‘മരക്കാര്‍’: തര്‍ക്കത്തില്‍ ഇടപെട്ട് സജി ചെറിയാന്‍

‘മരക്കാര്‍’ചിത്രവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ട് മന്ത്രി സജി ചെറിയാന്‍. തീയറ്ററുടമകളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും മന്ത്രി ഇന്ന് ചര്‍ച്ച നടത്തും.നേരത്തെ ചിത്രത്തിനായി 50 കോടി അഡ്വാന്‍സാണ് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നത്. പിന്നീട് ഇത് 25 കോടിയായി കുറച്ചിരുന്നു.

ആന്റണി ചോദിക്കുന്ന തുക ഒരു കാരണവശാലും നല്‍കാനാവില്ലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ അറിയിക്കുകയായിരുന്നു. പരമാവധി നല്‍കാനാവുന്ന തുക 15 കോടിയാണ്. അത് തന്നെ കടമെടുക്കുന്നതിന്റെ പരമാവധി കഴിഞ്ഞാണ്. അതില്‍ നിന്ന് ഒരു രൂപ പോലും കൂടുതലായി നല്‍കാനാവില്ലെന്നായിരുന്നു വിജയകുമാര്‍ പറഞ്ഞത്. അതേസമയം ഫിയോക് ഈ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കിയിരുന്നു. മരയ്ക്കാര്‍ എന്ന ചിത്രം ഇനി തീയറ്ററുകള്‍ വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആന്റണി തീയറ്റര്‍ ഉടമകളുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഒടിടിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു.

അതേസമയം ഒരു ഡോസ് കോവിഡ് വാക്സിനെടുത്തവരെയും തീയറ്ററില്‍ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ച് കോവിഡ് അവലോകന യോഗം ഇന്ന് ചേരും. സിനിമാ സംഘടനകള്‍ ഈ ആവശ്യം നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.തീയറ്ററുകള്‍ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിനോദ നികുതിയില്‍ ഇളവ് വേണമെന്ന തീയറ്റര്‍ ഉടമകളുടെ ആവശ്യവും യോഗം ഇന്ന് ചര്‍ച്ചചെയ്യും.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. 2020 മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു. പിന്നീട് പല റിലീസ് തിയതികള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു പല കാരണങ്ങളാല്‍ അതൊന്നും നടന്നില്ല.മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിന് ലഭിച്ചിരുന്നു.