‘സെക്കൻഡ് ഹീറോയിൻ ആയെന്ന് നവ്യ, പറ്റില്ലെങ്കിൽ വേറെയാളെ വയ്ക്കുമെന്ന് ഞാൻ; ‘ഗ്രാമഫോണി’നെ കുറിച്ച് കമൽ

','

' ); } ?>

കമൽ സംവിധാനം ചെയ്ത ‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ റോളിനെക്കുറിച്ച് നവ്യ നായർക്കുണ്ടായിരുന്ന അമർഷത്തെക്കുറിച്ചും, അതിനോട് താൻ അന്ന് പ്രതികരിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് സംവിധായകൻ കമൽ. ‘പോർട്രയ്റ്റ്സ് ബൈ ഗദ്ദാഫി’ എന്ന പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മീര ജാസ്മിനും നവ്യ നായരും നായികമാരായെത്തിയ ‘ഗ്രാമഫോൺ’ റിലീസിന് ശേഷം തനിക്ക് പ്രാധാന്യം കുറഞ്ഞ കഥാപാത്രമാണ് ലഭിച്ചതെന്നും സെക്കൻഡ് ഹീറോയിനെപ്പോലെ തോന്നിപ്പിച്ചെന്നുമുള്ള തരത്തിൽ നവ്യയുടെ പരിഭവം വാർത്തകളിൽ ഇടംനേടിയിരുന്നു. എന്നാൽ, ചിത്രത്തിലെ കഥാപാത്രങ്ങൾ പരസ്പരം മാറ്റിയെടുക്കാൻ കഴിയുന്നവയായിരുന്നില്ലെന്ന് കമൽ ഓർമിപ്പിക്കുന്നു. മീര ജാസ്മിന്റെ റോൾ നവ്യയ്ക്കോ നവ്യയുടേത് മീരയ്ക്കോ നൽകാൻ കഴിയില്ലായിരുന്നുവെന്നും, ആ കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പകരം മറ്റൊരാളെ കണ്ടെത്തുക മാത്രമായിരുന്നു ഏക വഴിയെന്നും കമൽ പറഞ്ഞു.

ഇക്കാര്യം നവ്യയോട് നേരിട്ട് വ്യക്തമാക്കിയതോടെ ആ വിഷയം അവിടെ അവസാനിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഷൂട്ടിങ് സമയത്ത് ഇത്തരം ചിന്തകൾ ഉണ്ടാകുന്നത് ഏത് മനുഷ്യനിലും സ്വാഭാവികമാണെന്നും, അതിനപ്പുറം യാതൊരുവിധ അസ്വാരസ്യങ്ങളും തങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്നും കമൽ വ്യക്തമാക്കി.

കമലിന്റെ വാക്കുകൾ

“ചില അഭിനേതാക്കൾക്ക് മാത്രമേ ആ പരിഭവം ഉണ്ടാവുകയുള്ളൂ. നവ്യയ്ക്ക് അങ്ങനെ ഉണ്ടായിരുന്നു എന്നത് സത്യമാണ്. നവ്യ അത് പറയുകയും ചെയ്തു. അത് പറഞ്ഞു കഴിഞ്ഞ് പിന്നെ തീർന്നു. മീര ജാസ്മിന് വച്ച റോൾ നവ്യയ്ക്ക് കൊടുക്കുകയും നവ്യയ്ക്ക് വച്ച റോൾ മീര ജാസ്മിന് കൊടുക്കാനും പറ്റില്ല. നവ്യയ്ക്ക് ഈ റോൾ ചെയ്യാൻ പറ്റില്ലെങ്കിൽ നവ്യയെ മാറ്റിയിട്ട് വേറൊരാളെ വയ്ക്കാൻ മാത്രമേ അതിനകത്തൊരു ഓപ്ഷൻ ഉള്ളൂ.

അത് നിങ്ങൾക്ക് തീരുമാനിക്കാം. പിന്നെ ഒന്നും പറഞ്ഞില്ല. ഷൂട്ടിങ് സമയത്ത്, ചില സീനുകളൊക്കെ എടുക്കുമ്പോൾ ഇങ്ങനെ തോന്നുമല്ലോ. അത് സ്വാഭാവികമാണ്, ഏത് മനുഷ്യനും ഉണ്ടാകുന്ന ഒരു കാര്യമാണ്. അല്ലാതെ വേറെയൊരു പരിഭവവും ഉണ്ടായിട്ടില്ല”.-