച്ചത്?

ആകര്‍ഷിച്ചതിലേറ്റവും പ്രധാനപ്പെട്ടത് ആല്‍ക്കെമിസ്റ്റാണ്. സാന്റിയാഗോ സൂര്യനോടും ചന്ദ്രനോടും സംസാരിക്കുന്നതാണേറ്റവും ഇഷ്ടപ്പെട്ട ഭാഗം.

  • സോഷ്യല്‍ മീഡിയയുമായുള്ള അടുപ്പം?

ജോലിയുടെ കൂടെ ഭാഗം എന്ന രീതിയില്‍ പ്രേക്ഷകരുമായി സംവദിക്കുന്നതിന്റെ ഭാഗമാണത്. നമ്മളെ കുറിച്ച് പ്രേക്ഷകരുടെ ഇഷ്ടമായാലും അനിഷ്ടമായാലും അത് നേരിട്ട് മനസ്സിലാക്കണം എന്ന് കരുതുന്ന ആളാണ് ഞാന്‍. അതേ സമയം വാട്ട്‌സ് ആപ്പിലൂടെ അങ്ങനെ ബന്ധം നിലനിര്‍ത്താത്ത ആളാണ്. അത് അത്യാവശ്യമുള്ള ആശയവിനിമയത്തിന് വേണ്ടിമാത്രമാണ് ഉപയോഗിക്കുന്നത്. സിനിമയുടെ പ്രചരണപരിപാടികള്‍ക്ക് ഇത്തരം സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്താറുണ്ട്.

  • നഷ്ടപ്പെടുത്തിയ കഥാപാത്രത്തെ കുറിച്ച് എപ്പോഴെങ്കിലും കുറ്റബാധം തോന്നിയ സംഭവം ഓര്‍മ്മയിലുണ്ടോ?

മുന്‍പ് ഒരു ഓഡീഷന് വേണ്ടി എന്നെ വിളിച്ചിരുന്നു. ഒരു ബന്ധു വഴിയാണ് എന്നെ വിളിച്ചത്. ഞാന്‍ ആ ഓഡീഷനില്‍ പങ്കെടുത്തില്ല. അത് വേറൊരാള്‍ അവതരിപ്പിച്ച് ഗംഭീരമായി. എനിയ്ക്ക് ഒരു പക്ഷേ ഓഡീഷനില്‍ കിട്ടിയില്ലെങ്കിലും കുഴപ്പമില്ലായിരുന്നു, പക്ഷേ ഞാനതില്‍ പങ്കെടുത്തില്ലല്ലോ എന്ന വിഷമമുണ്ട്.

  • സ്വപ്‌ന കഥാപാത്രം എന്നൊന്നുണ്ടോ? ആരെങ്കിലും ചെയ്ത കഥാപാത്രങ്ങള്‍ പോലൊന്ന് മനസ്സിലുണ്ടോ?

ഒരുപാട് പരീക്ഷണ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. കല്‍കിയിലൂടെ നെഗറ്റീവ് റോള്‍ ചെയ്യാനാഗ്രഹമുണ്ടായിരുന്നത് നടന്നു. കഥാപാത്രങ്ങളെ ഞാന്‍ നടി-നടന്‍മാരിലൂടെയാണ് നോക്കി കാണുന്നത്. മോശമായി ചെയ്താല്‍ നമുക്കത് പറയാം, പക്ഷേ, അത്യാവശ്യം നന്നായി ചെയ്താല്‍ അതാണ് ആ കഥാപാത്രം. ലോകത്ത് അനേകം മനുഷ്യരും വ്യത്യസ്ത സ്വഭാവങ്ങളുമുണ്ട്. എന്താണോ ആ നടന്‍ അവതരിപ്പിച്ചത് അതാണ് കഥാപാത്രം എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അത് ഇങ്ങിനെ ചെയ്യാമായിരുന്നു അങ്ങനെ ചെയ്യാമായിരുന്നു എന്ന് പറയുന്നതില്‍ കാര്യമില്ല. കഥയും അതുപോലെ തന്നെയാണ്. ഈ കഥ ഇങ്ങനെയാണ്…കഥയില്‍ മാറ്റം വരുത്തി കഴിഞ്ഞാല്‍ അത് വേറെ കഥയായി. ഇതെല്ലാം എന്റെയൊരു ധാരണയാണ്. എനിയ്ക്ക് താല്‍ പോലൊരു മ്യൂസിക്കല്‍ ഫിലിമില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ട്. ലാലാ ലാന്റ് പോലൊരു ചിത്രം. ത്രില്ലര്‍ ചെയ്തു, കോമഡി ശ്രമിയ്ക്കണമെന്നുണ്ട്. ഇതൊന്നും എന്റെ മാത്രമല്ല തിരക്കഥയുടെ ബലത്തിലും നല്ലൊരു മെയ്ക്കറുടെ കീഴിലുമാകുമ്പോള്‍ സന്തോഷം.