റെക്കോര്‍ഡ് റിലീസിനൊരുങ്ങി മരക്കാര്‍

മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത വലിയ കാന്‍വാസിലൊരുങ്ങുന്ന മരക്കാര്‍ അറബി കടലിന്റെ സിംഹം മാര്‍ച്ച് 26 ന് തീയറ്ററുകളില്‍ എത്തും. കേരളത്തിലെ തൊണ്ണൂറ് ശതമാനം തീയറ്ററുകളും മരക്കാര്‍ കയ്യടക്കും. അഞ്ഞൂറിലധികം സ്‌ക്രീനുകള്‍ നിലവില്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഫാന്‍സ് ഷോയുടെ കാര്യത്തിലും മരക്കാര്‍ റെക്കോഡിടും. ഏറ്റവും ഒടുവില്‍ വരുന്ന റിപോര്‍ട്ടുകള്‍ അനുസരിച്ചു നാനൂറിലധികം ഫാന്‍സ് ഷോകള്‍ ഇതിനോടകം മരക്കാരിന് വേണ്ടി ബുക്കിംഗ് കഴിഞ്ഞു. ഫാന്‍സ് ഷോക്ക് മുന്നോടിയായി ചിലയിടങ്ങളില്‍ ഡി ജെ നൈറ്റ്, വര്‍ണ കാഴ്ച, ശിങ്കാരി മേളം എന്നിവയും ഒരുക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ ആഘോഷങ്ങളുടെ പൂരം തന്നെ അരങ്ങേറുമെന്നു പ്രതീക്ഷിക്കാം. രാത്രി 12 നാണ് ഫാന്‍സ് ഷോ തുടങ്ങുന്നത്.

റിലീസിന് മുന്‍പേ തന്നെ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന തിരക്കിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകകരും ആരാധകരും. അഞ്ചു ഭാഷയിലായി അന്‍പതിലേറെ രാജ്യങ്ങളില്‍ അയ്യായിരത്തിലധികം സ്‌ക്രീനുകളിലാണ് സിനിമയെത്തുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമാണ് മരക്കാര്‍. ഇതിനോടകം തന്നെ മരക്കാര്‍ ട്രെയ്‌ലര്‍ നാല് ഭാഷകളിലായി വണ്‍ മില്ല്യന്‍ പിന്നിട്ടു. 100 കോടി ബഡ്ജറ്റില്‍ ആശിര്‍വാദ് സിനിമാസിനൊപ്പം കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമായാണ് മരക്കാര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഒരു മലയാള സിനിമയ്ക്ക് ഇന്നുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്ന്ന തുകയ്ക്കാണ് സിനിമയുടെ ഗള്ഫ് വിതരണാവകാശം വിറ്റുപോയത്. 2019 മാര്‍ച്ച് 28 ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ 200 കോടി ഗ്ലോബല്‍ കളക്ഷന്‍ എന്ന റെക്കോര്‍ഡ് മരക്കാര്‍ തിരുത്തികുറിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും. 500 കോടി രൂപയുടെ ബിസിനസ് ആണ് മരക്കാര്‍ ലക്ഷ്യമിടുന്നത്.

സൈന ഓഡിയോസ് ആണ് മരക്കാരിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്താമാക്കിയിരിക്കുന്നത്. തുക എത്രയെന്നു നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ഓഡിയോ റൈറ്റ്‌സിലും മരക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു എന്നാണു റിപോര്‍ട്ടുകള്‍. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും സൈനക്ക് തന്നെയാണ് മരക്കാരിന്റെ ഓഡിയോ റൈറ്റ്‌സ്. അണിയറ പ്രവര്‍ത്തകരുടെ കാര്യത്തിലും ഒരുപിടി പ്രത്യേകതകളുണ്ട് . മാര്‍വല്‍ സിനിമകള്‍ക്ക് വി എഫ് എക്‌സ് ഒരുക്കിയ അനിബ്രയിന്‍ ആണ് മരക്കാരിനു വി എഫ് എക്‌സ് ഒരുക്കുന്നത്. ഹോളിവുഡ് ലെവലില്‍ ഉള്ള ദൃശ്യാനുഭവം പ്രതീക്ഷിക്കാം. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം. ഇന്ത്യയിലെ ആദ്യ നാവിക കമാന്‍ഡര്‍ എന്ന് അറിയപ്പെടുന്ന പോര്‍ച്ചുഗീസ് കോളനിവിരുദ്ധ പോരാളിയായ കുഞ്ഞാലി മരക്കാരുടെ ജീവിതം പറയുന്ന ചിത്രം ഇന്ത്യന്‍ നേവിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഫാന്റസിയും ചരിത്രവും ഇടകലര്‍ന്ന മാസ് എന്റര്‍ടെയിനറാണ് മരക്കാര്‍ എന്നാണ് പ്രിയദര്‍ശന് പറയുന്നത്.

പ്രിയദര്‍ശനും അനി ഐ. വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തിരുനാവുക്കറസു ആണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍, മധു, സിദ്ദിഖ്, നെടുമുടിവേണു, മഞ്ജുവാര്യര്‍, പ്രഭു, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി ത്യാഗരാജന്‍, കസു നെഡ, സംഗത് മംഗ്പുത് എന്നിവര്‍ നിര്‍വഹിക്കുന്നു.