
പാർവതി തിരുവോത്ത്, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2019-ൽ പുറത്തിറങ്ങിയ ‘ഉയരെ’ എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കടുത്ത നെഗറ്റീവ് സ്വഭാവമുള്ള ‘ഗോവിന്ദ്’ എന്ന കഥാപാത്രത്തെ ആസിഫ് ഏറ്റെടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ മനു അശോകൻ. ദ് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
‘സൺഡേ ഹോളിഡേ’ പോലെയുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ‘അയൽവക്കത്തെ പയ്യൻ’ എന്ന ഇമേജിൽ നിൽക്കുന്ന ഒരു താരം ഇത്തരം ഒരു നെഗറ്റീവ് വേഷം ചെയ്യുമോ എന്ന് തങ്ങൾക്ക് വലിയ സംശയമായിരുന്നുവെന്ന് മനു അശോകൻ പറഞ്ഞു. സാധാരണ വില്ലൻ വേഷങ്ങൾ ചെയ്യുന്ന ഒരാളാണ് ഗോവിന്ദിനെ അവതരിപ്പിച്ചിരുന്നതെങ്കിൽ ആ കഥാപാത്രത്തിന് ഇത്രയും സ്വാധീനം ഉണ്ടാകുമായിരുന്നില്ല. അതിനാൽ തന്നെയാണ് ആസിഫിനെ സമീപിച്ചത്.
സിനിമയിലെ ആസിഡ് ഒഴിക്കുന്ന രംഗത്തിന്റെ കഥ കേട്ടപ്പോൾ ആസിഫ് ഏറെ ഞെട്ടിപ്പോയിരുന്നു. കരിയറിനെ ബാധിക്കുമെന്നും ഇത്തരം നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യരുതെന്നും മറ്റു പലരും ആസിഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തന്റെ ഉള്ളിലെ താരത്തേക്കാൾ ഉപരി അഭിനേതാവിന് പ്രാധാന്യം നൽകിയതിനാലാണ് ആ സമയത്ത് കരിയറിന്റെ തിളക്കത്തിൽ നിന്നിട്ടും ആസിഫ് ഈ വെല്ലുവിളി നിറഞ്ഞ വേഷത്തിന് സമ്മതം മൂളിയതെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
മനു അശോകന്റെ വാക്കുകൾ
“ഒരിക്കലും ആസിഫ് അത് ചെയ്യില്ല എന്ന ഉറപ്പിലാണ് നമ്മൾ പോകുന്നത്. ഗോവിന്ദ് എന്ന് പറഞ്ഞ കഥാപാത്രത്തെ നിരന്തരമായി വില്ലൻ ചെയ്യുന്ന ഒരാളാണ് അഭിനയിച്ചിരുന്നതെങ്കിൽ ഒരിക്കലും ആ കാരക്ടറിന് ഇംപാക്ട് ഉണ്ടാകില്ല. പക്ഷേ, നമ്മുടെ അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജുള്ള ഒരാൾ, അതിനു മുൻപ് സൺഡേ ഹോളിഡേ പോലെയുള്ള ഭയങ്കര ഹിറ്റുകൾ ചെയ്തിട്ടുള്ള ഒരു നായകൻ ഇതുപോലെ ഒരു കഥാപാത്രം ചെയ്യുമോ എന്നുള്ള ചോദ്യം ഞങ്ങൾ പരസ്പരം തന്നെ ഒരു നൂറ് പ്രാവശ്യം ചോദിച്ച ചോദ്യമായിരുന്നു.
എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചാണ് ആസിഫിനെ സമീപിച്ചത്. ഇത്രയും നെഗറ്റീവ് ആണ്, ഗ്രേഡ് എക്സ്ട്രീം ആണ്, പക്ഷേ ആസിഫ് ഒരു പെർഫോമർ എന്ന രീതിയിലാണ് അത് തിരിച്ചറിഞ്ഞത്, സ്റ്റാർ ആയിട്ടല്ല. ബോബിച്ചേട്ടൻ ആ സീൻ പറയുമ്പോൾ അത് നറേറ്റ് ചെയ്യുമ്പോൾ ആസിഫ് ഭയങ്കര ഷോക്കായി പോയി. ആസിഡ് ഒഴിക്കുന്നത് എക്സ്പെക്റ്റ് ചെയ്യുന്നില്ലല്ലോ.
മാക്സിമം അടിക്കും അല്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്യും. ആസിഡ് ഒഴിക്കുക എന്ന് പറയുന്നത് നമുക്ക് അത്ര പരിചിതമായിട്ടുള്ള ഒരു കാര്യമല്ല. ആസിഫ് ഭയങ്കര ഷോക്കായി സംശയത്തിലും ആയിരുന്നു. ആസിഫിനേക്കാൾ സംശയത്തിലായത്സ ആസിഫുമായി ബന്ധമുള്ള മറ്റു പലരും ആയിരുന്നിരിക്കാം എന്നെനിക്ക് തോന്നിയിട്ടുണ്ട്.
പലരും പറഞ്ഞിട്ടുണ്ട് ആസിഫിനോട് അത് ചെയ്യരുത്, നെഗറ്റീവ് ആണ്, പ്രശ്നമാകും പിന്നെ അങ്ങോട്ട് ഫുൾ ഗ്രേ ആകുമെന്നൊക്കെ. പക്ഷേ അയാളുടെ ആക്ടറിനാണ് അവിടെ പുള്ളി മുൻതൂക്കം കൊടുത്തത്. അല്ലെങ്കിൽ ഒരിക്കലും ആസിഫിനെ പോലെ ആ സമയത്ത് നിൽക്കുന്ന ഒരു ആക്ടർ യെസ് പറയില്ല.”