അഖിൽ എൻആർഡിയുമായുള്ള വിവാദങ്ങളിൽ വിശദീകരണവുമായി മേഘ നായർ; പുതിയ പങ്കാളി അനൂപിനൊപ്പമുള്ള ചിത്രം പുറത്തുവിട്ടു

','

' ); } ?>

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖിൽ എൻആർഡിയുമായുള്ള വിവാഹബന്ധത്തിലെ വിവാദങ്ങൾക്കിടെ, പുതിയ പങ്കാളി അനൂപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വ്യക്തത വരുത്തി മേഘ നായർ. അഖിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന വാർത്തകൾ ശരിവെച്ച മേഘ, ഉയർന്ന മറ്റു ആരോപണങ്ങൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ കൃത്യമായ മറുപടി നൽകുകയും ആദ്യമായി പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം പരസ്യമാക്കുകയും ചെയ്തു.

ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത് അനൂപിന്റെ കൂടെത്തന്നെയാണെന്ന് സ്ഥിരീകരിച്ച മേഘ, ഇതിന് പിന്നിൽ പുറത്തുപറയാൻ സാധിക്കാത്ത ചില വ്യക്തിപരമായ കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കി. അഖിലിന്റെ വീട്ടിൽ നിന്ന് സ്വർണവും മറ്റ് വസ്തുക്കളും കവർന്നാണ് പോയതെന്ന പ്രചാരണം പൂർണമായും തെറ്റാണെന്നും, സ്വന്തം സാധനങ്ങൾ മാത്രമാണ് കൈവശമുള്ളതെന്നും അവർ പറഞ്ഞു. ഇരുവിഭാഗവും തമ്മിൽ സ്വർണാഭരണങ്ങൾ പരസ്പരം കൈമാറി തിരിച്ചുനൽകിയിട്ടുണ്ടെന്നും മറ്റുള്ളവരുടെ യാതൊരു വസ്തുക്കളും കൈക്കലാക്കിയിട്ടില്ലെന്നും മേഘ കൂട്ടിച്ചേർത്തു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരസ്പരം കുറ്റപ്പെടുത്തലുകൾ ഉന്നയിക്കില്ലെന്ന് വ്യക്തമാക്കുന്ന കരാറിൽ ഇരുവരും ഒപ്പുവെച്ചിട്ടുണ്ട്. അതിനാൽ പൊതുമധ്യത്തിൽ ആരോപണങ്ങൾ ഉന്നയിക്കാൻ താല്പര്യമില്ലെന്നും സുഹൃത്തുക്കൾ എന്ന പേരിൽ ചിലർ നടത്തുന്ന പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും മേഘ ആവശ്യപ്പെട്ടു.

മുൻപ്, അർദ്ധരാത്രിയിൽ അഖിലിന്റെ വീട്ടിൽ നിന്ന് മേഘ ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്. പരീക്ഷാ കോച്ചിങ്ങിന് പോയിരുന്ന ബസിലെ കണ്ടക്ടറായ അനൂപിനൊപ്പമാണ് മേഘ പോയതെന്നായിരുന്നു പ്രധാന പ്രചാരണം. ഇൻസ്റ്റാഗ്രാം റീലുകളിലൂടെ വൻ പ്രേക്ഷക ശ്രദ്ധ നേടിയ ഇരുവരും 2024-ലായിരുന്നു വിവാഹിതരായത്. സംഭവത്തിനു ശേഷം അഖിലും പുതിയ വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിട്ടുണ്ട്. ഇരുവരും തമ്മിൽ ഔദ്യോഗികമായി വിവാഹമോചനം നേടിയോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.