ഇത് നീതിയ്ക്ക് വേണ്ടിയുള്ള ശബ്ദം

ത.സെ ഗണവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ജയ് ഭിം റിലീസായിരിക്കുന്നു. ആമസോണ്‍ െ്രെപമിലൂടെയാണ് ചിത്രം റിലീസായിരിക്കുന്നത്. രണ്ടേമുക്കാല്‍ മണിക്കൂറുള്ള ചിത്രം കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ്. പരിയേറും പെരുമാള്‍, വിസാരണൈ, കര്‍ണ്ണന്‍, അസുരന്‍ തുടങ്ങീ ദളിത് ജീവിതങ്ങളെ അടയാളപ്പെടുത്തിയ മനോഹരമായ ചിത്രങ്ങളുടെ പട്ടികയിലേക്ക് എടുത്തുവെയ്ക്കാവുന്ന ചിത്രമാണ് ജയ് ഭീം. സൂര്യ എന്ന താരത്തെ മുന്‍നിര്‍ത്തിയെടുത്ത ചിത്രമല്ല എന്നതും സൂപ്പര്‍ താരത്തിന് വേണ്ടി തിരക്കഥയില്‍ യാതൊരു മാറ്റവും വരുത്തിയില്ല എന്നതുമാണ് ജയ് ഭീമിനെ ശ്രദ്ധേയമാക്കുന്നത്. അരികുവത്കരിക്കപ്പെട്ട ദളിതരുടെ പൊള്ളുന്ന ജീവിതം നീറുന്ന വേദനയായി അടയാളപ്പെടുത്തുന്ന ചിത്രം നിര്‍മ്മിക്കാന്‍ സൂര്യ തന്നെ തയ്യാറായി എന്നതും എടുത്ത് പറയേണ്ടുന്ന ഒന്നാണ്. റേഷന്‍ കാര്‍ഡില്‍ പാലും പേരില്ലാത്ത, വോട്ടേഴ്‌സ് ലിസ്റ്റിലുള്‍പ്പെടാത്ത, നിയമത്തിന്റെ കണ്ണില്‍ പോലും പെടാത്ത പുഴുക്കളെ പോലെ ജീവിച്ച് മരിയ്ക്കുന്ന ദളിതന്റെ സങ്കടങ്ങള്‍ ഓരോ ഫ്രെയ്മിലും കണ്ണീര്‍ചിത്രം പോലെ വരച്ചുകാട്ടിയുണ്ട് ഗണവേല്‍. അധികാരവും, പണവും ജാതിയുമെല്ലാം എത്രമേല്‍ ദുഷ്‌കരമാക്കുന്നുണ്ട് ദളിതരുടെ ജീവിതങ്ങള്‍ എന്ന് ചിത്രം കാണിയ്ക്കുന്നു.

ചിത്രം തുടങ്ങീ ആദ്യ അരമണിക്കൂറില്‍ തന്നെ പ്രേക്ഷകരെ കഥ നടക്കുന്ന പശ്ചാതലത്തിലേക്കെത്തിക്കാന്‍ സംവിധായകനായി. പിന്നീടങ്ങോട്ട് പൊള്ളുന്ന കാഴ്ച്ചകളാല്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ കടന്നുപോകുന്നതറിയാത്തവിധം പാക്ക്ഡ് ആയാണ് ചിത്രമൊരുക്കിയിട്ടുള്ളത്. ചത്രത്തിന്റെ കാസ്റ്റിംഗാണ് എടുത്ത് പറയേണ്ടുന്ന ഒന്ന്. നിരവധി മലയാള സിനിമകളിലെത്തിയിട്ടും ജയ് ഭീം വേണ്ടി വന്നു ലിജോ മോള്‍ ജോസ് എന്ന അഭിനേത്രിയുടെ മികവ് അടയാളപ്പെടുത്താന്‍. ഓരോ ഫ്രെയ്മിലും കത്തുന്ന ഉമി തീ പോലെ വേവുന്ന ദളിത് സ്ത്രീയായി ജീവിക്കുകയായിരുന്നു ലിജോ. സിനിമതീര്‍ന്നിട്ടും പ്രേക്ഷകനെ വിടാതെ ലിജോമോളുടെ കഥാപാത്രം പിന്തുടരുന്നുണ്ട്. മുന്‍നിര നടിമാരുടെ കൂട്ടത്തിലേയ്ക്ക് തന്നെ ചേര്‍ത്ത് വെയ്ക്കാന്‍ പറ്റുന്ന താരമാണ് താരമാണെന്ന് ലിജോ തന്റെ പ്രകടനം കൊണ്ട് തെളിയിച്ചു. ലിജോയുടെ ഭര്‍ത്താവായെത്തിയ മണികണ്ഠന്‍ മറ്റൊരു പ്രതിഭയാണ്. രാജേന്ദ്രന്‍, എം സിന്‍രസ്ുള്‍പ്പെടെ ദളിതരായെത്തിയ കഥാപാത്രങ്ങള്‍ എല്ലാം തന്നെ മികവാര്‍ന്ന റിയലിസ്റ്റിക് അഭിനയമാണ് കാഴ്ച്ചവെച്ചത്. ലിജോയെ കൂടാതെ രജിഷവിജയന്‍, സിബി തോമസ് എന്നിവരും വെക്കം വിജയലക്ഷ്മിയുടെ ഒരു ഗാനവും മലയാളത്തിന്റെ സാന്നിധ്യമായുണ്ട്. ചിത്രത്തില്‍ പ്രകാശ് രാജ്, തമിഴ് തുടങ്ങീതാരങ്ങളെല്ലാം തന്നെ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തി.

വിസാരണൈയ്ക്ക് ശേഷം ലോക്ക് അപ്പ് മര്‍ദ്ധനത്തിന്റെ തീവ്രതയുള്‍പ്പെടെ അടയാളപ്പെടുത്തിയ എസ്. ആര്‍ കതിര്‍ ഐ എസ് സിയുടെ ഛായാഗ്രഹണം മികവും അഭിനന്ദനമര്‍ഹിക്കുന്നു. ഫിലോമിന്‍ രാജാണ് ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്ലാസ് ചിത്രമായ ജയ് ഭീമിന്റെ സീന്‍ റോള്‍ഡന്റെ സംഗീതം ആദ്യാവസാനം പ്രേക്ഷകനെ വിടാതെ പിന്തുടരുന്നുണ്ട്. ആരാലും പരിഗണിക്കപ്പെടാത്ത ദളിതരുടെ ജീവിതങ്ങള്‍ ഇപ്പോഴും പെരുമഴയത്ത് തന്നെയാണെന്ന് ഉറക്കെ വിളിച്ചു പറയുന്ന ചിത്രം നീതിയ്ക്ക് വേണ്ടിയുള്ള ശബ്ദം ഉയരണമെന്ന് ഓര്‍മ്മപ്പെടുത്തിയാണ് അവസാനിക്കുന്നത്. ചിത്രമവസാനിക്കുന്ന അവസാന ഫ്രെയ്മില്‍ പോലും ഒരു സംഭാഷണം പോലുമില്ലാതെ ഗണവേല്‍ അത് ശക്തമായി തന്നെ കാണിച്ചു തരുന്നുണ്ട്.