
സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി മഞ്ജു പത്രോസ് തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളെക്കുറിച്ചും തുടർന്നുണ്ടായ ദുരഭവങ്ങളെക്കുറിച്ചും തുറന്നുപറയുന്നു. സമൂഹ മാധ്യമങ്ങളിലെ മോശം കമന്റുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും എതിരെ നിയമപരമായി മുന്നോട്ടുപോയെങ്കിലും നീതി വൈകുന്നതും പൊലീസിന്റെ നിസ്സഹകരണവും തന്നെ മാനസികമായി തളർത്തിയെന്ന് താരം വ്യക്തമാക്കുന്നു.
തന്റെ ഒരു വീഡിയോയ്ക്ക് താഴെ ‘ഇവൾ കെഎസ്ആർടിസി വെടിയാണ്’ എന്ന് അപകീർത്തികരമായ കമന്റ് ഇട്ടയാൾക്കെതിരെയാണ് മഞ്ജു ആദ്യമായി പരാതി നൽകിയത്. ഫോർട്ട് കൊച്ചി സ്വദേശിയായ പ്രതി പിന്നീട് മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയെങ്കിലും ഒത്തുതീർപ്പിന് താരം തയ്യാറായില്ല. എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും ആ കേസിന്റെ വിചാരണ പോലും പൂർത്തിയായിട്ടില്ലെന്നും, താൻ മരിക്കുമ്പോഴേക്കും ഇതിന് വിധി വരുമായിരിക്കുമെന്നും മഞ്ജു നിരാശയോടെ പറയുന്നു.
ഇതിനിടയിൽ ശരീരഭാഗങ്ങൾ വികലമാക്കി സ്ലോ മോഷനിൽ പ്രചരിപ്പിച്ച മറ്റൊരു സംഭവത്തിലും നടി സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രതിയുടെ ഐപി അഡ്രസ് കർണാടക-തമിഴ്നാട് ബോർഡറിലാണെന്നും, അവിടം വരെ പോയി പിടികൂടാൻ സൈബർ സെല്ലിന്റെ കയ്യിൽ പണമില്ലെന്ന തരത്തിലുള്ള മറുപടിയാണ് അധികാരികളിൽ നിന്ന് ലഭിച്ചതെന്ന് മഞ്ജു വെളിപ്പെടുത്തുന്നു. പണമോ സ്വാധീനമോ ഇല്ലാത്ത സാധാരണക്കാർ ഇത്തരം അതിക്രമങ്ങൾ സഹിച്ച് ജീവിക്കേണ്ട അവസ്ഥയാണെന്നും, സൈബർ സെൽ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.